അഡൂർ തലപ്പച്ചേരിയിൽ പുള്ളിപ്പുലി കിണറ്റിൽ ചത്തനിലയിൽ; കിണറുടമയ്ക്ക് വനംവകുപ്പിന്റെ നോട്ടിസ്

Mail This Article
അഡൂർ ∙ ജില്ലയിൽ പുലിഭീതി വർധിക്കുന്നതിനിടയിൽ, ദേലംപാടി പഞ്ചായത്തിലെ അഡൂർ തലപ്പച്ചേരിയിൽ പുള്ളിപ്പുലിയെ കിണറ്റിൽ വീണു ചത്ത നിലയിൽ കണ്ടെത്തി. കർണാടക അതിർത്തിയോടു ചേർന്നു തലപ്പച്ചേരിയിലെ ടി.മോഹനയുടെ വീട്ടുകിണറ്റിലാണ് ആൺ പുലിയുടെ ജീർണിച്ച ജഡം കണ്ടെത്തിയത്.
4 ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. മോട്ടർ കേടായതിനാൽ 3 മാസത്തിലേറെയായി ഇതിൽ നിന്നു വെള്ളം എടുക്കുന്നില്ല. വെള്ളിയാഴ്ച വൈകിട്ട് കിണറ്റിന്റെ അരികിലൂടെയുള്ള വഴിയിലൂടെ നടന്നു പോകുന്നതിനിടയിൽ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നു മോഹനയുടെ ഭാര്യ ചന്ദ്രകല നോക്കിയപ്പോഴാണ് പുലിയുടെ ജഡം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് കണ്ടത്.

വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയും പുലിയാണെന്ന് ഉറപ്പിച്ചതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ രാത്രി കാവലിരിക്കുകയും ചെയ്തു. ഇന്നലെ വൈകിട്ട് 3 മണിയോടെ ആറളത്ത് നിന്ന് വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ. ഇല്യാസ് റാവുത്തർ എത്തിയ ശേഷമാണ് ജഡം പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചത്. റാപിഡ് റെസ്പോൺസ് ടീം അംഗം അമൽ കിണറ്റിലിറങ്ങി ജഡം വലയിലാക്കി. അതിനു ശേഷം വലിച്ച് പുറത്തെടുക്കുകയായിരുന്നു.
പോസ്റ്റ്മോർട്ടത്തിനു ശേഷം ദേശീയ കടുവസംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡപ്രകാരം സംസ്കരിച്ചു. ഡോ.ഇല്യാസ് റാവുത്തർക്കൊപ്പം ബദിയടുക്ക വെറ്ററിനറി കേന്ദ്രത്തിലെ ഡോ.ബി.അനുഗ്രഹും പോസ്റ്റ്മോർട്ടത്തിനു നേതൃത്വം നൽകി. ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി ശേഖരിച്ചു. രാത്രി ഇര തേടി നാട്ടിലിറങ്ങിയപ്പോൾ കിണറ്റിൽ വീണതാകാമെന്നാണ് കരുതുന്നത്. 50 അടി താഴ്ചയുള്ള കിണറിന് ആൾമറയില്ലായിരുന്നു. ഇലകൾ വീഴാതിരിക്കാൻ മുകളിൽ വല വിരിച്ചിരുന്നു. ഇതു കാണാതെ പുലി നടന്നപ്പോൾ കിണറിൽ വീഴുകയായിരുന്നു.

