ദേശീയപാത നവീകരണത്തിന്റെ മറവിൽ അനധികൃത മണ്ണെടുപ്പ്; 4 കുന്നുകളിൽ മണ്ണിടിച്ചിൽ ദുരന്തസാധ്യത

Mail This Article
കാഞ്ഞങ്ങാട്∙ ദേശീയപാത നവീകരണത്തിന്റെ മറവിൽ അനധികൃത മണ്ണെടുപ്പ് നടന്ന ജില്ലയിലെ 4 കുന്നുകളിൽ മണ്ണിടിച്ചിൽ ദുരന്ത സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി വിദഗ്ധർ. ബേവിഞ്ച, തെക്കിൽ, വീരമലക്കുന്ന്, മട്ടലായി എന്നീ കുന്നുകളിൽ മണ്ണെടുത്തത് അശാസ്ത്രീയമാണെന്ന് കണ്ടെത്തിയ സംഘം ഇപ്പോൾ നടക്കുന്ന പരിഹാര പ്രവർത്തനങ്ങൾ അപ്രായോഗികമാണെന്നും വിലയിരുത്തി. വില്ലേജ് ഓഫിസർമാരുടെ റിപ്പോർട്ടുകൾ പരിഗണിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച ജിയോളജിസ്റ്റ് സംഘമാണ് കുന്നുകളിൽ പഠനം നടത്തിയത്.
സെപ്റ്റംബർ മാസം അവസാനമാണ് ജിയോളജിക്കൽ സർവേയിൽ നിന്നുള്ള സീനിയർ ഉദ്യോഗസ്ഥരായ എസ്.ജി.ആതിര, എ.രമേശ്കുമാർ എന്നിവർ സ്ഥലം സന്ദർശിച്ചത്. മണ്ണെടുക്കുമ്പോൾ പാലിക്കേണ്ട ചെരിവ് സംബന്ധിച്ച നിർദേശങ്ങൾ 4 സ്ഥലങ്ങളിലും പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയ ഇവർ ചെങ്കൽപാളികൾ അടർത്തി മാറ്റിയ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന റിപ്പോർട്ടാണ് അതോറിറ്റിക്ക് കൈമാറിയത്. ശക്തമായ മഴയിൽ വീരമലക്കുന്നിലടക്കം മണ്ണിടിച്ചിൽ ഉണ്ടാകുന്നതായി കണ്ടെത്തിയ സംഘം ചിത്രങ്ങളടങ്ങിയ റിപ്പോർട്ടാണ് കൈമാറിയിട്ടുള്ളത്.
മണ്ണിൽ മുറിവുകൾ; സാധ്യത മണ്ണിടിച്ചിലിന്
വീരമലക്കുന്ന് അടക്കമുള്ള കുന്നുകളുടെ പലഭാഗങ്ങളിലും ചരിവ് പാലിക്കാതെ മണ്ണെടുത്തത് മുറിവുകൾക്ക് സമാനമായ വിള്ളലുകളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഭൂഗർഭ ജലമോ, മഴയെത്തുടർന്നുള്ള ജലപ്രവാഹമോ ഉണ്ടായാൽ ഈ വിടവുകളിലൂടെ ജലം ശക്തിയായി ഒഴുകുമെന്നും അത് മണ്ണിടിച്ചിലിന് കാരണമാകുമെന്നും റിപ്പോർട്ടിലുണ്ട്. വെള്ളം ഒഴുകിപ്പോകുന്നതിനുള്ള വഴികൾ ഒരുക്കുകയാണ് ഇതൊഴിവാക്കാനുള്ള പോംവഴിയെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു.
പരിഹാരത്തിൽ ബിഐഎസ് മാനദണ്ഡം പാലിക്കണം
ഓരോ സ്ഥലത്തെയും മണ്ണിന്റെ സ്വഭാവത്തെയും നിലവിലുള്ള ചെരിവിനെയും അടിസ്ഥാനമാക്കി ഉപരിതലം ശക്തമാക്കണമെന്നാണ് സംഘം നിർദേശിച്ചിരിക്കുന്നത്. നിലവിൽ കോൺക്രീറ്റ് ഉപയോഗിച്ച് പലയിടങ്ങളും കവർ ചെയ്തെങ്കിലും വെള്ളം ഒഴുകിപ്പോകാൻ ദ്വാരങ്ങൾ നൽകാത്തത് അപകടാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. പലയിടങ്ങളിലും കോൺക്രീറ്റ് കവറിങ് പൊട്ടി, മണ്ണിടിഞ്ഞിട്ടുണ്ട്. ചെരിവ് കൂടിപ്പോയ സ്ഥലങ്ങളിൽ കോൺക്രീറ്റ് ഉപയോഗിച്ച് കവർ ചെയ്യുകയും മാനദണ്ഡങ്ങൾ പ്രകാരം ദ്വാരങ്ങൾ നൽകുകയും വേണം.
ചെരിവ് സംബന്ധിച്ച് ഓരോ സ്ഥലത്തുമെടുക്കുന്ന പരിഹാര നടപടികൾ വിശദമായ പഠനത്തിന് ശേഷമേ നടപ്പാക്കാവൂ എന്നും അതിൽ ബിഐഎസ് ഗുണമേന്മ ഉറപ്പാക്കണമെന്ന നിർദേശവും റിപ്പോർട്ടിലുണ്ട്. ദേശീയപാത നവീകരണത്തിന്റെ മറവിൽ വീരമലക്കുന്നിൽ നിന്ന് മണ്ണിടിച്ച് കടത്തിയ നിർമാണ കമ്പനി, മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചറിനെതിരെ 1.75 കോടി രൂപയുടെ പിഴ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് മുൻപ് ചുമത്തിയിരുന്നു. റിപ്പോർട്ടിലുള്ള മറ്റ് 3 സ്ഥലങ്ങളിലും ഇതേ കമ്പനിയാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്.