ഭക്തിസാന്ദ്രം; തിരക്കേറി ആദൂർ പെരുങ്കളിയാട്ടം

Mail This Article
ആദൂർ ∙ കമുകിന്റെയും കരിമ്പനയുടെയും തോട്ടങ്ങൾക്കു നടുവിലെ ആദൂർ ഭഗവതി ക്ഷേത്ര സന്നിധിയിലേക്കു തെയ്യങ്ങളോരോന്നായി അരങ്ങിലെത്തിയപ്പോൾ ഇന്നലെ പെരുങ്കളിയാട്ട നഗരി സാക്ഷ്യം വഹിച്ചതു വൻ ജനത്തിരക്കിന്.കളിയാട്ടം ആരംഭിച്ചശേഷം ഏറ്റവുമധികം തെയ്യങ്ങൾ അരങ്ങിലെത്തിയ ദിവസമായിരുന്നു ഇന്നലെ. നനുത്ത കാറ്റ് വീശിക്കൊണ്ടിരുന്ന കളിയാട്ട നഗരിയിൽ ഇന്നലെ ഏറെ വ്യത്യസ്തമായ കാട്ടുകൊടന്ത, തൂവക്കാളി, തൂവക്കാരൻ തുടങ്ങിയ തെയ്യങ്ങളാണ് അരങ്ങിലെത്തിയത്.ഒരേ സമയം 5 തെയ്യങ്ങൾ വരെ ക്ഷേത്രമുറ്റത്തു നിറഞ്ഞാടി.വൈരാപുരത്തു വടക്കൻകോടി തെയ്യത്തിന്റെ പുറപ്പാടോടെയാണു നാലാം ദിവസമായ ഇന്നലെ കളിയാട്ടം ആരംഭിച്ചത്.
അസുരാളൻ തെയ്യം, കാട്ടുകൊടന്ത, തൂവക്കാളി, തൂവക്കാരൻ, വെളുത്തഭൂതം, കല്ലങ്കര ചാമുണ്ഡി, പഞ്ചാര ഗുളികൻ, മലങ്കര ചാമുണ്ഡി, മാന്ത്രിക ഗുളികൻ, രക്തേശ്വരി, മേച്ചേരി ചാമുണ്ഡി, വിഷ്ണു മൂർത്തി, ധൂമാവതി തെയ്യങ്ങൾ ഉൾപ്പെടെ 14 തെയ്യങ്ങൾ ഇന്നലെ അരങ്ങിലെത്തി.കാൽ ലക്ഷം പേർ കളിയാട്ടം കാണാനെത്തിയെന്നാണു സംഘാടകരുടെ കണക്ക്. വൈകിട്ട് 5നു ഭഗവതിമാരുടെ തോറ്റം, 7നു തെയ്യങ്ങളുടെ തുടങ്ങൽ എന്നിവ നടന്നു. കലാ സാംസ്കാരിക സദസ്സ് കാസർകോട് നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റ് കെ.ഗോപാലകൃഷ്ണ അധ്യക്ഷത വഹിച്ചു.രാത്രി യക്ഷഗാനവും നടന്നു. ദിവസം 4 നേരവും അന്നദാനം ഒരുക്കിയിട്ടുണ്ട്.