3.5 കോടി രൂപ ചെലവിൽ റോഡുകൾക്ക് ജർമൻ ടച്ച്
Mail This Article
കാസർകോട് ∙ ജില്ലയിൽ ജർമൻ സാങ്കേതികവിദ്യ പ്രകാരമുള്ള എഫ്ഡിആർ(ഫുൾ ഡെപ്ത് റിക്ലമേഷൻ) റോഡുകളുടെ നിർമാണം തുടങ്ങി. ചായ്യോം - കാഞ്ഞിരപൊയിൽ റോഡാണ് 3.5 കോടി രൂപ ചെലവിൽ ആദ്യം നവീകരിക്കുന്നത്. പ്രധാനമന്ത്രി ഗ്രാമസഡക് യോജനയിൽ ഉൾപ്പെടുത്തി 4 കിലോമീറ്റർ നീളത്തിലും 5.50 മീറ്റർ വീതിയിലുമാണു റോഡ് നവീകരണം. നിലവിലുള്ള റോഡ് യന്ത്രസഹായത്തോടെ പൊളിച്ചു തരികളാക്കി സിമന്റും ചുണ്ണാമ്പും കല്ലും കാത്സ്യം ക്ലോറൈഡും രാസപദാർഥങ്ങൾ കലർത്തി മിശ്രിതമാക്കുന്ന ജർമൻ സാങ്കേതികവിദ്യയാണ് എഫ്ഡിആർ.
പഴയ റോഡ് ഇളക്കി മറിച്ചെടുത്തു പുതിയ റോഡ് നിർമാണത്തിന് ഉപയോഗിക്കുന്നതാണു രീതി. ഹരിത സൗഹൃദ നിർമാണം, കുറഞ്ഞ ചെലവ്, കൂടുതൽ ഈടുനിൽപ് തുടങ്ങിയവയാണു ഗുണം. നിർമാണ സാമഗ്രികൾ പരമാവധി പുനരുപയോഗിച്ചാണു നിർമാണം. 30 സെന്റിമീറ്റർ വരെ ആഴത്തിൽ കുഴിച്ച് 5.5 സെന്റിമീറ്റർ വീതിയിൽ സിമന്റ്, രാസ സംയുക്തങ്ങൾ എന്നിവ നിശ്ചിത അനുപാതത്തിൽ ചേർത്തു ബലപ്പെടുത്തിയാണു റോഡിന്റെ ഉപരിതലം നിർമിക്കുന്നത്.
ഇതോടെ റോഡിന്റെ ഉപരിതലം കോൺക്രീറ്റ് പ്രതലം പോലെയാകും. 7 ദിവസം തുടർച്ചയായി ബലപ്പെടുത്തും. തുടർന്ന് ബിറ്റുമിനസ് ടാർ ഉപയോഗിക്കും. സാധാരണനിലയിൽ 4 കിലോമീറ്റർ റോഡ് നവീകരിക്കാൻ 6600 ഘനമീറ്റർ ക്വാറി ഉൽപന്നങ്ങൾ വേണം. എന്നാൽ ഈ സാങ്കേതികവിദ്യ പ്രകാരം ഒരു ലോഡ് പോലും ഇല്ലാതെയാണു നവീകരണമെന്ന് അസി.എക്സിക്യൂട്ടീവ് എൻജിനീയർ വി.മിത്ര പറഞ്ഞു. 40 ശതമാനം തുക സംസ്ഥാന സർക്കാരും 60 ശതമാനം കേന്ദ്ര സർക്കാരുമാണു വഹിക്കുന്നത്. രാജ്മോഹൻ ഉണ്ണിത്താൻ എംപി ഇടപെട്ടാണു റോഡ് നവീകരണത്തിനു കേന്ദ്ര പദ്ധതി ലഭ്യമാക്കിയത്. പ്രവൃത്തി പൂർത്തിയാക്കി 4 മാസത്തിനകം ഗതാഗതത്തിനു തുറന്നു കൊടുക്കും.
ജില്ലയില്‍ ജർമൻ സാങ്കേതികവിദ്യയിൽ നവീകരിക്കുന്ന റോഡുകൾ
1. ചായ്യോം - കാഞ്ഞിരപ്പൊയിൽ റോഡ്
2. ചെറുവത്തൂർ–വലിയപൊയിൽ റോഡ്
3. മണിയംപാറ–ദേറഡുക്ക–ഷിറിയ–കൂടഡുക്ക റോഡ്
4. മിയപദവ്–ദൈഗോളി–പൊയ്യത്ത് വയൽ–നന്ദാരപദവ് റോഡ്
5. അതൃക്കുഴി–നെല്ലിക്കട്ട–പുട്ടിപ്പള്ളം–എടനീർ റോഡ്
6. മുനമ്പ്–കല്ലളി–പെർളടുക്കം–ആയക്കടവ് റോഡ്
7. പൈക്ക–നീരോളിപ്പാറ റോഡ്
8. കാരാക്കോട്–പറക്കളായി റോഡ്