ദിവസവേതനക്കാർക്ക് വഴിവിട്ട നിയമനം: പഞ്ചായത്തുകൾക്ക് വീണ്ടും നോട്ടിസ്
Mail This Article
കാസർകോട് ∙ സർക്കാർ നിർദേശങ്ങൾ പാലിക്കാതെ ചട്ട വിരുദ്ധമായി ദിവസ വേതന നിയമനം നടത്തിയ ജില്ലയിലെ 26 പഞ്ചായത്തുകൾക്ക് വീണ്ടും നോട്ടിസ് അയച്ച് തദ്ദേശ സ്വയംഭരണ വകുപ്പ്.4 വർഷം മുൻപ് ധനകാര്യ വകുപ്പിന്റെ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ചട്ടം ലംഘിച്ചുള്ള ദിവസവേതന നിയമനങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. നോട്ടിസ് നൽകി വർഷങ്ങൾ കഴിഞ്ഞിട്ടും മറുപടി നൽകാത്തതിനാൽ ‘അടിയന്തര പ്രാധാന്യം’ എന്ന കുറിപ്പോടെയാണ് ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാർക്ക് തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർ വീണ്ടും കത്ത് നൽകിയത്
സർക്കാർ നിർദേശങ്ങൾ പാലിക്കാതെ പഞ്ചായത്തുകൾ ഡേറ്റ എൻട്രി ഓപ്പറേറ്റർ നിയമനം നടത്തുന്നതായും ഇത്തരം നിയമനങ്ങൾ നടത്തിയ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയെടുക്കണം എന്നുമായിരുന്നു 2019ൽ നടത്തിയ പരിശോധനയെ തുടർന്ന് ധനവകുപ്പ് നൽകിയ നിർദേശം. ജില്ലയിൽ മറ്റു പഞ്ചായത്തുകളിലും ഇത്തരം നിയമനം നടത്തുന്നതായും ഭരണവകുപ്പ് പരിശോധിച്ച് നടപടിയെടുക്കണമെന്നും നിർദേശിച്ചിരുന്നു.
കംപ്യൂട്ടർപോലും അറിയാത്ത ഡേറ്റാ എൻട്രി ഓപ്പറേറ്റർ..!
പള്ളിക്കര, ഉദുമ, പൈവളിഗെ പഞ്ചായത്തുകളിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ നിയമനം കിട്ടിയവർ കംപ്യൂട്ടർ അറിയാമെന്നു തെളിയിക്കുന്ന രേഖകളൊന്നും നൽകിയില്ലെന്നു ധനവകുപ്പ് കണ്ടെത്തിയിരുന്നു. പഞ്ചായത്തുകളിൽ നിലവിലില്ലാത്ത തസ്തികയിൽ അപേക്ഷ പോലും വാങ്ങാതെ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരെ നിയമിച്ചു. ഇന്റർവ്യൂ നടത്താതെയും അപേക്ഷ ഇല്ലാതെയും നിയമനം നടത്തുന്നുണ്ട്. 10 വർഷമായി ഒരാൾ തന്നെ ജോലി ചെയ്യുന്ന പഞ്ചായത്തുകളുണ്ട്. പള്ളിക്കര, ഉദുമ, മൊഗ്രാൽ പുത്തൂർ പഞ്ചായത്തുകളിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററായി ദിവസവേതനത്തിൽ ജോലി കിട്ടിയവർ 10 വർഷത്തിലേറെ ജോലി ചെയ്യുന്നവരാണെന്നും പഞ്ചായത്തുകളിൽ പെർഫോമൻസ് ഓഡിറ്റ് ടീം ഇക്കാര്യം ഭരണവകുപ്പ് അധികൃതരെ അറിയിച്ചില്ലെന്നും ധനവകുപ്പ് നൽകിയ റിപ്പോർട്ടിലുണ്ട്.
ദിവസവേതനത്തിൽ പരമാവധി 100 ദിവസം
പഞ്ചായത്തുകളിൽ താൽക്കാലിക വേതന അടിസ്ഥാനത്തിൽ ഒരു ഉദ്യോഗാർഥിക്ക് പരമാവധി 100 പ്രവൃത്തി ദിവസങ്ങളാണ് ജോലി ചെയ്യാൻ അനുമതിയുള്ളത്. ഓരോ വർഷവും പുതിയ സംഘം ആളുകളുടെ സേവനം ഉപയോഗപ്പെടുത്തണം എന്നാണ് സർക്കാർ നിർദേശം. അത് ഭൂരിഭാഗം പഞ്ചായത്തുകളിലും നടക്കുന്നില്ലെന്ന പരാതികളുണ്ട്. വഴി വിട്ട് ദിവസ വേതനം നൽകിയ പഞ്ചായത്തുകളിൽ എൽഡിഎഫും യുഡിഎഫും ബിജെപിയും ഭരിക്കുന്ന പഞ്ചായത്തുകൾ ഉൾപ്പെടുന്നു. ജില്ലയിലെ മുഴുവൻ പഞ്ചായത്തുകൾക്കും നേരത്തേ നോട്ടിസ് ലഭിച്ചിരുന്നു. ഇതിൽ 12 പഞ്ചായത്തുകൾ മറുപടി നൽകി.
വിവരം നൽകാതെ പഞ്ചായത്തുകൾ
2015– 16 സാമ്പത്തിക വർഷം മുതൽ പഞ്ചായത്തുകളിൽ കരാർ, ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം കിട്ടിയവരുടെ വിവരങ്ങൾ ആവശ്യപ്പെട്ട് ജില്ലാ ധനകാര്യ പരിശോധന സ്ക്വാഡ് ഒരു കുറിപ്പ് മംഗൽപാടി പഞ്ചായത്തിന് നൽകിയിരുന്നു. മറുപടി കിട്ടാത്തതിനാൽ 2019 ഒക്ടോബർ 31ന് ഒരു ഓർമക്കുറിപ്പു നൽകിയെങ്കിലും മറുപടി ലഭിച്ചില്ലെന്നാണ് ധനവകുപ്പിന്റെ റിപ്പോർട്ടിലുള്ളത്.
2020 ഫെബ്രുവരിയിൽ 2 തവണ ഈ പഞ്ചായത്തിൽ നേരിട്ട് പരിശോധനയ്ക്ക് എത്തിയെങ്കിലും ചുമതലപ്പെട്ട ഉദ്യോഗസ്ഥർ സഹകരിച്ചില്ലെന്നു ധനവകുപ്പ് ഇറക്കിയ റിപ്പോർട്ടിൽ കാണുന്നു. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിലെ വിവിധ ക്രമക്കേടുകൾ അന്വേഷിക്കാൻ ധനവകുപ്പിന് മതിയായ വിവരങ്ങൾ ലഭിക്കാത്തത് ഗുരുതരമായ അച്ചടക്കലംഘനമാണെന്നും അതിനാൽ അവർക്കെതിരെ മതിയായ അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നും ധനവകുപ്പിന്റെ പരിശോധന റിപ്പോർട്ടിലുണ്ട്.