കളനാട് റെയിൽവേ മേൽപാലത്തിൽ ഉരുക്കുകമ്പിയുടെ സുരക്ഷാവേലി
Mail This Article
ഉദുമ ∙ വാഹനമിടിച്ച് സംരക്ഷണ ഭിത്തി തകരുന്നത് പതിവായ കളനാട് റെയിൽവേ മേൽപാലത്തിൽ ഉരുക്ക്കമ്പിയുടെ സുരക്ഷാവേലി നിർമിച്ചു റെയിൽവേ അധികൃതർ. കാസർകോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ കളനാട് റെയിൽവേ മേൽപാലത്തിലാണ് വേലി നിർമിച്ചിട്ടുള്ളത്. രാത്രിയിൽ വാഹനത്തിൽ നിന്നുള്ള പ്രകാശം അടിക്കുമ്പോൾ തിളങ്ങുന്ന ചായം തേച്ച വേലിയാണ് ഇപ്പോഴത്തേത്. ഈ ചായത്തിന്റെ തിളക്കം ഡ്രൈവർമാർക്ക് അപകട മുന്നറിയിപ്പ് നൽകുമെന്ന് പ്രതീക്ഷയിലാണ് അധികൃതർ ചായം തേച്ചത്.
പാലത്തിന് കുറച്ച് മുന്നിലായി ചെറിയ വരമ്പുകളും പരിസരത്ത് ഉയരവിളക്കും സ്ഥാപിക്കണമെന്ന് ആവശ്യവും നാട്ടുകാർ ഉന്നയിച്ചിട്ടുണ്ട്.ഉദുമ ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങളാണ് ഏറെയും അപകടത്തിൽപെടുന്നത്. രാത്രികാലങ്ങളിൽ ചെറിയതും വലതുമായ ഒട്ടേറെ വാഹനങ്ങളാണ് സുരക്ഷ മതിലിടിച്ച് അപകടമുണ്ടാക്കുന്നത്. ഭാഗ്യം കൊണ്ട് മാത്രമാണ് വാഹനങ്ങൾ മുകളിൽ നിന്ന് റെയിൽ പാളത്തിലേക്ക് വീഴാതെ വൻ ദുരന്തത്തിൽ നിന്നു വഴിമാറുന്നത്.
റെയിൽവേ മേൽപാലത്തിനു സമീപത്ത് ഉണ്ടായ അപകടങ്ങളിൽ വിദ്യാർഥികൾ മരിച്ചിരുന്നു. ഉദുമ ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങൾ റെയിൽവേ മേൽപാലത്തിന് അടുത്ത് എത്തിയാൽ മാത്രമാണ് വളവും മേൽപാലവും കാണുന്നത്.ഇതു കാണുന്നതിനിടെ ബ്രേക്ക് ചവിട്ടുമ്പോൾ നിയന്ത്രണം തെറ്റിയാണ് വാഹനങ്ങൾറെയിൽവേയുടെ സുരക്ഷ മതിലിടിക്കുന്നത്. ഇതിലേറെയും ചരക്കുവാഹനങ്ങളാണ്. സിമന്റ് കട്ടകൾ നിരത്തി നിർമിച്ച സുരക്ഷാഭിത്തി വാഹനമിടിച്ച് തകർന്നതോടെയാണ് ഉരുക്ക് കമ്പിയുടെ വേലി തീർത്തത്.