നികത്താതെ ഒഴിവുകൾ; പകുതിയിലേറെ ജിഎച്ച്എസ് സ്കൂളുകളിൽ പ്രിൻസിപ്പൽമാരില്ല
Mail This Article
കാസർകോട്∙ വാർഷിക പരീക്ഷ തുടങ്ങാനിരിക്കെ, ജില്ലയിലെ പകുതിയിലേറെ സർക്കാർ ഹയർസെക്കൻഡറി വിദ്യാലയങ്ങളിൽ പ്രിൻസിപ്പൽമാരില്ല. അടുത്തിടെ നടന്ന സ്ഥലം മാറ്റത്തെതുടർന്നാണു ഇത്രയും ഒഴിവുകളുണ്ടായത്. ജില്ലയിൽ 65 സർക്കാർ ഹയർസെക്കൻഡറി വിദ്യാലയങ്ങളിൽ 39 ഇടങ്ങളിലാണ് പ്രിൻസിപ്പൽ ഇല്ലാത്തത്. സ്ഥലം മാറ്റത്തിനു മുൻപ് 20 വിദ്യാലയങ്ങളിലായിരുന്നു ഒഴിവുകളുണ്ടായിരുന്നത് ഇപ്പോൾ 39 ആയി വർധിച്ചു.
21 പ്രിൻസിപ്പൽമാരെ സ്ഥലം മാറ്റിയതിൽ 19 പേരെ നിയമിച്ചത് ജില്ലയ്ക്കു പുറത്താണ്. എന്നാൽ പകരമായി ജില്ലയിലേക്കു ആരുമെത്തിയില്ല. 2 പേരെ മാത്രമാണ് ജില്ലയിൽ തന്നെ മാറ്റി നിയമിച്ചത്. പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷ 22 മുതൽ തുടങ്ങുകയാണ്. ഫെബ്രുവരിയിൽ മാതൃക, മാർച്ചിൽ വാർഷിക പരീക്ഷയും നടക്കും. എന്നാൽ പ്രിൻസിപ്പൽ ഇല്ലാത്തതിനാൽ സീനിയറായ അധ്യാപകനാണു ചുമതല. ഇതു പരീക്ഷകളെയും പഠന പ്രവർത്തനങ്ങളെയും ബാധിക്കുമെന്ന ആശങ്കയും ഏറെയാണ്.
സ്ഥിരം പ്രിൻസിപ്പൽമാർക്കു ആഴ്ചയിൽ 8 പിരീഡാണ് പഠിപ്പിക്കേണ്ടത്. എന്നാൽ പ്രിൻസിപ്പൽ ചുമതല ഏൽക്കുന്ന അധ്യാപകൻ നിലവിൽ ആഴ്ചയിൽ 16 മുതൽ 25 പിരീഡ് വരെ പഠിപ്പിക്കണം. അതിനാൽ പഠന പ്രവർത്തനങ്ങളും പരീക്ഷ നടത്തിപ്പും ഒരുമിച്ചു കൊണ്ടു പോകാൻ ഏറെ പ്രയാസം ഉണ്ടാകുമെന്ന പരാതിയാണ് ചുമതലക്കാരായ പ്രിൻസിപ്പൽമാർക്കുള്ളത്. സ്ഥാനക്കയറ്റം നടപ്പാക്കാതെ പ്രിൻസിപ്പൽമാരെ സ്ഥലം മാറ്റിയതാണ് ഈ പ്രതിസന്ധിക്കിടയാക്കിയത്.
ജിഎച്ച്എസ്എസ് ചന്ദ്രഗിരി, ഉദുമ,ബന്തടുക്ക, ബേക്കൂർ, ബേക്കൽ, പൈവളിഗെ, മൊഗ്രാൽപുത്തൂർ, ആദൂർ, ബേത്തൂർപ്പാറ, ബങ്കര മഞ്ചേശ്വരം, പട്ട്‍ല, പടന്നക്കടപ്പുറം, കാസർകോട്, മംഗൽപാടി, ഉപ്പള, കമ്പല്ലൂർ, തളങ്കര, രാവണിശ്വേരം, പെരിയ, കല്ല്യോട്ട്, കുമ്പള, തായന്നൂർ, തൃക്കരിപ്പൂർ, പരപ്പ, കക്കാട്ട്, ഷിറിയ, കൊട്ടോടി, ഇരിയണ്ണി,എടനീർ തുടങ്ങിയ വിദ്യാലയങ്ങളിലാണ് പ്രിൻസിപ്പൽമാരില്ലാത്തത്.
‘മുഴുവൻ ഒഴിവുകളും നികത്തണം’
കാസർകോട്∙ അധ്യയന വർഷം അവസാനിക്കാറായിട്ടും ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സ്ഥാനക്കയറ്റം നടക്കാതിരിക്കുന്നത് ജില്ലയിലെ ഹയർസെക്കൻഡറി വിദ്യാഭ്യാസ മേഖലയിൽ നാഥനില്ലാത്ത അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്ന് ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എകെഎസ്ടിയു) ജില്ലാ യോഗം അഭിപ്രായപ്പെട്ടു.
പ്രിൻസിപ്പൽ സ്ഥാനക്കയറ്റം നടത്തണമെന്നു ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് സംഘടന സന്ദേശമയച്ചു.ജില്ലയിലെ മുഴുവൻ പ്രിൻസിപ്പൽ ഒഴിവുകളിലും അടിയന്തരമായി നിയമനം നടത്താൻ നടപടി ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് എം.ടി. രാജീവൻ അധ്യക്ഷത വഹിച്ചു. വിനയൻ കല്ലത്ത്, സുനിൽകുമാർ കരിച്ചേരി, രാജേഷ് ഓൾനടിയൻ,ടി.എ അജയകുമാർ ,എ.സജയൻ, കെ.ശിശുപാലൻ, എം.വിനോദ് കുമാർ, എൻ.പ്രവീൺകുമാർ, കെ.നയനകുമാരി എന്നിവർ പ്രസംഗിച്ചു.