കരുതലും കൈത്താങ്ങും: വെള്ളരിക്കുണ്ട് താലൂക്ക്തല അദാലത്തിൽ 62 പരാതികളിൽ തീർപ്പ്
Mail This Article
വെള്ളരിക്കുണ്ട്∙ കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തിൽ 176 പരാതികൾ ലഭിച്ചു. ഇതിൽ 62 പരാതികൾ തീർപ്പുണ്ടാക്കി. ബാക്കി പരാതികൾ വിശദമായി പഠിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വകുപ്പ്തല ഉദ്യോഗസ്ഥർക്ക് കൈമാറി. കുടിവെള്ള പ്രശ്നം, കുടുംബ പ്രശ്നം, വന്യമൃഗങ്ങളുടെ ശല്യം കൊണ്ട് കൃഷിനാശം സംഭവിച്ചതിനുള്ള നഷ്ടപരിഹാരം, പുതുതായി റേഷൻകാർഡ്, ബിപിഎൽ റേഷൻകാർഡ് എഎവൈയിൽ ഉൾപ്പെടുത്തൽ, പ്രകൃതിക്ഷോഭം മൂലം പശുക്കൾ ചത്തതിനുള്ള നഷ്ടപരിഹാരം എന്നിവയായിരുന്നു പ്രധാന പരാതികൾ.
വെസ്റ്റ് എളേരി പഞ്ചായത്തിലെ കൊളത്തുകാട്, കാവുംതല, പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് 2022ൽ 2 കോടി 45 ലക്ഷം രൂപയുടെ പദ്ധതി പഞ്ചായത്തിന്റെ ഉദാസീനത കൊണ്ട് നടപ്പിലാകാതെ വന്നതായും ജലസംഭരണി നിർമിക്കാൻ പ്രദേശവാസികൾ സൗജന്യമായി വിട്ടുനൽകിയ സ്ഥലം വാട്ടർ അതോറിട്ടിക്ക് പഞ്ചായത്ത് സെക്രട്ടറി റജിസ്റ്റർ ചെയ്ത് നൽകിയില്ലെന്നും ആരോപിച്ച് പൊതുപ്രവർത്തകനായ രാധാകൃഷ്ണൻ നൽകിയ പരാതിയിൽ കലക്ടർ സ്ഥലം സന്ദർശിച്ച് ഉടൻ നടപടിയെടുക്കുവാൻ മന്ത്രി നിർദേശം നൽകി.
മന്തി രാമചന്ദ്രൻ കടന്നപള്ളി ഉദ്ഘാടനം ചെയ്തു.സാധാരണക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ട് കെട്ടിക്കുടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിന് ഉദ്യോഗസഥർക്ക് പരാതിക്കാരുമായും മുഖാമുഖം ചർച്ച ചെയ്യുന്നതിലൂടെ പ്രശ്നപരിഹാരം എളുപ്പമാക്കാൻ അദാലത്തിലൂടെ സാധിച്ചുവെന്നും ജില്ലയിൽ സംഘടിപ്പിച്ച കരുതലും കൈത്താങ്ങും അദാലത്തിൽ ജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി വി.അബ്ദുറഹിമാൻ അധ്യക്ഷനായി.
സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ജീവനക്കാർ കൂടുതൽ പ്രാധാന്യം നൽകണമെന്നും അദാലത്തിൽ ലഭിക്കുന്ന പരാതികളും നിർദേശങ്ങളിലും സമയബന്ധിതമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഇ.ചന്ദ്രശേഖരൻ എംഎൽഎ മുഖ്യാതിഥിയായി.പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രസന്ന പ്രസാദ്, പി.ശീജ, ടി.കെ.നാരായണൻ വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി.ഇസ്മായിൽ, കലക്ടർ കെ ഇമ്പശേഖർ,ഡപ്യൂട്ടി കലക്ടർ എ.കെ. രാജൻ സബ്കലക്ടർ പ്രതീക്ജെയിൻ,എഡിഎം പി.അഖിൽ, എന്നിവർ പ്രസംഗിച്ചു.
കരുതലും താങ്ങും അദാലത്ത് വേദിയിൽ സ്ഥലം എംഎൽഎ കൂടിയായ ഇ.ചന്ദ്രശേഖരന് ഇരിപ്പിടം പോലും ഒരുക്കാതെ അവഗണിച്ചതായി ആക്ഷേപമുയർന്നു. ഇതേത്തുടർന്ന് എംഎൽഎ വേദിയിൽ നിന്നും ഇറങ്ങി സദസ്സിലെകസേരയിൽ ഇരുന്നു. പിന്നീട് മന്ത്രി കടന്നപള്ളി രാമചന്ദ്രൻ സദസ്സിലേക്ക് വന്ന് എംഎൽഎയെ വേദിയിലേക്ക് വിളിച്ചുവെങ്കിലും ക്ഷണം സ്വീകരിച്ചില്ല. മുഴുവൻ സമയവും സദസ്സിൽതന്നെ ഇരുന്നു.