ആലൈ–പരത്തിപ്പുഴ ഇക്കോ ടൂറിസം പദ്ധതി: കണ്ടെത്തിയ സ്ഥലം മതിയാകില്ലെന്ന് സംസ്ഥാന ഓഡിറ്റ് വിഭാഗം
Mail This Article
കാഞ്ഞങ്ങാട്∙ ആകെയുള്ളത് 50 സെന്റ് സ്ഥലം. അതിൽ എന്റർടെയ്ൻമെന്റ് സോൺ, ബോട്ടിങ്, കയാക്കിങ്, ഭക്ഷണശാലകൾ, വാച്ച് ടവർ. ഇതിനെല്ലാം പുറമേ പക്ഷി നിരീക്ഷണവും ഫ്ലോട്ടിങ് പാർക്കും. ഉയർന്ന ശബ്ദം ഉണ്ടാകുന്ന ഇത്രയും പരിപാടികൾ നടക്കുന്ന ഈ ചെറിയ സ്ഥലത്ത് പക്ഷികൾ എത്തുമോയെന്ന ചോദ്യത്തിന് മാത്രം ആർക്കും ഉത്തരമില്ല.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ സംസ്ഥാന ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധന റിപ്പോർട്ടിലാണ് മടിക്കൈ പഞ്ചായത്തിലെ ആലൈ – പരത്തിപ്പുഴ പ്രദേശത്തെ ഇക്കോ ടൂറിസം പദ്ധതിയിലെ പിഴവുകൾ കണ്ടെത്തിയത്. ബ്ലോക്ക് പഞ്ചായത്തിന്റെ വരുമാനം വർധിപ്പിക്കാനായാണ് പദ്ധതി തുടങ്ങാൻ തീരുമാനിച്ചത്. എന്നാൽ പദ്ധതിച്ചെലവ് പ്രാഥമിക പരിശോധന പ്രകാരം 18 കോടിരൂപ!. കാര്യമായ വരുമാന സ്രോതസ്സുകളൊന്നുമില്ലാത്ത ബ്ലോക്ക് പഞ്ചായത്ത് ഇത്രയും വലിയ തുക എങ്ങനെ കണ്ടെത്തുമെന്ന് റിപ്പോർട്ട് ചോദിക്കുന്നു.
പ്രോജക്ട് റിപ്പോർട്ട് പാളിയോ?
പ്രോജക്ട് നടപ്പിലാക്കാനായി ഇപ്പോൾ കണ്ടെത്തിയ സ്ഥലം മതിയാകില്ലെന്ന് ഓഡിറ്റ് കുറ്റപ്പെടുത്തുന്നു. തണ്ണീർത്തട പ്രദേശത്ത് ഇത്തരം നിർമാണങ്ങൾ വരുന്നതിന്റെ സാധുത, നിർമാണ രീതി, സംസ്ഥാന– കേന്ദ്ര ചട്ടങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ മുതലായവ പരിശോധിച്ചില്ല. പദ്ധതി പ്രദേശത്തോ സമീപത്തോ സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊന്നുമില്ല. പക്ഷി നിരീക്ഷണ കേന്ദ്രവും എന്റർടെയ്ൻമെന്റ് സോണും ഒന്നിച്ച് പ്രവർത്തിക്കുന്നതിന്റെ സാധുത പരിശോധിച്ചില്ല. ഇത്തരം കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കാഞ്ഞങ്ങാട്ടെ സ്വകാര്യ സ്ഥാപനം തയാറാക്കിയ പ്രോജക്ട് റിപ്പോർട്ടിന്റെ ആധികാരികതയും സമഗ്രതയും പരിശോധിക്കണമെന്ന നിർദേശം ഓഡിറ്റ് മുന്നോട്ടുവച്ചത്.
തൊഴിൽമേളയും ലക്ഷ്യം കണ്ടില്ലേ?
അഭ്യസ്തവിദ്യരായ യുവാക്കളെ കൊത്തിയെടുക്കാൻ വൻകിട കമ്പനികളെന്ന പ്രചാരണത്തോടെ ജില്ലാ പഞ്ചായത്ത് 2023ൽ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ തൊഴിൽമേളയിൽ പങ്കെടുത്തത് കാഞ്ഞങ്ങാട് ടൗണിലെ ഹോൾസെയിൽ, റീടെയിൽ, മാർക്കറ്റിങ്, ബിസിനസ് സ്ഥാപനങ്ങളെന്ന് കണ്ടെത്തൽ. ഈ സ്ഥാപനങ്ങൾ സ്വന്തം നിലയിൽ ഉദ്യോഗാർഥികളെ കണ്ടെത്തുന്ന സ്ഥാപനങ്ങളാണെന്നും റിപ്പോർട്ട് പറയുന്നു. ഒഴിവ്, യോഗ്യത, പ്രതിഫലം എന്നിവയെക്കുറിച്ച് വിവരങ്ങൾ നൽകാതെയാണ് പരിപാടി നടത്തിയതെന്നും ജോലിയിൽ ഇപ്പോൾ എത്രപേർ തുടരുന്നുണ്ടെന്ന വിവരം പരിശോധനയ്ക്ക് ലഭ്യമായില്ലെന്നും ഓഡിറ്റ് സംഘം പറയുന്നു. 53,000 രൂപ ചെലവിൽ നടപ്പിലാക്കിയ പരിപാടിയുടെ പ്രായോഗികത വിലയിരുത്തണമെന്നും നിർദേശമുണ്ട്.