കണ്ണീർപ്പുള്ളി ! ഇലപ്പുള്ളി രോഗം: കമുക് തോട്ടങ്ങളിൽനിന്ന് കർഷകരുടെ വിലാപം
Mail This Article
കാസർകോട് ∙ വില നോക്കിയാൽ കമുക് കർഷകർക്ക് ഇപ്പോൾ സുവർണകാലമാണ്. പക്ഷേ കോവിഡിനു ശേഷം ഉയർന്ന അടയ്ക്കയുടെ വില, സ്ഥിരതയോടെ നിൽക്കുമ്പോഴും ജില്ലയിലെ കമുക് തോട്ടങ്ങളിൽനിന്ന് കേൾക്കുന്നത് കർഷകരുടെ വിലാപം. 4 വർഷം മുൻപു ജില്ലയിൽ തുടങ്ങിയ ഇലപ്പുള്ളി രോഗം ഗുരുതര പ്രതിസന്ധിയിലേക്കാണ് കർഷകരെ തള്ളിവിട്ടുകൊണ്ടിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള ഒരു നേർത്ത പൊട്ടുപോലെ തുടങ്ങി ഒടുവിൽ ആ കമുകിനെ തന്നെ ഇല്ലാതാക്കുന്നതാണ് രോഗം.
പച്ചപ്പിനു പകരം തോട്ടങ്ങൾ മഞ്ഞളിച്ചു നിൽക്കുന്ന ദുരന്തക്കാഴ്ചയാണെങ്ങും. രോഗം ബാധിച്ചു മുറിച്ചുമാറ്റിയ തോട്ടങ്ങളും കുറവല്ല. സിപിസിആർഐയും കാർഷിക സർവകലാശാലയും നിർദേശിച്ച പ്രതിരോധ മരുന്ന് തളിച്ച തോട്ടങ്ങളിൽ പോലും രോഗം പടരുന്നതായാണ് കർഷകരുടെ പരാതി. കർഷകരുടെ കൂടെ നിൽക്കേണ്ട കൃഷിവകുപ്പ് ഇനിയും മൗനം തുടർന്നാൽ കമുക് കൃഷിയുടെ മാത്രമല്ല അതിനെ ആശ്രയിച്ചു ജീവിക്കുന്ന ജില്ലയിലെ പതിനായിരത്തിലേറെ കുടുംബങ്ങളുടെ ഭാവിയും ചോദ്യചിഹ്നമായി മാറും.
പടരുന്ന ദുരിതം
കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് രോഗം ആദ്യമായി കണ്ടുതുടങ്ങിയത്. വർഷങ്ങൾക്കുള്ളിൽ പടർന്ന് കാസർകോട്ടേക്കുമെത്തി. കമുകിന്റെ ഓലയിൽ ഒരു നേർത്ത പൊട്ട് പോലെയാണ് രോഗത്തിന്റെ തുടക്കം. മഞ്ഞനിറത്തിലുള്ള പൊട്ട് ക്രമേണ പടർന്ന് ഇല മുഴുവനും മഞ്ഞനിറമാകും. ആദ്യം കാണപ്പെട്ട ഭാഗം അപ്പോഴേക്കും കരിയാൻ തുടങ്ങും. അങ്ങനെ ഓരോ ഇലകളായി മഞ്ഞളിച്ചു കരിഞ്ഞുണങ്ങും. പാളകളിലേക്കും അടയ്ക്കയിലേക്കും വരെ ഇതു ബാധിക്കുന്നു.
ഒടുവിൽ കമുകും ചത്തൊടുങ്ങുന്നതാണ് കാഴ്ച. ഓല മാത്രമല്ല പൂക്കുലയും ഇങ്ങനെ കരിഞ്ഞ് വീഴുന്നതിനാൽ ഉൽപാദനം ഇല്ലാതാകുന്നു. രോഗം പ്രത്യക്ഷപ്പെട്ടു തുടങ്ങിയ തോട്ടങ്ങളിൽ പോലും ഉൽപാദനം പകുതിയോളം കുറഞ്ഞു. ഇത്തവണ ഒരിക്കൽ പോലും അടയ്ക്ക പറിക്കാത്ത തോട്ടങ്ങളുണ്ട്. പതിവു രീതിയനുസരിച്ച് 2 തവണ അടയ്ക്ക പറിക്കേണ്ട സമയം കഴിഞ്ഞു. തൈകളെയും രോഗം വെറുതെ വിടുന്നില്ല. തുടക്കത്തിൽ കർണാടക അതിർത്തി പ്രദേശങ്ങളിലാണ് രോഗം കണ്ടിരുന്നത്. ഇപ്പോൾ ജില്ല മുഴുവൻ ബാധിച്ചു കഴിഞ്ഞു.
കൃഷിവകുപ്പ് എന്തു ചെയ്തു?
