ADVERTISEMENT

കാസർകോട് ∙ ജില്ലയുടെ വികസനക്കുതിപ്പിലേക്കു ചിറകുവിരിച്ചു പറക്കാൻ വെമ്പുന്ന ദേശീയപാതയിലെ ഒറ്റത്തൂൺ പാലം ഒരു മാസത്തിനുള്ളിൽ പൂർത്തിയാകും. ഫെബ്രുവരി 15ന് അകം നിർമാണം പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണു നിർമാണ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി. ദക്ഷിണേന്ത്യയിലെ ഏറ്റവും വീതിയുള്ള ഒറ്റത്തൂൺ മേൽപാലമെന്ന ഖ്യാതിയോടെയാണു കാസർകോട്ടെ പാലം പ്രീ ഫാബ്രിക്കേറ്റഡ് ടെക്നോളജിയിൽ ഉയരുന്നത്.

നുള്ളിപ്പാടിയിൽ അപ്രോച്ച് റോഡ് നിർമാണം ഉടൻ
നുള്ളിപ്പാടിയിൽ നാട്ടുകാർ അടിപ്പാതയ്ക്കു വേണ്ടി ഉന്നയിച്ച ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല.  ഓട്ടോറിക്ഷയ്ക്ക് എങ്കിലും പോകാനുള്ള വഴിക്കായി എൻഎച്ച് അതോറിറ്റിയിൽ അനുമതി തേടിയിട്ടുണ്ട്. ഇതിനുള്ള നിർമാണച്ചെലവ് നൽകാൻ സന്നദ്ധമാണെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. ഈ അപ്രോച്ച് റോഡിന്റെ പ്രവൃത്തി തീർന്നാലേ വാഹന ഗതാഗതം ആരംഭിക്കൂ. 500 മീറ്ററോളം അപ്രോച്ച്  റോഡ് നി‍ർമാണം പൂർത്തിയാകാനുണ്ട്.

ഉപ്പള ഫ്ലൈഓവർ അന്തിമഘട്ടത്തിൽ
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയാണു തലപ്പാടി മുതൽ ചെങ്കള വരെയുള്ള 39 കിലോമീറ്റർ ദേശീയപാതാ വികസന നിർമാണം നടത്തുന്നത്. 1703 കോടി രൂപയാണു നിർമാണച്ചെലവ്. 45 മീറ്റർ വീതിയിൽ നിർമിക്കുന്ന പാതയിൽ 27 മീറ്റർ വീതിയിലാണ് ആറുവരി പാത. ഓരോന്നിനും 3.5 മീറ്റർ വീതി. സർവീസ് റോഡിൽ ഇരുഭാഗത്തേക്കും വാഹനങ്ങൾക്കു പോകാൻ സൗകര്യമുണ്ടാകുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ആകെ 6.75 മീറ്റർ വീതിയാണു സർവീസ് റോഡിന്. തലപ്പാടി– ചെങ്കള റീച്ചിൽ 87 ശതമാനം ദേശീയപാതാ വികസനം പൂർത്തിയായി. ഉപ്പളയിൽ 210 മീറ്റർ നീളത്തിലുള്ള ഫ്ലൈ ഓവർ  നിർമാണം നടന്നു വരുന്നുണ്ട്. നിർമാണത്തിന്റെ 80 ശതമാനം പൂർത്തിയായി.  തലപ്പാടി – ചെങ്കള റീച്ചിൽ ഇത് അടക്കം 2 ഫ്ലൈ ഓവർ ഉള്ളത്.

ഗതാഗതക്കുരുക്കിന് ടാറ്റാ, ബൈ..ബൈ
കാസർകോട് നഗരത്തിൽ ഫ്ലൈ ഓവർ വാഹനഗതാഗതത്തിനു തുറന്നു കൊടുക്കുന്നതോടെ സ്ഥിരംപരാതിയായ ഗതാഗതക്കുരുക്കിനു പരിഹാരമാകും. താഴെ വിപുലമായ വാഹന പാർക്കിങ് സൗകര്യം ലഭ്യമാകും. നൈറ്റ് സ്ട്രീറ്റ്, ബാസ്കറ്റ്ബോൾ കോർട്ട്, ഉദ്യാനം തുടങ്ങിയവ ഒരുക്കാൻ നിർദേശങ്ങളുണ്ട്. മേൽപാലത്തിനു താഴെ 3 സ്പാനിനു ഇടയിൽ ഇരുപത്തഞ്ചോളം വാഹനങ്ങൾക്കു പാർക്ക് ചെയ്യാം. 

നിശ്ചിത സ്ഥലങ്ങളിൽ  വാഹനങ്ങൾക്കു കുറുകെ കടന്നു പോകുന്നതിനു സൗകര്യം ഏർപ്പെടുത്തണമെന്നും നിർദേശമുണ്ട്. നി‍ർദേശങ്ങൾ ബന്ധപ്പെട്ട നിർമാണ കമ്പനി, എൻഎച്ച് എഐ അധികൃതർ ഉൾപ്പെടെയുള്ളവരുമായി ചർച്ച ചെയ്യുമെന്നു നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം പറ‍ഞ്ഞു.

1.13 കിലോമീറ്റർ നീളം; 29 തൂണുകൾ
ദേശീയപാതയിൽ കറന്തക്കാട് അഗ്നിസുരക്ഷാ നിലയം മുതൽ കാസർകോട് പുതിയ ബസ് സ്റ്റാ‍ൻഡിനു സമീപത്തെ അയ്യപ്പ ക്ഷേത്രം വരെ 1.13 കിലോമീറ്റർ നീളത്തിൽ 28.5 മീറ്റർ വീതിയിൽ 5.5 മീറ്ററിലേറെ ഉയരത്തിലുള്ള 29 സ്പാനുകളിലായി പണിതതാണു ഫ്ലൈ ഓവർ. ഒറ്റത്തൂണിൽ പണിത പാലത്തിന്റെ കോൺക്രീറ്റ് ഉൾപ്പെടെ 95 ശതമാനം ജോലിയും തീർന്നു.

ഉപരിതലത്തിൽ ഇരുഭാഗത്തും സംരക്ഷിത റെയ്‌ലിങ് കോൺക്രീറ്റ് ജോലി നടക്കുന്നുണ്ട്. തട്ടുകൾ നീക്കിയശേഷം നാഷനൽ ഹൈവേ അതോറിറ്റിയുടെ അനുമതിയോടെയായിരിക്കും ഇതിലൂടെയുള്ള പ്രധാനപാത ഗതാഗതത്തിനു തുറന്നു കൊടുക്കുക. അപ്രോച്ച് റോഡിന്റെ പണി പൂർത്തിയാകാനുണ്ട്. അതു കൂടി പൂർത്തിയായി അനുമതി ലഭിച്ചാൽ അടുത്ത മാസം അവസാനത്തോടെ വാഹന ഗതാഗതം ആരംഭിക്കാനാകും.

English Summary:

Kasaragod single-pillar bridge is nearing completion, significantly improving traffic flow. The project, along with highway expansions and other flyovers, represents a major infrastructural upgrade for the district.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com