കാത്തിരിപ്പിന് വിരാമം; ദർശനപുണ്യമായി കേണമംഗലത്തമ്മയുടെ തിരുമുടി നിവർന്നു

Mail This Article
നീലേശ്വരം ∙ പള്ളിക്കര കേണമംഗലം കഴകം പെരുങ്കളിയാട്ടത്തിനു സമാപനം കുറിച്ച് ഭഗവതിയുടെ തിരുമുടി നിവർന്നു. കേണമംഗലത്തമ്മയുടെ പന്തൽ മംഗലത്തിനെത്തിയ ഭക്തസഹസ്രങ്ങളെ അന്നമൂട്ടാൻ കളിയാട്ടത്തിന്റെ എല്ലാ വർണാഘോഷങ്ങളിൽ നിന്നു വിട്ടുനിന്ന് സ്വയം സമർപ്പിച്ച 40 കലവറ വാല്യക്കാർ സമാപന ദിവസം പുലർച്ചെ ക്ഷേത്രത്തിനു ചുറ്റും ഒരുക്കിയ 101 മേലേരി കൈയ്യേറ്റു. തന്റെ കുഞ്ഞുകുട്ടി കിടാങ്ങളെ കണ്ട് അനുഗ്രഹം ചൊരിയാൻ പതിനേഴാണ്ടിന്റെ പ്രാർഥനാപൂർവമുള്ള കാത്തിരിപ്പിന് വിരാമമിട്ട് കഴക പരിസരത്തെ നാഗക്കാവ് മുതൽ കഴകം തിരുമുറ്റം വരെ സർവാഭരണ വിഭൂഷിതയായി കേണമംഗലത്തമ്മ അരിയിലെഴുന്നള്ളി.
രാവിലെ 11നും 11.30നുമിടയിലുള്ള ശുഭമുഹൂർത്തത്തിൽ ഏവരും നോറ്റിരുന്ന തിരുമുടിയേറ്റം നടന്നു. ഭക്തമാനസങ്ങൾക്ക് ദർശനപുണ്യം പകരാൻ കേണമംഗലത്തമ്മയുടെ നാൽപ്പത്തീരടി തിരുമുടി കഴകത്തിന്റെ അനന്ത വിഹായസ്സിലേക്ക് ഉയർന്നപ്പോൾ കുഞ്ഞുകുട്ടിപുരുഷാരം കൈകൂപ്പി നിന്നു, വാനിൽ ശരണമന്ത്രങ്ങളുയർന്നു. ശുഭസൂചനയായി ഒരു നിമിത്തം പോലെ തിരുമുടിക്ക് മുകളിൽ കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറന്നു. സമാപനദിവസം പാലെരെ കീഴിൽ ക്ഷേത്രത്തിൽ വ്രതശുദ്ധിയോടെ സൂക്ഷിച്ചിരുന്ന കലശപ്പാത്രം ഏറെ നാളത്തെ നോറ്റിരിപ്പിന് ശേഷം കലശം അവകാശികളായ ചാത്തമത്ത് നെടുങ്കൈ തറവാട്ടിലെ വാല്യക്കാർ, കലശത്തട്ട് അലങ്കരിച്ച് ഒരുക്കിയ വടക്കേ കളരിയിലെയും തെക്കേ കളരിയിലെയും കഴകത്തിലെയും വാല്യക്കാർ, കഴകത്തിലെ ക്ഷേത്രേശ്വരന്മാർ എന്നിവർ ചേർന്ന് എഴുന്നള്ളിച്ചു കേണമംഗലത്ത് എത്തിച്ചു.
6 ദിനങ്ങളിലായി ഉർവരതാ ദേവിയായ അമ്മയുടെ 11 തോറ്റങ്ങൾ അരങ്ങിലെത്തിയിരുന്നു. അഞ്ചാം കളിയാട്ട ദിനം രാത്രി 11ന് കൊടിയിലത്തോറ്റം നടന്നു. തിരുമുടിയണിയുന്നതിന് മുൻപായി കൊടിയിലയിലെ ദീപനാളത്തിൽ നിന്ന് കേണമംഗലത്തമ്മയുടെ ചൈതന്യം കോലധാരി ശരീരത്തിലേക്ക് ആവാഹിച്ചു. ഭഗവതിക്ക് അകമ്പടിയായി ഗുളികൻ തെയ്യവും ലോകനാഥനായ വിഷ്ണുമൂർത്തിയും, പെരുങ്കളിയാട്ടത്തിന്റെ പൊൻശോഭയായ മംഗലക്കുഞ്ഞുങ്ങളും കസവുടുത്ത്, വെറ്റില നുള്ളിയെറിഞ്ഞ് കലശമെഴുന്നള്ളിപ്പിനൊപ്പം 3 തവണ ക്ഷേത്രം പ്രദക്ഷിണം വച്ചു. ‘അടിച്ച കാറ്റും ചോർന്ന മഞ്ഞും പെയ്ത മഴയുമല്ലാതെ വേറിട്ടൊരു അല്ലും ചില്ലും പാറി ഭവിക്കാതെ തക്കവണ്ണം അമ്മ കാത്തുരക്ഷിച്ചുകൊള്ളാം’.. എന്ന് മൊഴി ചൊല്ലിപിരിഞ്ഞ് അടുത്ത പന്തൽ മംഗലത്തിന് നാൾ കുറിക്കുന്നത് വരെ ദേവി തിരുവരങ്ങൊഴിഞ്ഞു.