വേനൽക്കാലത്ത് വന്യജീവികളുടെ ദാഹമകറ്റാൻ വനംവകുപ്പിന്റെ ‘വനനീര്’
Mail This Article
കാസർകോട് ∙ വേനൽക്കാലത്ത് വന്യജീവികളുടെ ദാഹമകറ്റാൻ വനംവകുപ്പിന്റെ ‘വനനീര്’. പദ്ധതിയുടെ ഭാഗമായി കാറഡുക്ക, പരപ്പ, ബന്തടുക്ക, മരുതോം, പനത്തടി, റാണിപുരം വനമേഖലകളിൽ മൂന്നൂറോളം ചെറു തടയണകൾ നിർമിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ. കുടിവെള്ളം കിട്ടാതെ വന്യമൃഗങ്ങൾ കാടിറങ്ങുന്നതു തടയുക എന്നതു കൂടി ലക്ഷ്യമിട്ടാണ് പരമ്പരാഗത ജലസ്രോതസ്സുകൾ പുനരുജ്ജീവിപ്പിച്ചു തടയണകൾ നിർമിക്കുന്നത്. കഴിഞ്ഞ വർഷം 80 ലേറെ തടയണകൾ നിർമിച്ചിരുന്നു. ഇതിനു ഗുണം ചെയ്തുവെന്ന വിലയിരുത്തലിലാണ് ഈ വർഷം കൂടുതൽ തടയണകൾ നിർമിക്കുന്നത്. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം നടക്കും.
‘ബ്രഷ്‌വുഡ്’ തടയണകൾ
ഉൾക്കാടുകളിലെ സ്വാഭാവിക ജലസ്രോതസ്സുകളായ അരുവികളിലും ചാലുകളിലുമാണ് ചെറുതടയണകൾ നിർമിക്കുന്നത്. പ്രകൃതിസൗഹൃദമായ ‘ബ്രഷ്‌വുഡ്’ തടയണകളാണ് നിർമിക്കുന്നവയിൽ കൂടുതലും. വനത്തിനുള്ളിൽ വീണുകിടക്കുന്ന പാഴ്മരങ്ങൾ, കമ്പുകൾ,പുല്ല്, ഇല മുതലായവ ഉപയോഗിച്ചുള്ളവയാണ് ബ്രഷ്‌വുഡ് തടയണകൾ. മഴവെള്ളപ്പാച്ചിലിൽ ഇവ ഒഴുകിപ്പോകുന്നതിനാൽ ഒഴുക്ക് തടസ്സപ്പെടുകയുമില്ല. ഇതിനു പുറമെ കുളങ്ങൾ, നീരുറവകൾ, പള്ളങ്ങൾ എന്നിവ വൃത്തിയാക്കി ജലലഭ്യത ഉറപ്പാക്കും. പുലിഭീതി രൂക്ഷമായി നിൽക്കുമ്പോൾ, കൂടുതൽ വന്യമൃഗങ്ങൾ നാട്ടിലിറങ്ങിയാൽ ജനജീവിതം കൂടുതൽ ബുദ്ധിമുട്ടിലാകും. ഇതുകൂടി മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളാണ് വനംവകുപ്പ് നടത്തുന്നത്.
തൊഴിലുറപ്പ് സഹകരണം
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജലശക്തി അഭിയാൻ എന്നിവയുടെ സഹകണത്തോടെയാണു തടയണകൾ നിർമിക്കുന്നത്. ഇതിനു പുറമേ വനസംരക്ഷണ സമിതി, എൻഎസ്എസ് യൂണിറ്റുകൾ എന്നിവരുടെ സേവനവും ഉപയോഗിക്കും. വനംവകുപ്പ് ജീവനക്കാരും ഇതിന്റെ ഭാഗമാകുന്നതിനാൽ നിർമാണത്തിനു അധികം ചെലവ് വരുകയില്ല.
തീം സോങ്
വനനീര് പദ്ധതിയുടെ ഭാഗമായി വനംവകുപ്പ് തയാറാക്കിയ തീം സോങ് ഔദ്യോഗിക ഉദ്ഘാടനത്തോടനുബന്ധിച്ച് പുറത്തിറക്കും.
‘തെളിനീരൊഴുകട്ടെ കാടിന്നുറവകൾ തെളിയട്ടേ....നാടിൻ ദാഹമകറ്റാൻ കാടിന്നുറവകൾ ഒഴുകട്ടേ.....’
എന്നു തുടങ്ങുന്ന ഗാനത്തിൽ കാടിനുള്ളിലെ ജലസമ്പത്തിനെക്കുറിച്ചും അതു സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവുമൊക്കെ വ്യക്തമാക്കുന്നതാണ്. സാമൂഹിക വനവൽകരണ വിഭാഗം ഡപ്യൂട്ടി റേഞ്ച് ഓഫിസർ എൻ.വി.സത്യന്റെതാണ് വരികൾ. ഡിഎഫ്ഒ കെ.അഷ്റഫാണ് പാടിയത്. കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. കണ്ണൻ സി.എസ്.വാര്യരാണ് സംഗീതം.