ADVERTISEMENT

കൊളത്തൂർ ∙ ബേഡഡുക്ക പഞ്ചായത്തിലെ മടന്തക്കോട് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മാളത്തിൽ കുടുങ്ങിയ പുലി മയക്കുവെടിവച്ച് പിടികൂടാനുള്ള ശ്രമത്തിനിടയിൽ ചാടിപ്പോയി. മയക്കുവെടിവയ്ക്കാൻ, മാളത്തിന്റെ മുൻപിലെ കല്ലുകൾ നീക്കിയപ്പോഴാണ് പുലി രക്ഷപ്പെട്ടത്.പുലിയുടെ ആക്രമണത്തിൽ നിന്നു തലനാരിഴയ്ക്കാണ് വെറ്ററിനറി ഡോക്ടർ ബി. ഇല്യാസ് റാവുത്തർ രക്ഷപ്പെട്ടത്. ഓടിപ്പോകുന്നതിനിടെ പുലിക്കു നേരെ മയക്കു വെടിയുതിർത്തിരുന്നു. വെടിയേറ്റാൽ പുലി സമീപ സ്ഥലങ്ങളിൽ തന്നെ മയങ്ങി വീഴാൻ സാധ്യതയുള്ളതിനാൽ, ഇന്നലെ പകൽ മുഴുവൻ നാട്ടുകാരുടെ സഹകരണത്തോടെ വനപാലകർ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. 

കൊളത്തൂർ മടന്തക്കോടിലെ വി.കൃഷ്ണന്റെ പുരയിടത്തിലെ മാളത്തിൽ ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് പുലി കുടുങ്ങിയത്. മാളത്തിനുള്ളിൽ മുള്ളൻപന്നിക്കു വച്ച കെണിയിൽ പുലി കുടുങ്ങുകയായിരുന്നുവെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഡിഎഫ്ഒ കെ.അഷ്റഫ്, റേഞ്ച് ഓഫിസർ സി.വി.വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തുകയും മാളത്തിനുള്ളിൽ പുലിയാണെന്ന് ഉറപ്പാക്കുകയും ചെയ്തു. ജില്ലയിൽ വനംവകുപ്പിനു വെറ്ററിനറി ഡോക്ടർ ഇല്ലാത്തതിനാൽ കണ്ണൂരിൽ നിന്നു ഡോക്ടറെയും വയനാട് മാനന്തവാടിയിൽ നിന്നു വനംവകുപ്പിന്റെ ദ്രുതകർമസേനയെയും (ആർആർടി) വിളിപ്പിച്ചു.

പുലർച്ചെ 5 മണിയോടെ പുലിയെ മയക്കുവെടി വച്ച് പിടികൂടാനായിരുന്നു തീരുമാനം. എന്നാൽ ഡോക്ടറും ആർആർടിയും എത്തിയതോടെ പുലർച്ചെ 3 നു തന്നെ മയക്കുവെടിവയ്ക്കാൻ വനംവകുപ്പ് തീരുമാനിച്ചു. പുലരുമ്പോൾ കൂടുതൽ ആളുകൾ എത്താൻ സാധ്യതയുള്ളതിനാൽ, അതിനു മുൻപേ തന്നെ പിടിച്ചുകൊണ്ടു പോവുകയായിരുന്നു അധികൃതരുടെ ലക്ഷ്യം. വെടിയുതിർക്കാൻ, മാളത്തിന്റെ മുൻപിലെ കല്ലും വലയും നീക്കിയപ്പോൾ എല്ലാവരെയും കബളിപ്പിച്ച് പുലി പുറത്തേക്ക് ചാടിപ്പോയി. പുലി ഓടിപ്പോകുന്നത് മിന്നായം പോലെയാണ് ആളുകൾ കണ്ടത്. അപ്രതീക്ഷിതമായ ചാട്ടത്തിൽ നിന്നു ഡോക്ടർ ഭാഗ്യം കൊണ്ടാണ് പരുക്കേൽക്കാതെ രക്ഷപ്പെട്ടത്. പിന്നാലെ വെടിയുതിർത്തെങ്കിലും കൊണ്ടിരിക്കാൻ സാധ്യതയില്ലെന്നാണ് കരുതുന്നത്. 

