ADVERTISEMENT

കാസർകോട് ∙ കേരളത്തിൽ ആദ്യത്തെ സ്കൈ ഡൈനിങ് അനുഭവം ബേക്കലിൽ ഒരുങ്ങുന്നു. ബേക്കൽ ബീച്ച് പാർക്കിൽ‌ കൂറ്റൻ യന്ത്രക്കയ്യിൽ 120 അടി ഉയരത്തിൽ ആകാശത്തു തൂങ്ങിനിൽക്കുന്ന പേടകത്തിലിരുന്നു ഭക്ഷണം കഴിച്ചു കടലിന്റെയും ബേക്കൽക്കോട്ടയുടെയും സൗന്ദര്യം ആസ്വദിക്കാം. ഭക്ഷണവിഭവങ്ങൾ ആകാശത്തിലേക്ക് ഉയർത്തി നിർത്തിയ പ്ലാറ്റ്ഫോമിലിരുന്നു രുചിക്കുന്നതിലൂടെ ഭക്ഷണവും സാഹസികതയും ഒത്തുചേരുന്ന അനുഭവമാണ് സ്കൈ ഡൈനിങ്.

ക്രെയിൻ ഉപയോഗിച്ച് ആകാശത്തേക്ക് ഉയർത്തി നിർത്തിയ പ്ലാറ്റ്ഫോമിൽ 16 സീറ്റുകളുള്ള സ്കൈ ഡൈനിങ്ങാണു ബേക്കലിൽ ഒരുക്കുന്നത്. പ്ലാറ്റ്ഫോമിന്റെ നടുവിൽ സെർവിങ് പോയിന്റുണ്ടാവും. ഇവിടെ ഗാർഡ് അടക്കം 2 ജീവനക്കാർ സുരക്ഷാ ചുമതലയ്ക്കും ഭക്ഷണം സെർവ് ചെയ്യാനുമുണ്ടാവും. ഇവർ ആവശ്യമായ വിഡിയോയും ചിത്രങ്ങളും പകർത്താൻ സഹായിക്കും. കേരളത്തിൽ ടൂറിസം രംഗത്ത് ഇത്തരം സംവിധാനം ആദ്യമായി നടപ്പാക്കുന്നതു ബേക്കലിലാണ്. മംഗളൂരുവിനു സമീപം പനമ്പൂർ ബീച്ചിലും ബെംഗളൂരുവിലും സ്കൈ ഡൈനിങ് സംവിധാനം ആരംഭിച്ചിരുന്നു.

ബേക്കലിൽ സ്കൈ ഡ‍ൈനിങ് നടത്താൻ ഒരാൾക്ക് 500 രൂപയാണു ചാർജ്. 30 മിനിറ്റ് സമയം ഇവിടെ ചെലവഴിക്കാം. പേടകത്തിൽ സുരക്ഷാ ബെൽറ്റ് ഘടിപ്പിച്ച സീറ്റുകളാണുണ്ടാവുക. ഒറ്റയ്ക്കും പങ്കാളിക്കൊപ്പവും സ്കൈ ഡൈനിങ് നടത്തുന്നതിനു പുറമേ, മീറ്റിങ്ങുകളും ചെറിയ കോൺഫറൻസുകളും ഇവിടെ നടത്താനാകുമെന്നു ബേക്കൽ ബീച്ച് പാർക്ക് ‌ഡയറക്ടർ അനസ് മുസ്തഫ പറഞ്ഞു. ജനുവരി 26നു സ്കൈ ഡൈനിങ് സോഫ്റ്റ് ലോഞ്ചിങ് നടക്കും. സർക്കാർ സംരംഭമായ ബേക്കൽ റിസോർട്സ് കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ബേക്കൽ പള്ളിക്കര ബീച്ച് പാർക്ക് ഇപ്പോൾ സ്വകാര്യ സംരംഭകരാണു ലീസിനെടുത്തു നടത്തുന്നത്.

English Summary:

Bekal sky dining offers a unique culinary adventure in Kerala. Diners enjoy a meal 120 feet above Bekal Beach, taking in stunning views of the fort and sea.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com