ചന്ദ്രഗിരിപ്പാലത്തിൽ നിന്നു പുഴയിൽ ചാടിയ യുവാവിനെ രക്ഷപ്പെടുത്തി

Mail This Article
കാസർകോട് ∙ ചന്ദ്രഗിരിപ്പാലത്തിന്റെ മുകളിൽ നിന്നു പുഴയിലേക്ക് ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചയാളെ രക്ഷപ്പെടുത്തി ചെമ്മനാട് സ്വദേശികളായ സുഹൃത്തുക്കൾ. ഇന്നലെ ഉച്ചയ്ക്കു രണ്ടു മണിയോടെയാണ് ചന്ദ്രഗിരിപ്പാലത്തിനു സമീപത്ത് ബൈക്കിലെത്തിയ മുള്ളേരിയ സ്വദേശിയായ യുവാവാണ് പുഴയിലേക്ക് ചാടിയത്.പഴ്സും മൊബൈൽ ഫോണും പാലത്തിനു സമീപത്തെ പാതയോരത്ത് നിർത്തിയിട്ടിരുന്ന ബൈക്കിൽ വച്ചതിനു ശേഷമാണ് പാലത്തിന്റെ മധ്യത്തിൽ നിന്നു പുഴയിലേക്ക് എടുത്തുചാടിയത്. വീഴുന്ന ശബ്ദം കേട്ട് പാലത്തിന്റെ താഴെ പുഴയിൽ ചെറുതോണിയിൽ മത്സ്യംപിടിക്കുകയായിരുന്ന ചെമ്മനാട് മൂലയിൽ സലീം, മുഹമ്മദ് റൈമു എന്നിവരാണ് തോണിയുമായി എത്തി രക്ഷപ്പെടുത്തിയത്. തോണിയിലൂടെ കരയ്ക്കെത്തിച്ചതിനു ശേഷം ചെമ്മനാട് കൂട്ടായ്മയുടെ ആംബുലൻസിൽ കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചു.
പുഴയിൽ നിന്നു രക്ഷപ്പെടുത്തിയ തോണിയിൽ കയറ്റുന്നതിനിടെ ഒട്ടേറെ തവണ യുവാവ് ഛർദിച്ചിരുന്നു. മംഗളുരുവിൽ ചികിത്സയിലായിരുന്നുവെന്നും ചാടിയവിവരം വീട്ടിൽ അറിയിക്കേണ്ടയെന്നും യുവാവ് പറഞ്ഞുവെന്നു സലീം അറിയിച്ചു.യുവാവിനെ രക്ഷപ്പെടുത്തിയതിനു ശേഷം പൊലീസിനെയും ബന്ധുക്കളെയും വിവരം അറിയിക്കുകയായിരുന്ന് ഇവർ അറിയിച്ചു.ജനറൽ ആശുപത്രിയിൽ പ്രാഥമിക ശുശ്രുഷ നൽകിയതിനു ശേഷം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. പുഴയിൽ ചാടിയ പലരെയും ഇതിനു മുൻപും സലീമിന്റെ നേതൃത്വത്തിലുള്ള സംഘം നേരത്തെയും രക്ഷപ്പെടുത്തിയിരുന്നു.