കൊളത്തൂർ മടന്തക്കോട് മാളത്തിൽ കുടുങ്ങി പുലി

Mail This Article
കൊളത്തൂർ ∙ ഒരു മാസത്തോളമായി പുലിഭീതി നിലനിൽക്കുന്ന കൊളത്തൂർ മടന്തക്കോട് പുലി മാളത്തിൽ കുടുങ്ങിയ നിലയിൽ. മടന്തക്കോടിലെ വി.കൃഷ്ണന്റെ റബർ തോട്ടത്തിന്റെ അരികിലുള്ള പാറക്കൂട്ടങ്ങൾക്കിടയിലെ മാളത്തിലാണ് പുലി കുടുങ്ങിയത്.സംഭവം അറിഞ്ഞ് വനപാലകരും നാട്ടുകാരും സ്ഥലത്തെത്തി. ആറളത്ത് നിന്ന് വനംവകുപ്പ് വെറ്ററിനറി സർജനെ എത്തിച്ച് പുലിയെ മയക്കുവെടി വച്ച് പിടികൂടാനാണ് വനംവകുപ്പിന്റെ തീരുമാനം. പുലി പുറത്തിറങ്ങാതിരിക്കാൻ മാളത്തിന്റെ അറ്റം വല കൊണ്ട് മൂടിവച്ചു.
മാളത്തിന്റെ ഉള്ളിൽ നിന്നു പുലിയുടെ മുരൾച്ച പുറത്തേക്കു കേൾക്കാം. സംഭവം അറിഞ്ഞു വൻ ജനക്കൂട്ടം സ്ഥലത്തെത്തി. ബേഡകം പൊലീസ് എത്തിയാണു ആളുകളെ നിയന്ത്രിച്ചത്. പൊലീസും സ്ഥലത്ത് തുടരുകയാണ്. ഇന്നലെ വൈകിട്ട് 6 മണിയോടെ മാളത്തിന്റെ സമീപത്തു നിന്ന് പട്ടികുരയ്ക്കുന്നതു കേട്ടാണ് കൃഷ്ണന്റെ വീട്ടുകാർ ശ്രദ്ധിച്ചത്. വീട്ടിൽ നിന്നു 50 മീറ്റർ അകലെയാണ് ഈ സ്ഥലം. റബർ തോട്ടത്തിന്റെയും കമുകിൻ തോട്ടത്തിന്റെയും ഇടയിലാണ് മഴക്കാലത്ത് വെള്ളം ഒഴുകിയെത്തുന്ന ഈ പാറക്കൂട്ടം.

ശബ്ദം കേട്ട് കൃഷ്ണനും അയൽവാസിയായ കുമാരനും അടുത്തേക്ക് പോയപ്പോൾ മാളത്തിൽ നിന്നു മുരൾച്ച കേട്ടു. ഇതോടെ നാട്ടുകാരെ അറിയിക്കുകയായിരുന്നു. ഒരു വലിയ തേങ്ങയുടെ വലുപ്പം മാത്രമുള്ളതാണ് മാളത്തിന്റെ പുറംഭാഗം. പുലി അകത്തേക്കു കടന്നതിനു ശേഷം നാട്ടുകാർ കല്ല് വച്ച് അടച്ചതോടെ പുറത്തേക്കു കടക്കാൻ കഴിയാതാവുകയായിരുന്നു. നാട്ടുകാർ എത്തിയ ശേഷം തൊട്ടടുത്ത് വരെയെത്തി വിഡിയോ പകർത്തുകയും ചെയ്തു.പക്ഷേ പുലി മുരണ്ടു കൊണ്ട് പുറത്തേക്കു കടക്കാൻ ശ്രമിച്ചതോടെ ആളുകൾ സ്ഥലത്തു നിന്ന് മാറി.
വലിയ പുലിയാണെന്നാണ് സൂചന. ഡിഎഫ്ഒ കെ.അഷ്റഫ്, റേഞ്ച് ഓഫിസർ സി.വി.വിനോദ് കുമാർ ഉൾപ്പെടെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സംരക്ഷിത വന ഭൂമിയില്ലാത്ത ബേഡഡുക്ക പഞ്ചായത്തിലെ കൊളത്തൂർ, കരക്കയടുക്കം, ചാളക്കാട്, വരിക്കുളം, ബാവിക്കരയടുക്കം, കടുവനത്തൊട്ടി, ശങ്കരംകാട് പ്രദേശങ്ങളിൽ കഴിഞ്ഞ ഒരു മാസത്തിലേറെയായി പുലിഭീതി രൂക്ഷമാണ്. കരക്കയടുക്കത്ത് ചെങ്കൽ ക്വാറിക്കു സമീപം 4 പട്ടികളെ കടിച്ചു കൊന്നിരുന്നു. എന്നിട്ടും വനംവകുപ്പ് നടപടിയെടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം കടുവനത്തൊട്ടിയിൽ വീട്ടിൽ നിന്നു പട്ടിയെ പുലി പിടിച്ചിരുന്നു.
പുലിപ്പേടിയിൽ വിറച്ച് മടന്തക്കോട്
പുലിപ്പേടിയിൽ വിറങ്ങലിച്ചു നിൽക്കുകയാണ് കൊളത്തൂർ മടന്തക്കോട്. ഇന്നലെ വൈകിട്ട് പുലി കുടുങ്ങിയ വിവരം കേട്ട് ആളുകൾ ഇവിടേക്ക് പ്രവഹിക്കുകയായിരുന്നു. ആദ്യം എത്തിയവർ മാളത്തിന്റെ അടുത്തെത്തി വിഡിയോ ഉൾപ്പെടെ പകർത്തുകയും ചെയ്തു. പക്ഷേ മാളത്തിനു പുറത്തേക്ക് എത്തിനോക്കിയ പുലി ഒന്ന് മുരണ്ടതോടെ എല്ലാവരും ഓടിമാറി. കഴിഞ്ഞ ശനിയാഴ്ച അഡൂർ തലപ്പച്ചേരിയിലെ മോഹനയുടെ കിണറ്റിൽ വീണ് ഒരു പുലി ചത്തു ദിവസങ്ങൾക്കുള്ളിലാണ് പുലി മാളത്തിൽ കുടുങ്ങുന്നത്. ഇവിടെയുള്ള മറ്റു പുലികളെയും അടിയന്തരമായി കൂട് സ്ഥാപിച്ചു പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ, വൈസ് പ്രസിഡന്റ് എ.മാധവൻ എന്നിവരും സ്ഥലത്തെത്തി.