ചേച്ചിക്കു പിന്നാലെ അനിയത്തിക്കും എ ഗ്രേഡ്; സരിത ഡബിൾ ഹാപ്പി
Mail This Article
തിരുവനന്തപുരം ∙ വർഷയുടെയും ശിവാനിയുടെയും മിമിക്രി കേട്ടു സദസ്സു മുഴുവൻ പൊട്ടിച്ചിരിക്കുമ്പോൾ ഒരാൾ മാത്രം നെഞ്ചിടിപ്പോടെ ഇരിക്കുകയായിരുന്നു. മിമിക്രിയിൽ ഇരുവരുടെയും ഗുരു കൂടിയായ അമ്മ സരിതയായിരുന്നു അത്. എച്ച്എസ്എസ് മിമിക്രിയിൽ വർഷയും പിന്നാലെ എച്ച്എസ് വിഭാഗത്തിൽ ശിവാനിയും എ ഗ്രേഡ് നേടിയതോടെ ഈ അമ്മമനസ്സ് ഡബിൾ ഹാപ്പി. കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ കഴിഞ്ഞ 5 തവണയായി തുടർച്ചയായി മിമിക്രിയിൽ ജേതാവാണു സരിത. വനത്തോടു ചേർന്ന പ്രദേശത്താണു വീട്. മുറ്റത്തെത്തുന്ന പക്ഷികളെയും മൃഗങ്ങളെയും കാറ്റിനെപ്പോലും അനുകരിച്ചാണു സരിത വീട്ടുപണികളെടുക്കുന്നത്. അതുകണ്ടു വളർന്ന മക്കളും അമ്മയുടെ വഴി പിന്തുടർന്നു.
കാസർകോട് ബോവിക്കാനം ബിഎആർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് വർഷ. ശിവാനി ഇരിയണ്ണി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയും. തുടർവിജയങ്ങൾക്കിടയിലും അതു കാണാൻ അച്ഛനില്ലല്ലോ എന്ന നൊമ്പരമാണ് രണ്ടുപേർക്കും. അച്ഛൻ കെ.ശിവൻ കഴിഞ്ഞ ജൂലൈയിലാണ് ഹൃദയാഘാതം മൂലം വിടപറഞ്ഞത്. അതിന്റെ വേദനയിൽ ഇത്തവണ കലോത്സവത്തിനു പോകേണ്ടതില്ലെന്നു തീരുമാനിച്ചതാണ്. എന്നാൽ, നിങ്ങളുടെ വിജയം ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുക അച്ഛന്റെ ആത്മാവിനെയായിരിക്കുമെന്ന സരിതയുടെ വാക്കുകൾക്കു മുന്നിൽ ഇവർ തീരുമാനം മാറ്റി. ഈ വിജയം അച്ഛനാണ് ഇവർ സമർപ്പിക്കുന്നതും. മൂന്നര വയസ്സുള്ള അനുജത്തി നയോമികയും ശബ്ദാനുകരണത്തിൽ സഹോദരിമാരുടെ വഴിയേയുണ്ട്.