‘പഴമയിലെ കളികളിലേക്ക് തിരിച്ചുപോക്ക്’

Mail This Article
ഉദുമ ∙ പുതു തലമുറയിലെ കുട്ടികൾ ഡിജിറ്റൽ ഗെയിംസിലും ലഹരിമരുന്നിനും മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗം കുറയ്ക്കുന്നതിനുമായി വനിതാ ദിനത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം, പാലക്കുന്ന് വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ പഴമയിലെ കളികളിലേക്ക് തിരിച്ചുപോക്ക് എന്ന പരിപാടി സംഘടിപ്പിച്ചു.
കൊത്തം കല്ല്, മഞ്ചാടിക്കളി, കുട്ടീം കോലും, കോരി, ഈർക്കിളിക്കളി തുടങ്ങിയ പഴയകാല കളികളാണ് കുട്ടികളെ പരിചയപ്പെടുത്തി കൊടുത്തത്. വേനലവധിക്കാലത്ത് വീടുകളിൽ കഴിയുന്ന കുട്ടികൾക്ക് പഴയകാല കളികളിൽ ഏർപ്പെട്ട് മറ്റ് ലഹരി വസ്തുക്കളുടെയും മൊബൈൽ ഫോണിന്റെ അമിത ഉപയോഗവും കുറയ്ക്കാൻ ഇതിലൂടെ സാധിക്കുമെന്ന് വനിതാ വിങ് ഭാരവാഹികൾ പറഞ്ഞു. വനിതാ വിങ് പ്രവർത്തകരും അധ്യാപകരും പരിപാടികൾക്ക് നേതൃത്വം നൽകി. സ്കൂളിൽ നടന്ന ചടങ്ങിൽ കൊത്തം കല്ലും മഞ്ചാടി കളിച്ചും വനിതാ വിങ് ജില്ലാ പ്രസിഡന്റ് രേഖ മോഹൻദാസ് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് റീത്ത പത്മരാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സരിജ ബാബു, പ്രധാനാധ്യാപിക അങ്കിത, വനിതാ വിങ് കോഓർഡിനേറ്റർ മുരളി പള്ളം, യൂത്ത് വിങ് ജില്ലാ വൈസ് പ്രസിഡന്റ് സമീർ, വനിതാ വിങ് യൂണിറ്റ് വൈസ് പ്രസിഡന്റ് ജയന്തി അശോകൻ, ട്രഷറർ ധനുഷ സതീഷ് എന്നിവർ പ്രസംഗിച്ചു. കെവിവിഇഎസ് കോട്ടിക്കുളം പാലക്കുന്ന് യൂണിറ്റ് പ്രസിഡന്റ് എം.എസ്.ജംഷിദ് കുട്ടികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു.