തിരൂരങ്ങാടിയിൽ പിടിയിലായ സ്പിരിറ്റ് ലോറി പോയത് പൊലീസിന്റെയും എക്സൈസിന്റെയും കണ്ണുവെട്ടിച്ച്

Mail This Article
കാസർകോട് ∙ തിരുരങ്ങാടി കൊളപ്പുറത്ത് 22,000 ലീറ്റർ സ്പിരിറ്റുമായി പിടികൂടി ലോറി കടന്നു പോയത് കാസർകോട്,കണ്ണൂർ ജില്ലകളിലെ പൊലീസിന്റെയും എക്സൈസിന്റെയും കണ്ണുവെട്ടിച്ച്. 22നു രാവിലെ പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് സംഘാംഗങ്ങളാണ് സ്‍പിരിറ്റുമായുള്ള ലോറി കൊളപ്പുറത്ത് നിന്നു പിടികൂടിയത്. ചരക്കു സാധനങ്ങളുടെ മറവിലായിരുന്നു സ്പിരിറ്റ് കടത്തിയിരുന്നത്. പ്രതികളായ പാലക്കാട്, തമിഴ്നാട് സ്വദേശികളായ 2 പേരാണ് അറസ്റ്റിലായത്.
സ്പിരിറ്റുമായി പിടികൂടിയ ലോറി 21നു രാത്രി 9 മണിക്കു ശേഷം മഞ്ചേശ്വരം ചെക്ക് പോസ്റ്റിലൂടെ കടന്നു പോയതായി എക്സൈസ് സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനു പുറമേ ഇതേ നമ്പറിലുള്ള ലോറി കഴിഞ്ഞ 10നും മഞ്ചേശ്വരം ചെക്ക് പോസ്റ്റിലൂടെ കടന്നു പോയിരുന്നു. പൊലീസും എക്സൈസും വഴി നീളെ പരിശോധനകൾ നടത്തുന്നുണ്ടെങ്കിലും ചില സ്പിരിറ്റ് വാഹനങ്ങൾ ഇവരുടെ കണ്ണുവെട്ടിച്ച് കടന്നു പോകുന്നുണ്ട്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് അംഗങ്ങളാണ് ലോറി കണ്ടെത്തിയത്.