മലയോരത്തിന്റെ ഉറക്കംകെടുത്തി കുലുക്കിവിറപ്പിച്ച് ഭൂമി; റിക്ടർ സ്കെയിലിൽ 2.5 രേഖപ്പെടുത്തി

Mail This Article
വെള്ളരിക്കുണ്ട്∙ മലയോരത്തിന്റെ ഉറക്കംകെടുത്തിയ ഭൂമികുലുക്കത്തിന്റെ പ്രഭവസ്ഥാനം അറബിക്കടൽ. റിക്ടർ സ്കെയിലിൽ 2.5 രേഖപ്പെടുത്തിയ പ്രകമ്പനങ്ങൾ കിനാനൂർ കരിന്തളം, വെസ്റ്റ് എളേരി, ബളാൽ പഞ്ചായത്തുകളിലെ വിവിധയിടങ്ങളിലാണ് അനുഭവപ്പെട്ടത്. ബിരിക്കുളം, കാളിയാനം, പരപ്പ, പെരിയങ്ങാനം, കാരാട്ട്, തോടംചാൽ, പന്നിത്തടം, കൂളിപ്പാറ, അരീങ്കല്ല്, വള്ളിക്കടവ്, ബളാൽ, പുന്നക്കുന്ന്,നർക്കിലക്കാട്, മൗവ്വേനി, പുങ്ങംചാൽ, ഭീമനടി, കുന്നുംകൈ, അമ്മംകോട്, ബങ്കളം എന്നീ ഭാഗങ്ങളിലാണ് അനുഭവപ്പെട്ടത്.

പുലർച്ചെ 1.35ന് നടന്ന പ്രതിഭാസത്തിന്റെ ഭാഗമായി സെക്കൻഡുകളോളം നീണ്ടുനിന്ന ശബ്ദം ഉണ്ടായി. പലയിടങ്ങളിലും ഇടിമുഴക്കം പോലെയാണ് അനുഭവപ്പെട്ടത്. 30 കിലോമീറ്റർ അകലേക്കുപോലും ശബ്ദം കേട്ടതായാണ് അനുഭവസ്ഥർ പറയുന്നത്. മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
പേടിക്കേണ്ടതില്ല; സുനാമിയുമില്ല
താരതമ്യേന വളരെച്ചെറിയ ഭൂമികുലുക്കമാണ് ഇന്നലെ അനുഭവപ്പെട്ടതെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. കേരള തീരത്തുനിന്നും 200 കിലോമീറ്റർ മാറി അറബിക്കടലിന്റെ 15 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവസ്ഥാനമെന്ന് കരുതപ്പെടുന്നു. ഭൗമാന്തര പാളികൾ നീങ്ങുന്നതിന് അനുസരിച്ചുള്ള മാറ്റങ്ങളായിരിക്കാം ഇതിന് കാരണമെന്നാണ് പറയപ്പെടുന്നത്.
പ്രകമ്പനത്തിന്റെ ഫലമായി മണ്ണിനടിയിലെ വലിയ കല്ലുകളും മറ്റ് ഭൗമാന്തര വസ്തുക്കളും ഇളകിച്ചേരുന്നതിലൂടെ രൂപപ്പെട്ട ശബ്ദങ്ങളായിരിക്കാം മലയോരത്ത് അനുഭവപ്പട്ടത് എന്ന വിലയിരുത്തലിലാണ് വിദഗ്ധർ. റിക്ടർ സ്കെയിലിൽ 3ന് മുകളിൽ രേഖപ്പെടുത്താത്ത ഭൂപ്രകമ്പനങ്ങളെ കാര്യമായ പഠനത്തിന് പൊതുവെ വിധേയമാക്കാറില്ല.
സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും അതിന് കാരണമായ പ്രകമ്പനങ്ങൾ മണിക്കൂറുകൾക്ക് ശേഷമാണ് ഉണ്ടായത്. റിക്ടർ സ്കെയിലിൽ 4ന് മുകളിൽ രേഖപ്പെടുത്തിയ 3 പ്രകമ്പനങ്ങൾ ഉണ്ടായതാണ് വിവരം. മുൻകരുതലുകൾ സ്വീകരിച്ചിരുന്നെങ്കിലും ഉച്ചയോടെ ഈ മുന്നറിയിപ്പ് പിൻവലിച്ചു.