വീട്ടിൽ നിന്നു 25 മീറ്റർ അടുത്താണ് കിണറെങ്കിലും ശബ്ദമൊന്നും കേട്ടിരുന്നില്ലെന്ന് മോഹന പറഞ്ഞു. ഏകദേശം 7 വയസ്സ് പ്രായം ഉണ്ടെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. കർണാടക അതിർത്തിയിൽ നിന്ന് അര കിലോമീറ്റർ ഇപ്പുറത്താണ് പുലി വീണ സ്ഥലം. കഴിഞ്ഞ ദിവസം കൊമ്പനാന ചരിഞ്ഞത് ഇതിന്റെ അടുത്തുള്ള കർണാടക വനത്തിലാണ്. ഒരു വർഷത്തോളമായി വീടുകളിൽ നിന്നു നായ്ക്കളെ പിടിക്കുന്ന സംഭവങ്ങളും വർധിച്ചു.
ഇന്നലെ രാവിലെ ഇതിന്റെ ഒരു കിലോമീറ്റർ അപ്പുറത്ത് കർണാടകയിലെ ഒരു വീട്ടിൽ നിന്നു പുലി നായയെ പിടിച്ചിരുന്നു. ഡിഎഫ്ഒ കെ.അഷ്റഫ്, റേഞ്ച് ഓഫിസർ സി.വി.വിനോദ് കുമാർ, ഫ്ലൈയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ പി.രതീശൻ, ആർആർടി റേഞ്ച് ഓഫിസർ ബിജുമോൻ, എസ്എഫ്ഒമാരായ കെ.ജയകുമാരൻ, പി.പ്രവീൺ കുമാർ, എം.കെ.ബാബു, കെ.രാജു, കെ.ബാബു, രാജു എന്നിവർ നടപടികൾക്കു നേതൃത്വം നൽകി.
കണക്കിലില്ലാത്ത പുലി
വനംവകുപ്പിന്റെ കണക്കിലില്ലാത്ത പുലിയെയാണ് ഇന്നലെ കിണറ്റിൽ ചത്ത നിലയിൽ കണ്ടത്. മുളിയാർ പഞ്ചായത്തിൽ വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ 4 പുലികളുടെ ചിത്രം പതിഞ്ഞതിന്റെ അടിസ്ഥാനത്തിൽ അത്രയും പുലികൾ കാസർകോട് ഉണ്ടെന്നാണ് ഇതുവരെ വനംവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നത്. ഒരു വലിയ ആൺ പുലിയുടെയും ഒരു പെൺപുലിയുടെയും 2 കുട്ടികളുടെയും ചിത്രം ലഭിച്ചതായാണ് വനംവകുപ്പ് പറയുന്നത്. എന്നാൽ അതിലും എത്രയോ ഏറെ പുലികൾ ജില്ലയിലുണ്ടെന്ന് നാട്ടുകാർ പറയുന്നു. അതു ശരിവെക്കുന്നതാണ് ഈ സംഭവം.
4 വർഷമായി പുലിഭീതി
കേരള– കർണാടക അതിർത്തി പ്രദേശമായ തലപ്പച്ചേരി, കാട്ടികജെ, കോരിക്കണ്ടം, വെള്ളക്കാന പ്രദേശങ്ങളിൽ കഴിഞ്ഞ 4 വർഷത്തോളമായി പുലിശല്യം ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. കർണാടകയിലെ മണ്ടക്കോൽ ഉൾപ്പെടെയുള്ള അതിർത്തി ഗ്രാമങ്ങളിലും സമാന സ്ഥിതിയാണ്. കേരള– കർണാടക വനംവകുപ്പുകൾ പരസ്പരം പഴിചാരുന്നതല്ലാതെ ഇതിനു പരിഹാരം കാണാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ഇവരുടെ ആരോപണം.
തലപ്പച്ചേരിയിലെ പത്മോജിയുടെ 4 നായ്ക്കളെ കഴിഞ്ഞ ഒരു വർഷത്തിനിടെ പുലി പിടിച്ചിരുന്നു. ഗിരിജയുടെ നായയെ പിടിച്ചത് 2 വർഷം മുൻപ്. ഗംഗാധരന്റെ നായയെ കൊണ്ടുപോയത് ഇരുമ്പ് ചങ്ങല പൊട്ടിച്ചാണ്. ബൈത്തനടുക്കയിലെ ഗോപാലകൃഷ്ണന ഭട്ടിന്റെ വീട്ടിലെ 3 നായ്ക്കളെയാണ് പുലി പിടിച്ചത്. കർണാടക വനത്തോടു ചേർന്നുകിടക്കുന്ന വനമേഖലയാണിത്. അവിടെ നിന്നാണ് പുലി കേരളത്തിലേക്ക് എത്തുന്നത്.
6 മാസത്തിനിടയിൽ ജില്ലയിൽ ചാകുന്ന രണ്ടാമത്തെ പുലിയാണിത്. കഴിഞ്ഞ ഓഗസ്റ്റ് 9 ന് ദേലംപാടി പഞ്ചായത്തിലെ തന്നെ മല്ലംപാറയിൽ, കാട്ടുപന്നിക്ക് വെച്ച കെണിയിൽ കുടുങ്ങി ഒരു പെൺപുലി ചത്തിരുന്നു. കെണിയൊരുക്കിയ പ്രദേശവാസികളായ 2 പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുകയും ചെയ്തു. നാട്ടിലിറങ്ങുന്ന പുലികളെ പിടികൂടാൻ 2 കൂടുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പുലി വീണിട്ടില്ല.
കിണറുടമയ്ക്ക് വനംവകുപ്പിന്റെ നോട്ടിസ്:
പുലി വീണ കിണറിന് ആൾമറ കെട്ടണമെന്ന് ഉടമയ്ക്കു വനംവകുപ്പിന്റെ നിർദേശം. ഇക്കാര്യം പറഞ്ഞ് ഉടനെ രേഖാമൂലം നിർദേശം നൽകാനും വനംവകുപ്പ് തീരുമാനിച്ചു. വന്യജീവികൾ കിണറ്റിൽ വീഴുന്നത് തടയാൻ അതിർത്തി പ്രദേശങ്ങളിലെ ഉപയോഗിക്കുന്നതും അല്ലാത്തതുമായ കിണറുകൾ മൂടുകയോ ഭിത്തി കെട്ടി സംരക്ഷിക്കുകയോ ചെയ്യണമെന്നാണ് അധികൃതർ പറയുന്നത്. പുലി ചത്ത സംഭവത്തിൽ സ്ഥലം ഉടമയ്ക്കെതിരെ മറ്റു നടപടികളൊന്നും വനംവകുപ്പ് സ്വീകരിച്ചിട്ടില്ല.