പെരിയ കേസ്: ജാമ്യത്തിലിറങ്ങിയ നേതാക്കൾക്ക് സിപിഎമ്മിന്റെ സ്വീകരണം
Mail This Article
കാഞ്ഞങ്ങാട്/ഉദുമ ∙ പെരിയ ഇരട്ടക്കൊലപാതക കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ സിപിഎം നേതാക്കൾക്കു വിവിധ കേന്ദ്രങ്ങളിൽ പാർട്ടി പ്രവർത്തകരുടെ വരവേൽപ്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമൻ, ഉദുമ ഏരിയ മുൻ സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ.മണികണ്ഠൻ, സിപിഎം പാക്കം മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി, ലോക്കൽ കമ്മിറ്റിയംഗം കെ.വി.ഭാസ്കരൻ എന്നിവരെയാണു കാഞ്ഞങ്ങാട് അലാമിപ്പള്ളി, പള്ളിക്കര, പാലക്കുന്ന്, ഉദുമ, വെളുത്തോളി എന്നിവിടങ്ങളിൽ പ്രവർത്തകർ സ്വീകരിച്ചത്.
അലാമിപ്പള്ളിയിൽ പടക്കം പൊട്ടിച്ചും ചുവപ്പ് ഹാരമണിയിച്ചുമാണു പ്രവർത്തകർ നേതാക്കളെ വരവേറ്റത്. ഉച്ചയ്ക്ക് 12ന് ഇവർ അലാമിപ്പള്ളിയിലെത്തി. കാഞ്ഞങ്ങാട് സ്വീകരണത്തിനും വൻ പ്രകടനത്തിനും പാർട്ടി തയാറെടുത്തിരുന്നുവെങ്കിലും പൊലീസ് അനുമതി നൽകാത്തതിനാൽ പ്രകടനം ഒഴിവാക്കി. കണ്ണൂർ ജയിലിൽ നിന്നിറങ്ങുമ്പോൾ സ്വീകരിക്കാൻ സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ, ജില്ലാ സെക്രട്ടറിമാരായ എം.വി.ജയരാജൻ(കണ്ണൂർ), എം.വി.ബാലകൃഷ്ണൻ(കാസർകോട്) എന്നിവരുൾപ്പെടെ പ്രമുഖ നേതാക്കളുണ്ടായിരുന്നു.
എന്നാൽ ജില്ലയിലെ കേന്ദ്രങ്ങളിൽ ഇവരെ അനുഗമിക്കാനോ സ്വീകരിക്കാനോ ജില്ലയിൽനിന്നുള്ള പാർട്ടി എംഎൽഎമാരോ ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളോ ഉൾപ്പെടെയുള്ള പ്രധാന നേതാക്കൾ ഉണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയമായി. സിപിഎം ഉദുമ ഏരിയാ സെക്രട്ടറി മധു മുതിയക്കാൽ, എം.അനന്തൻ, സിഐടിയു ജില്ലാ പ്രസിഡന്റ് പി.മണിമോഹൻ, ഐഎൻഎൽ നേതാവ് മൊയ്തീൻകുഞ്ഞി കളനാട്, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.കുമാരൻ (പള്ളിക്കര), പി.ലക്ഷ്മി (ഉദുമ) എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ജയിൽ മോചിതരായ നേതാക്കളെ കാണാനെത്തി.
അതേസമയം, സിബിഐ കോടതി 5 വർഷം തടവിനു ശിക്ഷിച്ച നേതാക്കളുൾപ്പെടെയുള്ള 4 പേരെ കോടതി ജാമ്യത്തിൽ വിട്ടയച്ചത് ‘ആഘോഷ’മാക്കുകയാണു സിപിഎം എന്നാണു കോൺഗ്രസ് ആരോപണം. കേസിൽ താൽക്കാലിക സ്റ്റേ മാത്രമാണു ലഭിച്ചതെങ്കിലും, ജില്ലാ സമ്മേളനത്തിരക്കുകളിലേക്കു പ്രവേശിക്കുന്നതിനിടെ പ്രതികളുടെ കുടുംബങ്ങൾക്കും അണികൾക്കും ആത്മവിശ്വാസം പകരാൻ ജാമ്യം ഉപകരിക്കുമെന്നു നേതൃത്വം കരുതുന്നു. അതുകൊണ്ട് അപ്പീൽ അന്തിമമായി പരിഗണിക്കുന്നതുവരെ കേസിലെ സിബിഐ നിലപാടിനെതിരെ ആക്രമണം കടുപ്പിക്കാനാണു സിപിഎം തീരുമാനം.