ആവശ്യത്തിന് ജീവനക്കാരില്ല കാറഡുക്ക പഞ്ചായത്ത് ഓഫിസ് പ്രവർത്തനം അവതാളത്തിൽ
Mail This Article
മുള്ളേരിയ ∙ ജീവനക്കാരില്ലാതെ കാറഡുക്ക പഞ്ചായത്ത് ഓഫിസ് പ്രവർത്തനം അവതാളത്തിൽ. പദ്ധതി നിർവഹണവും ആസൂത്രണവും നടക്കുന്ന ഘട്ടത്തിലാണ് ഉദ്യോഗസ്ഥരുടെ കസേരകൾ കാലിയായിക്കിടക്കുന്നത്.
ഒരു അക്കൗണ്ടന്റ്, ഹെഡ് ക്ലാർക്ക്, 2 സീനിയർ ക്ലാർക്ക് എന്നീ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. അക്കൗണ്ടന്റ് കഴിഞ്ഞ സെപ്റ്റംബർ 28 നാണ് സ്ഥലം മാറിപ്പോയത്. ഹെഡ് ക്ലാർക്കിനായിരുന്നു അതിനു ശേഷം ചുമതല. പക്ഷേ അദ്ദേഹവും കഴിഞ്ഞ മാസം 31 നു സ്ഥലം മാറ്റം ലഭിച്ചു പോയി. ഇതോടെ ട്രഷറി ഇടപാടുകൾ പ്രതിസന്ധിയിലായി.
മറ്റൊരു സീനിയർ ക്ലാർക്ക് കഴിഞ്ഞ ഒക്ടോബർ 19 നു പോയിട്ടും പകരം ആളെ നിയമിച്ചില്ല. സാമ്പത്തിക വർഷം അവസാനിക്കാൻ 3 മാസം മാത്രമാണ് ഇനി ബാക്കിയുള്ളത്. വാർഷിക പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കേണ്ട സമയമാണിത്. തദ്ദേശ തിരഞ്ഞെടുപ്പ് ഈ വർഷം നടക്കുന്നതിനാൽ അടുത്ത സാമ്പത്തിക വർഷത്തെ പദ്ധതികൾ ആസൂത്രണം ചെയ്യുന്ന പണിയും ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.
ഇതിന്റെ ഗ്രാമസഭകൾ നടക്കുന്നു. ഈ മാസം 25 നു മുൻപു പദ്ധതികൾ സമർപ്പിക്കാനാണ് ലഭിച്ച നിർദേശം. പക്ഷേ പദ്ധതി ചുമതലയുള്ള ക്ലാർക്ക് ഉൾപ്പെടെയുള്ള ജീവനക്കാരുടെ കുറവ് സുഗമമായ പ്രവർത്തനത്തെ ബാധിക്കുന്നു. വീട് നിർമാണത്തിനുള്ള ഒട്ടേറെ അപേക്ഷകളാണ് ദിവസവും പഞ്ചായത്തിൽ ലഭിക്കുന്നത്. ഇതു സമയബന്ധിതമായി പരിശോധിച്ച് അനുമതി നൽകാൻ ജീവനക്കാർ പാടുപെടുകയാണ്. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ചുമതല, നികുതി പിരിക്കൽ തുടങ്ങിയ ജോലികളും കൂടിയാകുമ്പോൾ ജോലിഭാരം ഇരട്ടിയാണ്.
ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ജോയിന്റ് ഡയറക്ടറെ നേരിട്ടു കണ്ട് നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ലെന്നും ഒഴിവുള്ള തസ്തികകൾ ഉടൻ നികത്തിയില്ലെങ്കിൽ പദ്ധതികൾ നടപ്പിലാക്കാൻ പറ്റാത്ത സാഹചര്യമുണ്ടാകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.ഗോപാലകൃഷ്ണ പറഞ്ഞു.