ദേശീയപാത 66 ൽ രാത്രി കാഴ്ച മറയില്ല; മീഡിയനുകളിൽ ആന്റിഗ്ലെയർ റിഫ്ലക്ടറുകൾ സ്ഥാപിക്കും
Mail This Article
കാസർകോട്∙ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന ദേശീയപാതയിലൂടെ രാത്രിയിൽ വാഹനമോടിക്കുമ്പോൾ എതിരെ വരുന്ന വാഹനങ്ങളുടെ ഹെഡ്‌ലൈറ്റ് വെളിച്ചം നിങ്ങളുടെ കാഴ്ച മറയ്ക്കുന്നു എന്നത് പ്രയാസമാകുന്നുണ്ടോ? ആശങ്കപ്പെടേണ്ട, ഇതു പരിഹരിക്കാൻ ദേശീയപാത മീഡിയനുകളിൽ ആന്റിഗ്ലെയർ റിഫ്ലക്ടറുകൾ സ്ഥാപിക്കും. തലപ്പാടി മുതൽ ചെർക്കള വരെയുള്ള ഒന്നാം റീച്ചിൽ പണി പൂർത്തിയായ ദേശീയപാതയിൽ മധ്യത്തിൽ നിർമിച്ച മീഡിയനുകളുടെ ഉയരം 1.1മീറ്റർ മാത്രമാണ്. അതിനാൽ എതിരെ വരുന്ന വാഹനങ്ങളുടെ പ്രകാശം വാഹനമോടിക്കുന്ന ഡ്രൈവറുടെ കണ്ണിലേക്ക് നേരിട്ട് പതിക്കും. ഇതു കാരണം രാത്രിയിൽ ഡ്രൈവിങ്ങിന് പ്രയാസം അനുഭവപ്പെടും.
ടാങ്കർ അടക്കമുള്ള വാഹനങ്ങൾ പലപ്പോഴും ഹെഡ്‌ലൈറ്റുകളിൽ വലിയ പ്രകാശം വിതറി കടന്നു പോകുമ്പോൾ മറു ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് റോഡ് കാണാൻ സാധിക്കാത്ത സ്ഥിതി ഉണ്ടാകുന്നു. വളവുകളിലാണ് ഇത് പ്രധാനമായും പ്രശ്നമുണ്ടാക്കുന്നത്. ഇത് അപകടത്തിനും കാരണമാകുന്നു. ജില്ലയിൽ നിലവിൽ കാസർകോട് – ചെർക്കള ദേശീയപാത 66 വികസനം അവസാന ഘട്ടത്തിലാണ്. ആന്റിഗ്ലെയർ റിഫ്ലക്ടർ സ്ഥാപിക്കുന്നതിന് അനുമതി ലഭ്യമാക്കാനുള്ള നടപടികളിലാണ് അധികൃതർ.
എന്താണ് ആന്റിഗ്ലെയർ റിഫ്ലക്ടർ?
രാത്രി സമയത്ത് എതിരെ വരുന്ന വാഹനങ്ങളുടെ ഹെഡ്‌ലൈറ്റ് പ്രകാശം ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്നതു പരിഹരിക്കുന്നതിനുള്ള സംവിധാനമാണ് ആന്റിഗ്ലെയർ റിഫ്ലക്ടറുകൾ. ഇരു ദിശകളിലേക്കുമുള്ള പാതയുടെ മധ്യത്തിലെ മീഡിയനിലാണ് ഇവ സ്ഥാപിക്കുന്നത്. പ്രത്യേക കോട്ടിങ് ഉപയോഗിച്ചുള്ള പ്ലാസ്റ്റിക്, അലുമിനിയം എന്നിവ ഉപയോഗിച്ചുള്ള പാനലുകൾ പ്രത്യേക മാതൃകയിലാണ് ഇവ നിർമിക്കുന്നത്. പൊതുവേ പച്ച നിറവും മഞ്ഞ നിറവും ഉപയോഗിച്ചാണ് ഇവയുടെ ഡിസൈൻ.
പ്രകാശനിയന്ത്രണം എങ്ങനെ?
റെട്രോ– റിഫ്ലക്റ്റീവ് സാങ്കേതികവിദ്യയാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്. ഹെഡ്‌ലൈറ്റുകളുടെ പ്രകാശം എവിടെ നിന്ന് വരുന്നോ തിരികെ അതേ ദിശയിൽ തിരിച്ചയയ്ക്കുന്നു. ഹെഡ്‌ലൈറ്റിന്റെ പ്രകാശം ആന്റിഗ്ലെയർ റിഫ്ലക്ടറിൽ പതിക്കുമ്പോൾ, അതിനെ ഡ്രൈവർമാരുടെ ദൃഷ്ടിയിൽ നിന്ന് മാറ്റി എതിർ ദിശയിലേക്കു തന്നെ തിരിച്ചു വിടുന്നു. ഇതുവഴി ഡ്രൈവറുടെ കാഴ്ച മറയുന്ന പ്രശ്നം ഒഴിവാകുന്നു.
ആന്റിഗ്ലൈയർ റിഫ്ലക്ടർ സ്ഥാപിച്ചാൽ..
∙എതിർവശത്തു നിന്നു വരുന്ന ഹെഡ്‌ലൈറ്റ് പ്രകാശം കാരണം ഡ്രൈവർക്ക് അനുഭവപ്പെടുന്ന കണ്ണിന്റെ പ്രയാസം കുറയ്ക്കുന്നു.
∙എതിർ ദിശയിലെ ഹെഡ്‌ലൈറ്റ് വെളിച്ചത്തിൽ കാഴ്ച മങ്ങിയതു കാരണമുണ്ടാകുന്ന അപകടങ്ങൾ കുറയുന്നു.
∙ഡ്രൈവർമാർക്ക് ദിശ വ്യക്തമാക്കുന്നു.
∙രാത്രിയിൽ സുരക്ഷിതമായ യാത്രാ സാഹചര്യം ഉറപ്പാക്കുന്നു.