സ്കൂളുകളിൽ ബോധവൽക്കരണ ക്ലാസുമായി വനംവകുപ്പ്
![iriyani-leopard-awarness-for-students- പുലിഭീതിക്കെതിരെ വനംവകുപ്പ് ഇരിയണ്ണി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നടത്തിയ ബോധവൽക്കരണക്ലാസിൽ റേഞ്ച് ഓഫിസർ സി.വി.വിനോദ് കുമാർ പ്രസംഗിക്കുന്നു.](https://img-mm.manoramaonline.com/content/dam/mm/mo/district-news/kasargod/images/2025/1/10/iriyani-leopard-awarness-for-students-.jpg?w=1120&h=583)
Mail This Article
ഇരിയണ്ണി ∙ നിർഭയമായി പാട്ടുപാടി നടന്നിരുന്ന വഴികളിലാണ് ഇപ്പോൾ പുലിപ്പേടി കടന്നു വന്നിരിക്കുന്നത്. പുലിയിറങ്ങുന്ന വഴിയിലൂടെ സ്കൂളിലേക്കു പോകുമ്പോൾ കുട്ടികൾ എന്തൊക്കെ ശ്രദ്ധിക്കണം. കുട്ടികളെ ഇതു വിശദീകരിക്കാൻ സ്കൂളുകളിൽ ബോധവൽക്കരണ ക്ലാസുകളുമായി വനംവകുപ്പ്. ഡിഎഫ്ഒ, റേഞ്ച് ഓഫിസർ, സെഷൻ ഓഫിസർമാർ തുടങ്ങിയവർ സ്കൂളുകളിലേക്ക് നേരിട്ടെത്തി അസംബ്ലി യോഗം വിളിച്ചാണ് ക്ലാസെടുക്കുന്നത്. ഇരിയണ്ണി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ഇരിയണ്ണി ഗവ.എൽപി സ്കൂൾ, കാനത്തൂർ ഗവ.യുപി സ്കൂൾ എന്നിവിടങ്ങളിൽ യോഗം നടന്നു. പുലിയെ പിടിക്കാൻ 2 കൂടുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ശാശ്വതമായി പുലി സാന്നിധ്യം പരിഹരിക്കാൻ കഴിയില്ലെന്ന ബോധ്യത്തിലാണ് ഭീഷണി അതിജീവിക്കാൻ വനംവകുപ്പ് കുട്ടികളെയും ശീലിപ്പിക്കുന്നത്.
കുട്ടികള്‍ക്കുള്ള നിർദേശങ്ങൾ
∙കുട്ടികൾ തനിച്ച് നടന്നുപോകുന്നത് ഒഴിവാക്കുക
∙രക്ഷിതാക്കളുണ്ടെങ്കിൽ അവരെ കൂടെ കൂട്ടുക
∙മുതിർന്നവരില്ലാത്ത സാഹചര്യത്തിൽ വനംവകുപ്പിനെ അറിയിച്ചാൽ സഹായം നൽകും.
∙ചെറിയ സമയ ലാഭത്തിനായി റോഡുകൾക്കു പകരം വനത്തിലെ ഊടുവഴികളിലൂടെ സഞ്ചരിക്കുന്നത് ഒഴിവാക്കുക.
∙നാടിനോടു ചേന്നുള്ളതും എന്നാൽ
വനമേഖലയിൽ ഉൾപ്പെട്ടതുമായ മൈതാനങ്ങളിലെ വൈകിട്ടത്തെ കളി 5.30ന് അവസാനിപ്പിക്കണം.
∙കുട്ടികൾ തനിച്ച് രാത്രി വീടിനു പുറത്തിറങ്ങുന്നത് ഒഴിവാക്കണം.