ഉഡുപ്പി – കരിന്തളം 400 കെവി പവർ ഹൈവേ തടസ്സം ഒഴിവായി; വേഗമെത്തും വൈദ്യുതി

Mail This Article
കാസർകോട് ∙ ഉഡുപ്പി – കരിന്തളം 400 കെവി പവർ ഹൈവേ പദ്ധതിയുമായി ബന്ധപ്പെട്ടു കർഷക രക്ഷാസമിതി മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ. ഇതോടെ പദ്ധതിക്കായി ലൈൻ വലിക്കുന്നതിനുള്ള തടസ്സം ഒഴിവായി. നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കർഷക രക്ഷാസമിതി 2 വർഷത്തോളമായി നടത്തിയ സമരം വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി, കെഎസ്ഇബി എംഡി ബിജു പ്രഭാകർ എന്നിവരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയെ തുടർന്നാണ് അവസാനിപ്പിച്ചത്. സമിതി മുന്നോട്ടുവച്ച ആവശ്യങ്ങൾ ഭൂരിഭാഗവും സർക്കാർ അംഗീകരിച്ചതായി സമരസമിതി ഭാരവാഹികൾ അറിയിച്ചു.
ജില്ലയിൽ വനത്തിലൂടെയുള്ള ടവറുകൾ ഒഴികെ ഭൂരിഭാഗത്തിന്റെയും പ്രവൃത്തി പൂർത്തിയായിട്ടുണ്ട്. എന്നാൽ കർഷക പ്രതിഷേധത്തെ തുടർന്നു ലൈൻ വലിക്കുന്നതു നിലച്ചിരുന്നു. കരിന്തളം ഭാഗത്ത് 10 കിലോമീറ്റർ ദൂരം കർഷക രക്ഷാസമിതിയുടെ അനുമതിയോടെ ലൈൻ വലിക്കുന്നുണ്ട്. മറ്റെവിടെയും ലൈൻ വലിക്കൽ ആരംഭിച്ചിട്ടില്ല. ചർച്ചയിൽ ജില്ലയിലെ എംഎൽഎമാരായ എൻ.എ.നെല്ലിക്കുന്ന്, സി.എച്ച്.കുഞ്ഞമ്പു, എം.രാജഗോപാലൻ, ഇ.ചന്ദ്രശേഖരൻ, കർഷക രക്ഷാസമിതി ചെയർമാനും ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷനുമായ ഷിനോജ് ചാക്കോ, കൺവീനർ നാരായണൻ കുട്ടി, വൈസ് ചെയർമാൻ എം.കെ.ഭാസ്കരൻ, സത്യനാഥ് കമ്പികാനം, ഫ്രാൻസിസ് ചാക്കോ കാട്ടുകുക്കെ, സിബി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിൽ 48 കിലോമീറ്റർ ദൂരത്തിൽ 100 ടവറുകളാണു സ്ഥാപിക്കുന്നത്.
ചർച്ചയിലെ പ്രധാന തീരുമാനങ്ങൾ
∙ ലൈൻ വലിക്കുന്ന 23 മീറ്റർ വീതിക്കും ഇരുവശത്തുമായി ആകെ 23 മീറ്റർ ബഫർസോണും ഉൾപ്പെടെ ഏറ്റെടുക്കുന്ന 46 മീറ്റർ വീതിയിൽ മുഴുവൻ സ്ഥലത്തിനും നഷ്ടപരിഹാരം നൽകും (നേരത്തേ ബഫർ സോണിന് നഷ്ടപരിഹാരം ഉണ്ടായിരുന്നില്ല).
∙ ഏറ്റെടുക്കുന്ന ഭൂമിക്കു ന്യായവിലയുടെ 60 ശതമാനം ലഭിക്കും. (നേരത്തേ ഇത് 15 ശതമാനമായിരുന്നു).
∙ വീട് നഷ്ടപ്പെടുന്നവർക്കു നഷ്ടപരിഹാരം നൽകും (നേരത്തേ ഇതു പരിഗണിച്ചിരുന്നില്ല).
∙ ദേശീയപാതയ്ക്കു കണക്കാക്കിയ നഷ്ടപരിഹാര മാതൃകയിലാണു നഷ്ടപരിഹാരം നൽകുക.
∙ അരയേക്കറിൽ താഴെ മാത്രമായുള്ള സ്ഥലത്തു കൂടെ ലൈൻ പോകുന്നുണ്ടെങ്കിൽ ആ സ്ഥലത്തിനു മുഴുവൻ നഷ്ടപരിഹാരം നൽകും.
∙ ടവർ സ്ഥാപിക്കുന്ന സ്ഥലത്തുനിന്നു മുറിച്ചു മാറ്റുന്ന വിളകൾക്കു നഷ്ടപരിഹാരം വർധിപ്പിക്കും. റബറിന് 3500 രൂപ എന്നത് 9000 രൂപയാക്കി (മരം മുറിച്ചവർക്ക് നേരത്തേ നഷ്ടപരിഹാരം നൽകിയിരുന്നു. പുതുക്കിയ നിരക്ക് മുൻകാല പ്രാബല്യം ആയിട്ടില്ല. ഇതിനായി സമര സമിതി കോടതിയെ സമീപിക്കും).
∙ ടവർ സ്ഥാപിക്കുന്ന സ്ഥലത്തിനു ഭൂമിയുടെ ന്യായവില കണക്കാക്കി അതിന്റെ 4 ഇരട്ടിയുടെ 85 ശതമാനം ലഭിക്കും.
∙ ലൈൻ പോകുന്ന സ്ഥലത്തു വീടു നിർമിക്കാന് വേഗത്തിൽ അനുമതി നൽകും.
∙ ടവർ സ്ഥാപിക്കുന്ന സ്ഥലം മാത്രമാണു വിട്ടുകൊടുക്കുന്നത്. ബാക്കി ലൈൻ പോകുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നില്ല.