മോട്ടർവാഹന വകുപ്പിൽ വിജിലൻസ് പരിശോധന; ക്രമക്കേടുകൾ കണ്ടെത്തി
Mail This Article
കാസർകോട് ∙ മോട്ടർ വാഹന വകുപ്പിന്റെ കാസർകോട് ഓഫിസിൽ വിജിലൻസ് ഡിവൈഎസ്പി ഇ.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള വൻ ക്രമക്കേടുകൾ കണ്ടെത്തി. വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരുടെ ഫയലുകൾ താമസിപ്പിച്ച് ഏജന്റുമാർ മുഖാന്തരം നൽകുന്ന ഫയലുകൾ ഉടനെ തീർപ്പാക്കുന്നു, ഡ്രൈവിങ്, ഫിറ്റ്നസ് ടെസ്റ്റുകൾക്ക് ഏജന്റുമാർ മുഖേന ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നു എന്നുള്ള രഹസ്യ വിവരത്തെ തുടർന്നാണു സംഘം ഇന്നലെ വൈകിട്ടോടെ പരിശോധന നടത്തിയത്.
സമ്മതപത്രമില്ലാതെ ഏജന്റുമാർ സൂക്ഷിച്ച ഒട്ടേറെ രേഖകളും ഏജന്റുമാർ മുഖേന ഉദ്യോഗസ്ഥർക്കു തുക കൈ മാറുന്നതിനുള്ള തെളിവുകൾ ഉൾപ്പെടെ പരിശോധനയിൽ കണ്ടെത്തിയതായും തുടരന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കാൻ ഡയറക്ടർക്കു ശുപാർശ സമർപ്പിക്കുമെന്നു വിജിലൻസ് സംഘം അറിയിച്ചു. ജില്ലകളിലെ ആർടിഒ ഓഫിസുകൾ കേന്ദ്രീകരിച്ചു വൻതോതിൽ അഴിമതി നടക്കുന്നതായി നേരത്തെ ആരോപണമുയർന്നിരുന്നു. ഇതു സംബന്ധിച്ച് വിജിലൻസിനും പരാതികൾ ലഭിച്ചിരുന്നു.