അബ്ദുൽ ഗഫൂർ ഹാജി കൊലപാതകം: പ്രതികള് 5 ദിവസം കസ്റ്റഡിയിൽ
Mail This Article
കാസർകോട് ∙ പ്രവാസി വ്യവസായി പൂച്ചക്കാട് ഫാറൂഖിയ പള്ളിക്കു സമീപത്തെ ബൈത്തു റഹ്മയിൽ എം.സി.അബ്ദുൽഗഫൂർ ഹാജി(55) കൊലപ്പെടുത്തുകയും വീട്ടിൽനിന്ന് 596 പവൻ സ്വർണാഭരണങ്ങൾ കാണാതാവുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ 5 ദിവസത്തേക്കു കസ്റ്റഡിയിൽ വിട്ടു. തുടർന്നു പ്രതികളുമായി അന്വേഷണസംഘം പള്ളിക്കര, പൂച്ചക്കാട് എന്നിവിടങ്ങളിലെ 2 സഹകരണ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ കേസിലെ മൂന്നാം പ്രതിയായ പി.എസ്.അസ്നീഫ പണയപ്പെടുത്തിയ 15 പവൻ സ്വർണാഭരണങ്ങൾ കണ്ടെടുത്തു.
ഈ ആഭരണങ്ങൾ അബ്ദുൽ ഗഫൂർ ഹാജിയുടെ വീട്ടുകാരും ബന്ധുക്കളും തിരിച്ചറിഞ്ഞു.ഇതിനകം 117 പവൻ സ്വർണാഭരണങ്ങളാണു കാസർകോട്ടെ ജ്വല്ലറികൾ, സഹകരണ സംഘങ്ങൾ എന്നിവിടങ്ങളിൽനിന്നായി അന്വേഷണസംഘം കണ്ടെത്തിയത്. ഉളിയത്തടുക്ക നാഷനൽ നഗർ തുരുത്തി സ്വദേശി ബാര മീത്തൽ മാങ്ങാട് ബൈത്തുൽ ഫാതീമിലെ ടി.എം.ഉബൈസ്(ഉവൈസ് 32), ഭാര്യ കെ.എച്ച്.ഷമീന (ജിന്നുമ്മ–34), മുക്കുട് ജീലാനി നഗറിലെ താമസക്കാരി പൂച്ചക്കാട്ടെ പി.എസ്.അസ്നിഫ (36), മധുർ കൊല്യയിലെ ആയിഷ (43) എന്നിവരെയാണ് 13 വരെ കസ്റ്റഡിയിൽ വിട്ടത്.
14ന് ഇവരെ കോടതിയിൽ ഹാജരാക്കണം. പ്രതികൾ നൽകിയ ജാമ്യപക്ഷേ 13നു കോടതി പരിഗണിക്കും. കസ്റ്റഡിയിൽ കിട്ടിയ 5 ദിവസത്തിനുള്ളിൽ കാണാതായ ബാക്കി സ്വർണാഭരണങ്ങളും കൊലപാതകത്തിന്റെ മറ്റും വിവരങ്ങളും കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ് സംഘം. പണയപ്പെടുത്താൻ സഹായിച്ച ചിലരെ അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇവരെയും പ്രതികളോടൊപ്പം ഇരുത്തി ചോദ്യം ചെയ്യാനാണു ഡിവൈഎസ്പി കെ.കെ.ജോൺസണിന്റെ നേതൃത്വത്തിലുള്ള സംഘം ആലോചിക്കുന്നത്. ചിലരെ ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്.കൂടുതൽ ദിവസം കസ്റ്റഡി വിട്ടു കിട്ടുന്നതിനായി അന്വേഷണസംഘം ഹൊസ്ദുർഗ് കോടതിയിൽ നൽകിയ അപേക്ഷ തള്ളിയിരുന്നു. ഇതേതുടർന്നു ജില്ലാ കോടതിയെ സമീപിച്ചതോടെയാണ് അനുകൂലവിധിയുണ്ടായത്.