കേട്ടത് ഒരിക്കലും കേൾക്കരുതെന്ന് ആഗ്രഹിച്ച വാർത്ത; നിശ്ശബ്ദമായി കരഞ്ഞ് പൈവളിഗെ ഗ്രാമം

Mail This Article
പൈവളിഗെ ∙ ഒരിക്കലും കേൾക്കരുതെന്ന് ആഗ്രഹിച്ച വാർത്തയാണ് നാട് ഇന്നലെ കേട്ടത്. ഒട്ടേറെ ദിനരാത്രങ്ങൾ പൊലീസിനൊപ്പം തങ്ങളോരോരുത്തരും തിരഞ്ഞ 15 വയസ്സുകാരിയെയും യുവാവിനെയും 26ാം നാൾ കണ്ടെത്തുമ്പോൾ അവർക്ക് ജീവനുണ്ടാകില്ലെന്ന് നാട്ടുകാരാരും കരുതിയിരുന്നില്ല. ഇരുകുടുംബങ്ങളുടെയും വേദനയിൽ നിശ്ശബ്ദമായി കരയുകയാണ് പൈവളിഗെ ഗ്രാമം.
എസ്എസ്എൽസി പരീക്ഷ ആരംഭിക്കുന്നതിന് തൊട്ടുമുൻപായാണ് വീട്ടിൽനിന്ന് പെൺകുട്ടിയെ രാത്രി കാണാതാകുന്നത്. ടാക്സി ഡ്രൈവർ പ്രദീപിനെയും ഇതോടൊപ്പം കാണാതായതോടെ നാട്ടുകാരും പൊലീസും തിരച്ചിൽ ആരംഭിച്ചു. പരാതി ലഭിച്ച അതേ ദിവസം തന്നെ വൈകിട്ട് മൂന്നോടെ പൊലീസ് കേസെടുത്തിരുന്നു. ഇരുവരുടെയും ഫോണുകളിലേക്കു വിളിച്ചപ്പോൾ ആദ്യം റിങ് ചെയ്തെങ്കിലും പിന്നീട് ഓഫാവുകയായിരുന്നു. ബാറ്ററി ചാർജ് തീർന്നതിനുശേഷം ഫോൺ ഓഫ് ആയതായിരിക്കാമെന്നാണു പൊലീസ് കരുതുന്നത്.
വീടിനു സമീപത്തായിത്തന്നെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ കാണിച്ചിരുന്നു. ഈ പ്രദേശത്തിന്റെ ഒരു ഭാഗം പുഴയോരവും മറു ഭാഗങ്ങൾ ആളൊഴിഞ്ഞ കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശവുമായിരുന്നു. കാസർകോട് ഡിവൈഎസ്പി സി.കെ.സുനിൽകുമാർ, കുമ്പള ഇൻസ്പെക്ടർ പി.കെ.വിനോദ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ സ്റ്റേഷനുകളിലെ എസ്ഐമാർ, വനിതകൾ ഉൾപ്പെടെയുള്ള പൊലീസുകാരുടെ നേതൃത്വത്തിൽ നാട്ടുകാരും ചേർന്ന് ഇന്നലെ രാവിലെ ഒൻപതോടെ തുടങ്ങിയ തിരച്ചിൽ 11ന് ആണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
മൃതശരീരങ്ങൾക്ക് ആഴ്ചകളുടെ പഴക്കമുണ്ടെന്നും വീട്ടിൽ നിന്നിറങ്ങുമ്പോൾ ധരിച്ച വസ്ത്രമാണു മൃതദേഹത്തിൽ ഉണ്ടായതെന്നും ആത്മഹത്യയായിരിക്കാമെന്നാണു പ്രാഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു. മകളെ കണ്ടെത്താൻ ആവശ്യമായ അന്വേഷണം ഊർജിതമാക്കണമെന്നു ആവശ്യപ്പെട്ട് മാതാവ് ജില്ലാ പൊലീസ് മേധാവിക്കു പരാതിയും ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജിയും നൽകിയിരുന്നു. ഈ വിഷയം നിയമസഭയിൽ ഉന്നയിക്കാൻ എ.കെ.എം.അഷ്റഫ് എംഎൽഎ തീരുമാനിച്ചിരുന്നു. പൊലീസ് അന്വേഷണത്തിൽ അലംഭാവമുണ്ടായതായി എംഎൽഎ ആരോപിച്ചു.
കാണാതായ പത്താംക്ലാസ് വിദ്യാർഥിനിയും ടാക്സി ഡ്രൈവറും മരിച്ചനിലയിൽ
കാസർകോട് ∙ പൈവളിഗെയിൽനിന്നു കാണാതായ പത്താംക്ലാസ് വിദ്യാർഥിനിയെയും വിദ്യാർഥിനിയെ കടത്തിക്കൊണ്ടുപോയെന്നു കരുതുന്ന ടാക്സി ഡ്രൈവർ പ്രദീപിനെയും(42) വീടിനു സമീപത്തെ കാട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണു പ്രാഥമിക വിവരം. കത്തിയും 2 മൊബൈൽഫോണുകളും സമീപത്തുനിന്നു കണ്ടെടുത്തു.
ഫെബ്രുവരി 12നു പുലർച്ചെയാണു പെൺകുട്ടിയെ വീട്ടിൽനിന്നു കാണാതായത്. സഹോദരിക്കൊപ്പം കിടന്നുറങ്ങിയ കുട്ടി പിൻവാതിൽ തുറന്നു പുറത്തേക്കു പോയെന്നാണു രക്ഷിതാക്കൾ പൊലീസിനു നൽകിയ മൊഴി. കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽഫോൺ ആദ്യം ബെല്ലടിച്ചെങ്കിലും പിന്നീടു സ്വിച്ച് ഓഫായി.
ടവർ ലൊക്കേഷൻ വിവരമനുസരിച്ചു വീടിനു സമീപത്തെ കാട്ടിൽ ഇന്നലെ രാവിലെ നടത്തിയ തിരച്ചിലിലാണ് ഒരേ മരത്തിന്റെ ചില്ലയിൽ തൂങ്ങിയ നിലയിൽ ഇരുവരെയും കണ്ടെത്തിയത്. ജീർണിച്ച നിലയിലായിരുന്ന മൃതദേഹങ്ങൾ പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പ്രദീപ് അവിവാഹിതനാണ്. ഡിവൈഎസ്പി സി.കെ.സുനിൽകുമാർ, ഇൻസ്പെക്ടർ പി.കെ.വിനോദ്കുമാർ എന്നിവർ സ്ഥലത്തെത്തി.