സർവീസ് സംഘടനകളുടെ പണിമുടക്ക്: ഓഫിസ് പ്രവർത്തനങ്ങൾ ഭാഗികം

Mail This Article
കാസർകോട് ∙ കോൺഗ്രസ്–സിപിഐ അനുകൂല സർവീസ് സംഘടനകൾ നടത്തിയ പണിമുടക്കിനെ തുടർന്നു ജില്ലയിലെ വിവിധ ഓഫിസുകളുടെ പ്രവർത്തനം ഭാഗികമായി ബാധിച്ചു.ജില്ലയിൽ ഭൂരിപക്ഷം ജീവനക്കാരും പണിമുടക്കിൽ പങ്കാളിയായതായി അധ്യാപക സർവീസ് സംഘടനാ സമര സമിതി, സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ(സെറ്റോ) എന്നീ സംഘടനാ ഭാരവാഹികൾ അറിയിച്ചു.റവന്യു വകുപ്പിന്റെ ജില്ലയിലെ വിവിധ ഓഫിസുകളിൽ ഹാജരായ ജീവനക്കാരുടെ എണ്ണം കുറവായിരുന്നു.

പൊതുയോഗങ്ങളും പ്രകടനവും
സമരാനൂകൂലികളായ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കലക്ടറേറ്റ്, താലൂക്ക് ഓഫിസ് എന്നിവിടങ്ങളിൽ പ്രകടനവും പൊതുയോഗവും നടത്തി. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ചു സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, 12–ാം ശമ്പള പരിഷ്കരണ നടപടികൾ തുടങ്ങുക, ക്ഷാമബത്ത- ശമ്പള പരിഷ്കരണ കുടിശികകൾ പൂർണമായി അനുവദിക്കുക, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക, മെഡിസെപ് സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അധ്യാപക സംഘടന സമര സമിതി പണിമുടക്കിയത്.
വിദ്യാനഗർ സിവിൽ സ്റ്റേഷനിൽ പ്രകടനത്തിനുശേഷം നടന്ന യോഗം കെജിഒഎഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡോ ഇ.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ സുനിൽകുമാർ കരിച്ചേരി അധ്യക്ഷത വഹിച്ചു. പ്രസാദ് കരുവളം, ജി.സുരേഷ് ബാബു, കെ.ടി.രമേശ്, ഡോ.വി.ബി.സീന, ഡോ.എൽ.ശ്രീല, പി.വി.പ്രമോദ്, ടി.റിജേഷ്, പി.വി.നിഷ, കെ.രവീന്ദ്രൻ, കെ.ആർ.റെജി എന്നിവർ പ്രസംഗിച്ചു.കാസർകോട് താലൂക്ക് ഓഫിസ് പരിസരത്തു നടന്ന പൊതുയോഗം ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ഇ.മനോജ്കുമാർ ഉദ്ഘാടനം ചെയ്തു. കെ.വി.രാജൻ അധ്യക്ഷത വഹിച്ചു.

സമരം വിജയമെന്ന് സെറ്റോ
തടഞ്ഞ ആനുകൂല്യങ്ങൾ ജീവനക്കാരുടെ വികാരം ഉൾക്കൊണ്ട് അനുവദിക്കാൻ സർക്കാർ തയാറാകണമെന്നും അനിശ്ചിതകാല സമരം ക്ഷണിച്ചു വരുത്തരുതെന്നും സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ(സെറ്റോ) മുന്നറിയിപ്പ് നൽകി.പണിമുടക്കിനുശേഷം ജീവനക്കാരും അധ്യാപകരും സിവിൽ സ്റ്റേഷനു മുന്നിൽ പ്രകടനം നടത്തി. എഎച്ച്എസ്ടിഎ ഓർഗനൈസിങ് സെക്രട്ടറി ജിജി തോമസ് ഉദ്ഘാടനം ചെയ്തു. സെറ്റോ ജില്ലാ ചെയർമാൻ കെ.എം.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ഐ.ടി.ശശി, കെ.സി.സുജിത് കുമാർ, എ.എച്ച്.പ്രവീൺ കുമാർ, കെ.ഗോപാലകൃഷ്ണൻ, എം.ബി.ലോകേഷ്, ആചാർ, വത്സല കൃഷ്ണൻ, വി.എം.രാജേഷ്, ജയപ്രകാശ് ആചാര്യ, എം.മാധവൻ നമ്പ്യാർ, പി.കുഞ്ഞികൃഷ്ണൻ, വിജയകുമാരൻ നായർ, ശ്രീനിമോൻ, വിനോദ് രാജ് ഏറുവാട്ട്, ജയരാജ് പെരിയ, കെ.എ.ജോൺ, ഹരീഷ് പേറയിൽ, എ.രാധാകൃഷ്ണൻ, വിമൽ അടിയോടി, വി.രതി, എം.ഗിരിജ, സെറ്റോ ജില്ലാ കൺവീനർ പി.ടി.ബെന്നി, കൊളത്തൂർ നാരായണൻ എന്നിവർ പ്രസംഗിച്ചു.