പകൽ മുഴുവൻ നടത്തിയ തിരച്ചിലിൽ പുലിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. മാളത്തിൽ നിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പുലിയുടെ മുഖത്ത് ചെറിയ പരുക്കുകളുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. കാലിൽ കെണി കുടുങ്ങിയതും പരുക്കിനിടയാക്കി. അതുകൊണ്ട് പുലി അധികദൂരം മുന്നോട്ട് പോകാൻ ഇടയില്ലെന്നാണ് വിലയിരുത്തൽ. ഇന്നും തിരച്ചിൽ തുടരും. ഇതിന്റെ തൊട്ടടുത്ത കളവയലിൽ വനംവകുപ്പ് പുലിയെ പിടിക്കാൻ കൂട് സ്ഥാപിച്ചു. പുലി രക്ഷപ്പെട്ട് 2 മണിക്കൂറിനു ശേഷം ശങ്കരംകാട് മറ്റൊരു പുലിയെ റബർ ടാപ്പിങ് തൊഴിലാളി കണ്ടത് ഭീതി വർധിപ്പിച്ചു. 

ബുധനാഴ്ച വൈകിട്ട് ആറരയ്ക്ക് കൃഷ്ണന്റെ മകൾ അനുപമ തോട്ടത്തിലെ മോട്ടർ ഓഫാക്കാൻ പോകുമ്പോഴാണ് മാളത്തിൽ നിന്നു അസാധാരണ ശബ്ദം കേട്ടു വീട്ടുകാരെ വിവരം അറിയിച്ചത്. കുന്നിന്റെ അടിവാരത്ത് മഴവെള്ളം ഒഴുകിയെത്തുന്ന രണ്ടര അടിയോളം വ്യാസമുള്ളതാണ് ഈ മാളം. വയോധികനായ കൃഷ്ണനും അയൽവാസിയായ കുമാരനും കൂടി നോക്കിയപ്പോൾ പുലിയെ കണ്ടു. ഇതോടെ നാട്ടുകാരെ വിവരം അറിയിക്കുകയും അവർ എത്തി മാളത്തിന്റെ പ്രവേശനഭാഗം കല്ലുകളിട്ട് അടച്ചു. വനംവകുപ്പ് എത്തിയ ശേഷം അവർ വലയിട്ടു മൂടുകയും ചെയ്തു. ഒരു മാസത്തിലേറെയായി പുലിഭീതിയുള്ള പ്രദേശമാണിത്. പുലി കുടുങ്ങിയതോടെ ജനങ്ങൾ ആശ്വാസത്തിലായിരുന്നു. ഇതു പാടേ തകർത്തുകൊണ്ട് പുലി രക്ഷപ്പെട്ടപ്പോൾ പ്രദേശവാസികൾ ഒന്നടങ്കം 
ആശങ്കയിലായി.

പുലി രക്ഷപെട്ടത് വനംവകുപ്പിന്റെ അലംഭാവം കാരണമെന്ന് നാട്ടുകാർ
കൊളത്തൂർ ∙മാളത്തിനുള്ളിലെ കെണിയിൽ കുടുങ്ങിയതിനാൽ പുലി രക്ഷപ്പെടാനിടയില്ലെന്നു കരുതി വനംവകുപ്പ് അലംഭാവം കാണിച്ചതാണ് പുലിയെ പിടികൂടാനുള്ള ശ്രമം പാളാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. 2 കൂടുകൾ സ്ഥാപിച്ചിട്ടും കുടുങ്ങാത്ത പുലിയെ പിടികൂടാനുള്ള സുവർണാവസരമാണ് അധികൃതർ നഷ്ടപ്പെടുത്തിയതെന്നും ഇവർ കുറ്റപ്പെടുത്തുന്നു.രണ്ടര അടി വ്യാസമുള്ള മാളത്തിലാണ് പുലി കുടുങ്ങിക്കിടന്നിരുന്നത്. ഇതിന്റെ പ്രവേശനഭാഗം നാട്ടുകാർ ആദ്യം തന്നെ കല്ലിട്ട് അടച്ചിരുന്നു.

വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയ ശേഷം ഇതിനു മുകളിൽ വല വിരിക്കുകയും ചെയ്തിരുന്നു. എന്നാൽ മയക്കു വെടിയുതിർക്കാൻ ഇതു മാറ്റിയതാണ് പുലി ചാടിപ്പോകാൻ കാരണമെന്നാണ് വിമർശനം.വല നീക്കാതെ തന്നെ കല്ലുകൾ മാറ്റിയിരുന്നെങ്കിൽ പുലി ചാടിപ്പോകുമ്പോൾ അതിൽ കുരുങ്ങുമായിരുന്നു. ഇരുമ്പിന്റെ ഗ്രിൽ ഇട്ടും മാളത്തിന്റെ ചെറിയ പ്രവേശനഭാഗം മൂടാമായിരുന്നു. അതിന്റെ വിടവിലൂടെ മയക്കുവെടി വെക്കാനും എളുപ്പമായിരുന്നു. പുലി കെണിയിൽ കുടുങ്ങി മണിക്കൂറുകൾ കഴിഞ്ഞതിനാൽ അവശനായിരിക്കുമെന്നാണ് അധികൃതർ കരുതിയിരുന്നത്. അതുകൊണ്ടാണ് കല്ലുകളും വലയും നീക്കി വെടിവയ്ക്കാൻ ശ്രമിച്ചത്. അപ്പോഴേക്കും അധികൃതരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച്, പുലി ശരവേഗത്തിൽ ഓടി രക്ഷപ്പെടുകയും ചെയ്തു.

മയക്കുവെടിവയ്ക്കാനുള്ള ശ്രമത്തിനിടെ പുലി രക്ഷപ്പെട്ടതിനു പിന്നാലെ വനംവകുപ്പിനു നേരെ രോഷ പ്രകടനവുമായി നാട്ടുകാർ. പുലർച്ചെ മൂന്നരയ്ക്കു അസാധാരണമായ പ്രതിഷേധമാണ് മടന്തക്കോട് നടന്നത്.  വനംവകുപ്പിന്റെ ഇത്രയേറെ ജീവനക്കാരുണ്ടായിട്ടും പുലിയെ പിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇനിയെങ്ങനെ പിടിക്കുമെന്ന ചോദ്യവും പ്രതിഷേധക്കാർ ഉയർത്തി.  ‘വെടിയുതിർക്കാൻ പൊസിഷൻ എടുത്തപ്പോൾ തന്നെ പുലി പുറത്തേക്ക് ചാടി വീണുവെന്നും അതുകൊണ്ട് വെടി കൊണ്ടത് എങ്ങനെയെന്ന് കൃത്യം പറയാൻ സാധിക്കില്ലെന്നും വനംവകുപ്പ് അസി.വെറ്ററിനറി സർജൻ ഡോ.ബി.ഇല്യാസ് റാവുത്തർ വ്യക്തമാക്കി. പഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ, വൈസ് പ്രസിഡന്റ് എ.മാധവൻ, സിപിഎം ലോക്കൽ സെക്രട്ടറി കെ.മുരളീധരൻ എന്നിവർ പ്രതിഷേധക്കാരെ തണുപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

English Summary:

leopard escape in Kolathur, Kerala, causes concern after tranquilizer attempt fails. Forest officials and local residents continue their search for the elusive big cat.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com