രോഗവ്യാപനത്തിൽ ദുരിതത്തിലായ കർഷകരെ സഹായിക്കാനുള്ള ഉത്തരവാദിത്തം കൃഷിവകുപ്പ് മറന്നതു പോലെയാണു കാര്യങ്ങൾ. എല്ലാം കർഷകരെ ഏൽപിച്ച് കയ്യൊഴിയുകയാണ് ഉദ്യോഗസ്ഥർ. ജില്ലയിൽ എത്ര സ്ഥലങ്ങളിൽ രോഗം ബാധിച്ചു, എത്ര സ്ഥലങ്ങളിൽ കൃഷി നശിച്ചു എന്നതിന്റെ കണക്കു പോലും കൃഷി വകുപ്പിന്റെ കയ്യിലില്ല.
2023 ജനുവരി മാസത്തിലാണ് ആദ്യവും അവസാനവുമായി കൃഷിവകുപ്പ് ഇതിന്റെ കണക്കെടുത്തത്. അന്നു തന്നെ 215 ഹെക്ടർ സ്ഥലത്ത് രോഗം ബാധിച്ചതായി കണ്ടെത്തിയിരുന്നു. അതു കഴിഞ്ഞ് 2 വർഷം പിന്നിടുമ്പോഴും കൃത്യമായ കണക്കെടുത്ത് സംസ്ഥാന സർക്കാരിനെ പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താൻ ജില്ലയിലെ കൃഷിവകുപ്പിനു സാധിച്ചിട്ടില്ല എന്നതു വലിയ വീഴ്ചയാണ്. കാസർകോട് വികസന പാക്കേജിൽ നിന്ന് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പണം ലഭ്യമാക്കാമെന്നിരിക്കെ, അതിനുള്ള ഇടപെടലും ഉണ്ടായില്ല.
രോഗകാരണവും നിയന്ത്രണവും
കൊളിറ്റോട്രിക്കം എന്ന കുമിളാണ് രോഗത്തിന് കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മഴക്കാലത്താണ് ഇത് തീവ്രമാകുന്നത്. കാലാവസ്ഥാമാറ്റവും ഇപ്പോഴത്തെ രോഗവ്യാപനത്തിനു പിന്നിലുണ്ടെന്ന് സിപിസിആർഐ അധികൃതർ പറയുന്നു. ഒരു മില്ലി ലീറ്റർ പ്രൊപിക്കൊണസോൾ എന്ന കുമിൾനാശിനി ഒരു ലീറ്റർ വെള്ളത്തിൽ അനുപാതത്തിൽ ചേർത്ത് ഓലയുടെ മുകളിൽ തളിക്കുക.
ഒരു മാസത്തിനുള്ളിൽ പ്രൊപിനെബ് എന്ന കുമിൾനാശിനി 2 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന അളവിൽ തയാറാക്കി തളിക്കുക. ഒരു പ്രദേശത്ത് രോഗമുണ്ടെങ്കിൽ, അവിടെയുള്ള മുഴുവൻ കർഷകരും ഒരുമിച്ച് മരുന്ന് തളിക്കുകയാണ് ഉചിതം. ഒരാൾ തളിക്കുകയും അടുത്തുള്ളയാൾ തളിക്കാതിരിക്കുകയും ചെയ്താൽ അതിൽ നിന്നു വീണ്ടും രോഗം പടരാനിടയാകും. തോട്ടം വൃത്തിയായി സൂക്ഷിക്കേണ്ടതും ആവശ്യമാണ്.
കൃഷിഭവനുകൾ മുൻകൈ എടുക്കണം
ഉൽപാദന നഷ്ടത്തിൽ കർഷകർ ദുരിതത്തിലായ സാഹചര്യത്തിൽ, കൃഷിഭവൻ നേരിട്ട് തൊഴിലാളികളെ നിയോഗിച്ച് കുമിൾനാശിനി തളിച്ചാൽ രോഗപ്രതിരോധം ഫലപ്രദമാകുമെന്നാണ് ആവശ്യം. കുമിൾനാശിനിയുടെ വിലയും തൊഴിലാളികളുടെ കൂലിയും ചെറുകിട കർഷകർക്കു താങ്ങാൻ സാധിക്കുന്നതല്ല. അതുകൊണ്ട് കൃഷിവകുപ്പ് നേരിട്ട് രോഗപ്രതിരോധ ദൗത്യം ഏറ്റെടുക്കണം.
കൃഷിഭവനുകളിൽ തൊഴിലാളികൾക്കു പരിശീലനം നൽകിയാണു ഇതിനു നിയോഗിക്കേണ്ടത്. കൃഷിവകുപ്പിന് ഫണ്ടിന്റെ കുറവുണ്ടെങ്കിൽ തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിലെ തുക ഇതിനു വേണ്ടി മാറ്റിവയ്ക്കാവുന്നതാണ്. വളത്തിനു വേണ്ടി വലിയ തുക ഓരോ തദ്ദേശ സ്ഥാപനങ്ങളും മാറ്റിവെക്കുന്നുണ്ട്. ഈ വർഷം ആ തുക കുമിൾനാശിനി തളിക്കാൻ ഉപയോഗിക്കുകയാണെങ്കിൽ അതു ഗുണകരമാകും.