ചെറുപ്രകമ്പനങ്ങൾ നല്ലതാണ്: വിദഗ്ധർ
ഭൂമിക്കടിയിൽ നിന്നുണ്ടാകുന്ന ചെറു പ്രകമ്പനങ്ങൾ നല്ലതാണെന്ന നിലപാടിലാണ് വിദഗ്ധർ. മലപ്പുറത്തും തൃശൂരിലും ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം വയനാട്ടിലും കോഴിക്കോടും വെള്ളരിക്കുണ്ടിലേതിന് സമാനമായ പ്രകമ്പനങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിരുന്നു. ചലിച്ചുകൊണ്ടിരിക്കുന്ന ഭൗമാന്തര പാളികൾക്കൊപ്പം രൂപപ്പെടുന്ന ചെറു വിടവുകൾ നികത്താനുള്ള ഭൂമിയിടെ തന്നെ ശ്രമങ്ങളാണ് പലപ്പോഴും ഇത്തരം പ്രകമ്പനങ്ങൾ സൃഷ്ടിക്കുന്നത്. കുറേക്കാലമായി ഇത്തരം പ്രകമ്പനങ്ങൾ ഉണ്ടാകുന്നില്ലെങ്കിൽ അവിടെ വലിയ സമ്മർദ്ദം രൂപപ്പെടുന്നുവെന്നാണ് അനുമാനം.
അതിനാൽത്തന്നെ ചെറിയ പ്രകമ്പനങ്ങളിലൂടെ ഇത് കുറഞ്ഞുവരുന്നത് നല്ലകാര്യമാണെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അധികൃതർ വ്യക്തമാക്കി. നാഷനൽ സെന്റർ ഫോർ എർത്ത് സയൻസിന്റെ മേൽനോട്ടത്തിൽ കണ്ണൂരിലും പീച്ചിയിലും ഭൂകമ്പമാപിനികൾ ഉണ്ട്.
ഇടിമുഴക്കം പോലെയുള്ള ശബ്ദം
വെള്ളരിക്കുണ്ട്∙ നല്ലയുറക്കത്തിലാണ് ഇടിമുഴക്കം പോലെയുള്ള ശബ്ദം പലരും കേട്ടത്. മലയോരമായതിനാൽ പലരും ഞെട്ടിയെണീറ്റു. അടുക്കളയിൽ പാത്രങ്ങൾ വീഴുകയും കട്ടിലും ഫർണിച്ചറും കുലുങ്ങുകയും ചെയ്തതോടെയാണ് ഭൂമികുലുക്കമാണെന്ന് മനസ്സിലായത്. ഉടനെതന്നെ പുറത്തേക്ക് ഓടിയിറങ്ങുകയായിരുന്നു. ഈ പ്രദേശങ്ങളിൽ വർഷങ്ങൾക്ക് മുൻപും സമാനരീതിയിലുള്ള കുലുക്കം അനുഭവപ്പെട്ടിരുന്നു.
കാരാട്ടെ നീലാങ്കര ലീലയുടെ വൈദ്യുതി സ്വിച്ച്ബോർഡ് പൊട്ടിവീഴുകയും ജനലിന്റെ ഗ്ലാസ് പൊട്ടുകയും ചെയ്തു. ചിലയിടങ്ങളിൽ ഇടി ശബ്ദംപോലെയും അനുഭവപ്പെട്ടു. സംഭവത്തിന് ശേഷം പലർക്കും ഉറക്കം വന്നില്ല. വിദഗ്ധ പരിശോധന നടത്തണമെന്ന് നിർദേശിച്ച് തഹസിൽദാർ പി.വി.മുരളി ജിയോളജി അധികൃതർക്ക് റിപ്പോർട്ട് നൽകി.