കാസർകോട് ജനറൽ ആശുപത്രിയിലേക്ക് പുതുതായി 44 സ്പെഷലിസ്റ്റ് ഡോക്ടർമാർ
Mail This Article
കാസർകോട് ∙ കാസർകോട് ജനറൽ ആശുപത്രിയെ കാസർകോട് ഗവ.മെഡിക്കൽ കോളജിന്റെ ടീച്ചിങ് ആശുപത്രിയായി ഉത്തരവിറക്കിയതിനു പിന്നാലെ 44 ഡോക്ടർമാരെ പുതുതായി ജനറൽ ആശുപത്രിയിലേക്കു നിയമിച്ചു. എംബിബിഎസ് കോഴ്സ് അനുവദിക്കുന്നതിനു മുന്നോടിയായി ആരോഗ്യ സർവകലാശാലാ സംഘം ഉടനെ ജനറൽ ആശുപത്രി സന്ദർശിക്കുന്ന സാഹചര്യത്തിലാണു നിയമനം. കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, കണ്ണൂർ മെഡിക്കൽ കോളജുകളിൽനിന്ന് വർക്കിങ് അറേഞ്ച്മെന്റിന്റെ ഭാഗമായാണു മാറ്റമെന്ന് ഉത്തരവിലുണ്ട്.
ജനറൽ ആശുപത്രി നേരത്തേ കാസർകോട് മെഡിക്കൽ കോളജ് ആശുപത്രിയായി ഉത്തരവിറക്കിയിരുന്നതിനാൽ മെഡിക്കൽ കോളജിലേക്കെന്നു പറഞ്ഞാണു നിയമനം.വർക്കിങ് അറേഞ്ച്മെന്റിന്റെ ഭാഗമായാണു നടപടിയെന്നും എത്രയും വേഗം കാസർകോട് മെഡിക്കൽ കോളജിൽ ഡ്യൂട്ടിക്കു ഹാജരാവണമെന്നും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച ഉത്തരവിലുണ്ട്.
ഗൈനക്കോളജി –3, ഓർത്തോപീഡിക് –3, ഇഎൻടി –1, ജനറൽ സർജറി –4, ജനറൽ മെഡിസിൻ –1, റേഡിയോ ഡയഗ്‌നോസിസ് –2, ശിശുരോഗം –1, സൈക്യാട്രി –1, അനസ്തീസിയ –4, നേത്രരോഗം –2, ഫിസിയോളജി –3, അനാട്ടമി –3, കമ്യൂണിറ്റി മെഡിസിൻ –2, ഫൊറൻസിക് മെഡിസിൻ –2, ബയോകെമിസ്ട്രി –3, ഫാർമക്കോളജി –3, പത്തോളജി –2, മൈക്രോ ബയോളജി –3, ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജൻ –1 എന്നിങ്ങനെ ഡോക്ടർമാരാണു കാസർകോട്ടേക്കു വരുന്നത്.
നിലവിൽ ജനറൽ ആശുപത്രി സ്ഥലവും ജീവനക്കാരും ആശുപത്രിയുടെ ഉപകരണങ്ങളും ഉൾപ്പെടെയെല്ലാം മെഡിക്കൽ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കാസർകോട് ഗവ.മെഡിക്കൽ കോളജുമായി ബന്ധപ്പെട്ടാണു പ്രവർത്തിക്കുന്നത്. കാസർകോട് ഉക്കിനടുക്കയിലെ ഗവ.മെഡിക്കൽ കോളജ് കെട്ടിടം നിർമാണം പൂർത്തിയാകാത്ത സാഹചര്യത്തിലാണു ജനറൽ ആശുപത്രിയെ മെഡിക്കൽ കോളജുമായി ബന്ധിപ്പിച്ചത്. ഇവിടെ എംബിബിഎസ് കോഴ്‌സ് ആരംഭിക്കുന്നതിന് 220 കിടക്കകളുള്ള ആശുപത്രി, 3 വർഷത്തെ കിടത്തി ചികിത്സാ പ്രവർത്തനപരിചയം തുടങ്ങിയ ദേശീയ മെഡിക്കൽ കമ്മിഷന്റെ മാനദണ്ഡങ്ങൾ പാലിക്കേണ്ടത് ആവശ്യമാണ്.
ഇത്തരം സൗകര്യങ്ങൾ ജനറൽ ആശുപത്രിയിൽ ലഭ്യമാക്കുന്നതിനു മുന്നോടിയായാണു ഡോക്ടർമാരുടെ നിയമനം. 2025-26 അധ്യയന വർഷത്തിൽ 50 വിദ്യാർഥികളെ ഉൾപ്പെടുത്തി എംബിബിഎസ് പ്രവേശനം ആരംഭിക്കുന്നതിനു ദേശീയ മെഡിക്കൽ കമ്മിഷനും കേരള ആരോഗ്യ സർവകലാശാലയ്ക്കും മുൻപാകെ അപേക്ഷ സമർപ്പിക്കുന്നത് അടക്കമുള്ള നടപടിക്രമം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പൂർത്തിയാക്കി വരികയാണ്. ആരോഗ്യ സർവകലാശാലാ സംഘം ഇതിനു മുന്നോടിയായി ആശുപത്രിയിൽ പരിശോധന നടത്തും.