ചെലവേറും, മംഗളൂരു ബസ് യാത്ര ; കർണാടക ആർടിസിക്കൊപ്പം കേരള ആർടിസിയും നിരക്ക് വർധിപ്പിച്ചു
Mail This Article
മംഗളൂരു / കാസർകോട് ∙ മംഗളൂരുവിലേക്ക് കാസർകോട് നിന്ന് കെഎസ്ആർടിസി ബസ് യാത്രാ നിരക്കിൽ വർധന. കർണാടക ആർടിസി 6 രൂപയും കേരള ആർടിസി 5 രൂപയും വർധിപ്പിച്ചു. നിരക്ക് വർധന കാസർകോട് ഉൾപ്പെടെയുള്ള ജില്ലകളിൽ നിന്ന് അതിർത്തി കടന്ന് യാത്ര ചെയ്യുന്നവർക്ക് തിരിച്ചടിയായി. 75 രൂപയിൽ നിന്ന് 15 ശതമാനത്തിൽ കൂടുതലുള്ള വർധനയോടെ 6 രൂപ കൂട്ടി 81 രൂപയാണ് കാസർകോട്–മംഗളൂരു കർണാടക ആർടിസിയുടെ പുതിയ നിരക്ക്. അതേ സമയം കേരള ആർടിസി 74 രൂപയിൽ നിന്ന് 80 രൂപയായാണ് വർധിപ്പിച്ചത്.
ജില്ലയിൽ നിന്ന് എല്ലാ ദിവസവും മംഗളൂരുവിലേക്കും തിരിച്ചും ജോലിക്കും, ആശുപത്രി ആവശ്യങ്ങൾക്കും മറ്റുമായി യാത്ര ചെയ്യുന്നവരെയാണ് നിരക്കു വർധന സാരമായി ബാധിക്കുന്നത്. ജനുവരി 5ന് പുതുക്കിയ നിരക്ക് നിലവിൽ വന്നപ്പോൾ ഒട്ടേറെ ആളുകൾ പ്രതിഷേധവുമായി രംഗത്തെത്തി. കെഎസ്ആർടിസിയെ ആശ്രയിച്ച് മാത്രം ദിവസവും അതിർത്തി കടന്ന് യാത്ര ചെയ്യുന്നവർ ഒട്ടേറെയാണ്. കച്ചവട ആവശ്യങ്ങൾക്ക് എത്തുന്നവർ, സ്ഥിരം തൊഴിലെടുക്കുന്ന ആളുകൾ, ആശുപത്രികളിലേക്ക് എത്തുന്ന രോഗികൾ തുടങ്ങിയ യാത്രക്കാർക്കാണ് പുതിയ മാറ്റം ഇരുട്ടടിയായി മാറിയത്. നിലവിൽ മംഗളൂരുവിൽ നിന്ന് കാസർകോട്ടേക്കും തിരിച്ചും ഇരു സംസ്ഥാനങ്ങളിൽ നിന്നായി 36 ബസുകളാണ് സർവീസ് നടത്തുന്നത്.
മംഗളൂരുവിലേക്കുള്ള കർണാടക ആർടിസിയുടെ പുതിയ നിരക്ക്
∙ കാസർകോട് നിന്ന് 81
∙ ഉപ്പളയിൽ നിന്ന് 55
∙ ഹൊസങ്കടിയിൽ നിന്ന് 49
∙ തലപ്പാടിയിൽ നിന്ന് 36