സംസ്ഥാന സ്കൂൾ കലോത്സവം മിന്നിച്ച് ജില്ലയിലെ സ്കൂളുകൾ
Mail This Article
കാഞ്ഞങ്ങാട് ∙ തിരുവനന്തപുരത്തു സമാപിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 913 പോയിന്റുമായി 11–ാം സ്ഥാനത്താണു ജില്ല. കഴിഞ്ഞ തവണ 846 പോയിന്റുമായി 10ാം സ്ഥാനത്തായിരുന്നു. കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്കൂൾ, നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂൾ, പിലിക്കോട് സികെഎൻഎസ് ജിഎച്ച്എസ്എസ് എന്നിവയാണു ജില്ലയുടെ കലാമികവ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തെളിയിച്ചത്. മറ്റു സ്കൂളുകളും തങ്ങളുടേതായ വിജയം കൊയ്തു.
ദുർഗാ ഹയർസെക്കൻഡറി സ്കൂൾ 91 പോയിന്റ് നേടി സംസ്ഥാനതലത്തിൽ 9–ാം സ്ഥാനത്തെത്തി. 73 പോയിന്റുമായി നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂൾ 14–ാം സ്ഥാനവും പിലിക്കോട് സികെഎൻഎസ് ജിഎച്ച്എസ്എസ് 61 പോയിന്റ് നേടി 18–ാം സ്ഥാനവും നേടി. ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ 51 പോയിന്റ് നേടി 27-ാം സ്ഥാനത്താണ്. എസ്എപിഎച്ച്എസ് അംഗൽപാടി സ്കൂൾ 41 പോയിന്റുമായി 45-ാം സ്ഥാനത്തെത്തി.
സംസ്കൃതോത്സവത്തിൽ ഒന്നാമത്
കാസർകോട് ∙ സംസ്കൃതോത്സവത്തിൽ 95 പോയിന്റുകൾ നേടി പാലക്കാട്, മലപ്പുറം ജില്ലകളോടൊപ്പം ഒന്നാം പങ്കിട്ട് കാസർകോട് ജില്ല. അറബിക് കലോത്സവത്തിൽ രണ്ടാം സ്ഥാനവും ജില്ല നേടി. ഈ വിഭാഗത്തിൽ മലപ്പുറം, വയനാട് ജില്ലകൾക്കും 93 പോയിന്റുകൾ വീതമാണുള്ളത്.സംസ്കൃതോത്സവത്തിൽ മത്സരിച്ച 19 ഇനങ്ങളിലും എ ഗ്രേഡോടെ 95 പോയിന്റ് നേടി. അറബിക് കലോത്സവത്തിൽ മത്സരിച്ച 19 ഇനങ്ങളിൽ 18ലും എ ഗ്രേഡോടെ 93 പോയിന്റുകൾ നേടിയെന്നും വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ടി.വി.മധുസൂദനൻ അറിയിച്ചു.
91 പോയിന്റ് നേടി ദുർഗയുടെ ആധിപത്യം
കാഞ്ഞങ്ങാട് ∙ ഹൈസ്കൂൾ, ഹയർസെക്കൻഡറി, സംസ്കൃത വിഭാഗം മത്സരങ്ങളിലായി 91 പോയിന്റ് നേടിയാണു കാഞ്ഞങ്ങാട് ദുർഗാ സ്കൂൾ ജില്ലയുടെ കലാപാരമ്പര്യം ഉയർത്തിക്കാട്ടിയത്. ഹൈസ്കൂൾ വിഭാഗത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനവും നേടി. സംസ്കൃത വിഭാഗത്തിൽ സംസ്ഥാനത്ത് നാലാം സ്ഥാനം സ്കൂളിനെ തേടിയെത്തി.13 ഇനങ്ങളിലാണു മത്സരിച്ചത്.
ഒപ്പന, ചെണ്ടമേളം, ദേശഭക്തിഗാനം, ഉറുദു സംഘഗാനം, ലളിതഗാനം (ആൺ,പെൺ), ഓട്ടംതുള്ളൽ, കഥകളി സംഗീതം, കഥാരചന(ഹിന്ദി), കവിതാരചന(തമിഴ്), പ്രസംഗം (തമിഴ്), മോണോആക്ട് എന്നിവയിലും സംസ്കൃത വിഭാഗത്തിൽ ആറിനങ്ങളിലുമാണു സ്കൂൾ എ ഗ്രേഡ് നേടി നേട്ടം കൊയ്തത്. ചിട്ടയായ പരിശീലനമാണു വിജയരഹസ്യം. ജൂലൈയിൽ തന്നെ മുന്നൊരുക്കങ്ങൾ ആരംഭിച്ചിരുന്നു. മാനേജ്മെന്റിന്റെയും പിടിഎയുടെയും പിന്തുണയും അധ്യാപക കൂട്ടായ്മയുമാണു വിജയത്തിനു പിന്നിലെന്നു സ്കൂളിലെ അധ്യാപകൻ കെ.ടി.ഹരികൃഷ്ണൻ പറഞ്ഞു.
കലയുടെ രാജയായി രാജാസ് എച്ച്എസ്എസ്
നീലേശ്വരം ∙ ഹയർസെക്കൻഡറി വിഭാഗത്തിൽ സംസ്ഥാനത്ത് അഞ്ചാം സ്ഥാനം നേടി മിന്നുന്ന വിജയമാണു നീലേശ്വരം രാജാസ് സ്കൂൾ നേടിയത്. പങ്കെടുത്ത 18 ഇനങ്ങളിലും ഗ്രേഡ് നേടി. കുച്ചിപ്പുഡി, ഭരതനാട്യം, കൂടിയാട്ടം, വഞ്ചിപ്പാട്ട്, പഞ്ചവാദ്യം, അഷ്ടപദി, പെൻസിൽ ഡ്രോയിങ് തുടങ്ങിയ ഇനങ്ങളിലെല്ലാം എ ഗ്രേഡ് നേടി. അധ്യാപകരുടെയും പിടിഎയുടെയും പിന്തുണ വിജയത്തിനു കാരണമായതായും പിടിഎ പ്രസിഡന്റ് വിനോദ് കുമാർ അരമന പറഞ്ഞു.
61 പോയിന്റോടെ പിലിക്കോട് സികെഎൻഎസ്ജിഎച്ച്എസ്എസ്
61 പോയിന്റുമായി ജില്ലയിൽ മൂന്നാം സ്ഥാനത്താണ് പിലിക്കോട് സികെഎൻഎംഎച്ച്എസ്എസ്. ഹൈസ്കൂൾ വിഭാഗത്തിൽ ചിത്രരചന (പെൻസിൽ), കഥാപ്രസംഗം, പൂരക്കളി, പരിചമുട്ടുകളി എന്നിവയിൽ എ ഗ്രേഡ് നേടി. ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് പദ്യംചൊല്ലൽ, പ്രസംഗം മലയാളം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, കഥകളി സംഗീതം, ദേശഭക്തിഗാനം, ഗ്രൂപ്പ് ഡാൻസ് എന്നിവയ്ക്കാണ് എ ഗ്രേഡ്. ചിട്ടയായ പരിശീലനവും കുട്ടികളുടെ പ്രയത്നവുമാണു നേട്ടത്തിനു പിന്നിലെന്ന് പ്രധാനാധ്യാപകൻ കെ.സുരേഷ് പറഞ്ഞു.