ദേശീയപാത വികസനം: നുള്ളിപ്പാടിയിൽ അടിപ്പാത നിർമിക്കണമെന്നാവശ്യം; റോഡ് നിർമാണം തടഞ്ഞു

Mail This Article
കാസർകോട്∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി നുള്ളിപ്പാടിയിൽ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് ആക‍്ഷൻ കമ്മിറ്റി നിർമാണ പ്രവൃത്തി തടഞ്ഞു. പൊലീസെത്തി സമരക്കാരെ നീക്കി. 10 ദിവസത്തേക്ക് നുള്ളിപ്പാടിയിലെ നിർമാണ പ്രവൃത്തി നിർത്തിവയ്ക്കാൻ പൊലീസ് നിർമാണ കമ്പനിയോട് ആവശ്യപ്പെട്ടതായി സമരക്കാർ അറിയിച്ചു.നുള്ളിപ്പാടിയിൽ അടിപ്പാത നിർമിക്കണമെന്നു ആവശ്യപ്പെട്ട് ആക‍്ഷൻ കമ്മിറ്റി നടത്തുന്ന സമരം ഒരു വർഷത്തിലേറെയായി.എന്നിട്ടും അനുകൂലമായ തീരുമാനം ഇല്ലാത്തതിനെ തുടർന്നാണു പുനരാരംഭിച്ച നിർമാണ പ്രവൃത്തി സമരക്കാർ തടഞ്ഞത്.
ദേശീയപാത നിർമാണം മൂലം വലിയ രീതിയിലുള്ള പ്രയാസമാണ് നേരിടുന്നതെന്ന് നുള്ളിപ്പാടിയിലെ പ്രദേശവാസികൾ പറഞ്ഞു.അടിപ്പാത ഇല്ലാത്തപക്ഷം ഇരുകരയിലുള്ളവർക്കും കിലോമീറ്ററുകൾ സഞ്ചരിച്ച് വേണം വീടുകളിലും മറ്റുമായി എത്താൻ. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചുള്ള പ്രവൃത്തി ഒരു കാരണവശാലും അനുവദിക്കില്ലെന്ന് സമരസമിതി ഭാരവാഹികൾ പറഞ്ഞു.നഗരസഭാംഗം പി.രമേശ്. അനിൽ ചെന്നിക്കര, വരപ്രസാദ്, എം. ലളിത, വിനോദ് കുമാർ എന്നിവർ സമരത്തിന് നേതൃത്വം നൽകി.