കണ്ണാടിപ്പാറ–കൂരാങ്കര കോൺക്രീറ്റ് റോഡ് ഇന്ന് ഉദ്ഘാടനം ചെയ്യും
Mail This Article
പെരിയ ∙ ജെബി മേത്തർ എംപിയുടെ ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ ചെലവിൽ നിർമിച്ച കണ്ണാടിപ്പാറ– കൂരാങ്കര കോൺക്രീറ്റ് റോഡ് ഇന്ന് രാവിലെ 9 ന് ജെബി മേത്തർ എംപി ഉദ്ഘാടനം ചെയ്യും. രാജ്മോഹൻ ഉണ്ണിത്താൻ എംപി, പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദൻ തുടങ്ങിയവർ പങ്കെടുക്കും.കൊലചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശരത്‍ലാലിന്റെ വീട്ടിലെത്തിയപ്പോൾ റോഡിന്റെ ശോചനീയാവസ്ഥ നേരിൽ ബോധ്യപ്പെട്ട ജെബി മേത്തർ റോഡ് നവീകരിക്കാൻ നടപടിയുണ്ടാകുമെന്ന് ഉറപ്പു നൽകിയിരുന്നു.
കഴിഞ്ഞ വർഷം തന്നെ ഫണ്ട് അനുവദിക്കുകയും ചെയ്തു. കൃപേഷും ശരത്‍ലാലും വെട്ടേറ്റുവീണ സ്ഥലമായ കണ്ണാടിപ്പാറയിൽ നിന്നാണ് റോഡ് ആരംഭിക്കുന്നത്. 650 മീറ്റർ ദൈർഘ്യമുള്ള റോഡ് പൂർണമായും കോൺക്രീറ്റ് ചെയ്തു.കൃപേഷിന്റെയും ശരത്‍ലാലിന്റെയും സ്മരണയ്ക്കായി പുതിയ റോഡിന് കൃപേഷ്–ശരത്‍ലാൽ സ്മാരക റോഡ് എന്ന് നാമകരണം ചെയ്യാനാണ് പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകരുടെ തീരുമാനം.