പെരിയ കേസ്; നേതാക്കളുടെ ശിക്ഷ റദ്ദാക്കിയതായി സിപിഎം വ്യാജ പ്രചാരണം നടത്തുന്നു: കോൺഗ്രസ്
Mail This Article
കാസർകോട് ∙ പെരിയ കല്യോട്ട് ഇരട്ടക്കൊലപാതക കേസിൽ 4 സിപിഎം നേതാക്കളുടെ ശിക്ഷ കോടതി റദ്ദാക്കിയതായി സിപിഎം വ്യാജ പ്രചാരണം നടത്തുന്നതായി കോൺഗ്രസ്. ശിക്ഷ റദ്ദ് ചെയ്തിട്ടില്ലെന്നും ശിക്ഷ നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുക മാത്രമാണ് ചെയ്തതെന്ന് ജാമ്യം അനുവദിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാണെന്നും പ്രതികളെ കുറ്റവിമുക്തർ എന്ന നിലയിൽ പ്രചരിപ്പിക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുകയെന്നും രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു.
സിപിഎം നേതാക്കളായ കെ.വി.കുഞ്ഞിരാമൻ, കെ.മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെ.വി.ഭാസ്കരൻ എന്നീ പ്രതികൾ 5 വർഷം ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ് ചെയ്തിരിക്കുന്നത്. കോടതിയാവട്ടെ പ്രതികൾ കസ്റ്റഡിയിലുള്ള 2018 മുതലുള്ള ഇത്തരം അപ്പീലുകളാണ് നിലവിൽ പരിഗണിക്കുന്നത്. പെരിയ കേസ് പ്രതികളായ സിപിഎം നേതാക്കൾ നൽകിയ അപ്പീൽ ഇതുപ്രകാരം പരിഗണനയ്ക്കെടുക്കുമ്പോഴേക്കും ഇവരുടെ 5 വർഷത്തെ ശിക്ഷാ കാലാവധി കഴിഞ്ഞിരിക്കും.
2024ലെ സുപ്രീംകോടതി ഗൈഡ്‍ ലൈൻ പ്രകാരം പ്രതികൾക്കെതിരായി വിധിച്ച ശിക്ഷ നടപ്പിൽ വരുത്തുന്നത് താൽക്കാലികമായി നിർത്തിവയ്ക്കാനാണ് കോടതി ഉത്തരവിട്ടത്. 50000 രൂപ വീതമുള്ള 2 ആൾ ജാമ്യവും കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരമായി നൽകേണ്ട തുകയുടെ 10 ശതമാനമായ 10000രൂപയും കോടതിയിൽ കെട്ടിവച്ചാണ് പ്രതികൾ പുറത്തിറങ്ങിയത്.–രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. പെരിയ കേസിൽ തുടരന്വേഷണം വേണമെന്നാണ് കോൺഗ്രസ് തീരുമാനമെന്ന് ഡിസിസി പ്രസിഡന്റ് .പി.കെ. ഫൈസൽ, യുഡിഎഫ് കൺവീനർ എ. ഗോവിന്ദൻ നായർ എന്നിവർ അറിയിച്ചു,