വെറ്റിലക്കൊട്ട്പാട്ടിന്റെ അലയൊലി വീണ്ടും
Mail This Article
അണങ്കൂർ ∙ അരനൂറ്റാണ്ടു മുൻപ് ചരിത്രത്തിലെ ഓർമ മാത്രമായി മാറിയ വിവാഹ വീട്ടിലെ വെറ്റിലക്കൊട്ട്പാട്ട് വീണ്ടും. മുസ്‍ലിം ഭവനങ്ങളിൽ വരനെ അണിയിച്ചൊരുക്കി ഒപ്പ ഒരു ആട്, ട്രങ്ക് പെട്ടി, പെട്രോമാക്സ് എന്നിവയുമായി വധുവിന്റെ വീട്ടിലേക്കുള്ള പാട്ടുപാടി യാത്രയാണാ വെറ്റിലപ്പാട്ട് കൊട്ട് എന്ന് അറിയപ്പെട്ടിരുന്നത്. തുരുത്തി ഐലൻഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന കൾചർ നൈറ്റിലാണ് ടി.കെ.അഷ്റഫ്, അഷ്റഫ് ഓതുന്നപുരം എന്നിവരുടെ നേതൃത്വത്തിൽ വെറ്റിലക്കൊട്ട്പാട്ട് അവതരിപ്പിച്ചത്. 50 വയസ്സ് കഴിഞ്ഞവർ ഉൾപ്പെടെയുള്ള 16 അംഗ സംഘമാണ് പാട്ട് അവതരിപ്പിച്ചത്. വെളുത്ത മുണ്ടും പച്ച അരപ്പട്ടയും ബനിയനും ധരിച്ച് തലേക്കെട്ടുമായി അവർ താളച്ചുവടുവച്ചു.
‘കാണിക്കയും കൊണ്ട് ഞങ്ങൾ വരും നേരം, കൂടും സഭയെല്ലാം അദ വായി നിന്നോളി, മാണിക്കത്തും മേലെ ലെങ്കും നബിയാണോർ, മുന്തി വൈകുന്നേരം പയക്കം ചുരുക്കുവിൻ, ഞാണിൽ പുതുമാരൻ ഓളി വന്ന പൊന്മുടി, ലാംപും കത്തും പാല വർണം കൊണ്ടാനെ , എങ്ങും ചിങ്കാര മരുമോനെ എംപും ആരംഭ അമ്മായി കണ്ടാനെ....തുടങ്ങിയ വരികൾ കൊട്ടിപ്പാടി. നഗരസഭാ അംഗം ബി.എസ്.സൈനുദ്ദീൻ, ടി.എസ്.സൈനുദ്ദീൻ, അബ്ദു ഗ്രീൻ, അബ്ദുൽഖാദർ, ബി.എസ്. ഷംസുദ്ദീൻ, ടി.എസ്. ഇഖ്ബാൽ, റഹീം അബൂബക്കർ, മുനീർ ചാല, ടി.കെ.ഹബീബ്,ടി.എ.ഹാരിസ് ,അബ്ദുറഹ്മാൻ ചാല, ഹാരിസ് പീടിക, അബ്ദുൽറഹ്മാൻ സൂപ്പിക്കൂട്ടി (പുതുമാരൻ), ടി.എം.മുഹമ്മദ് ഷരീഫ്, ടി.എം.അബ്ദുൽ മജീദ് എന്നിവരായിരുന്നു സംഘത്തിലെ മറ്റംഗങ്ങൾ.
ദിവസങ്ങൾ നീണ്ട പരിശീലനത്തിനു ശേഷമാണ് ഇവർ അരങ്ങിയത്. നിക്കാഹ് കഴിഞ്ഞ് പുതുമാരനെ അണിയിച്ച് വീട്ടിൽ നിന്നു പാനീസ് വെളിച്ചത്തിൽ വധൂഗൃഹത്തിലേക്ക് കൊണ്ടു പോകുന്ന പഴയ രംഗം തുടർന്നും വേദികളിൽ അവതരിപ്പിക്കാനുള്ള പരിശീലനത്തിലാണ് സംഘം. വെറ്റില, പുകയില, ചുണ്ണാമ്പ്, അടയ്ക്ക, വിവിധ തരം മിഠായി, അലക്ക് സോപ്പ്, നീലം, റിബൺ, സാരി, തട്ടം, ആട്, പൂവെണ്ണ, വിവിധ സുഗന്ധദ്രവ്യങ്ങൾ തുടങ്ങിയവയുമായിട്ടായിരുന്നു വൈദ്യുതിയില്ലാത്ത പഴയ കാലങ്ങളിൽ രാത്രി പാനീസ് വെളിച്ചത്തിൽ പുതുമാരൻ വധൂഗൃഹത്തിൽ വീട്ടുകാരുമായി എത്തിയിരുന്നത്. വെറ്റിലക്കൊട്ടു പാട്ടു സംഘം അന്നു മിക്ക പ്രദേശങ്ങളിലും ഉണ്ടായിരുന്നു. ഇതാണ് തുരുത്തിയിൽ പുനരാവിഷ്കരിച്ചത്.