ഉർമി വിസിബി കം ബ്രിജ്: പുനർനിർമാണത്തിന് 1.23 കോടി

Mail This Article
ഉപ്പള ∙ കാലപ്പഴക്കം കാരണം മാസങ്ങൾക്ക് മുൻപ് ഗതാഗതം നിരോധിച്ച പൈവളിഗെ പഞ്ചായത്തിലെ ഉർമി വിസിബി കം ബ്രിജിന്റെ പുനർനിർമാണത്തിനായി 1.23 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി എ.കെ.എം.അഷ്റഫ് എംഎൽഎ അറിയിച്ചു.പൈവളിഗെ പഞ്ചായത്തിലെ കടങ്കോടി വാർഡിലെ ഉർമി തോടിന് കുറുകെ 40 വർഷം മുൻപ് നിർമിച്ച വിസിബി കാലപ്പഴക്കം കാരണം അപകടാവസ്ഥയിലായതിനാലാണ് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ച് പാലം അടച്ചിട്ടത്.
ഇത് കാരണം ഉർമി, പല്ലക്കൂടൽ, കൊമ്മംഗള, കുരുഡപ്പദവ് എന്നീ പ്രദേശങ്ങളിലെ കർഷകർ, വിദ്യാർഥികൾ, വ്യാപാരികൾ ഉൾപ്പെടെ പൊതുജനങ്ങൾ ദുരിതത്തിലായിരുന്നു. ഈ പ്രദേശങ്ങളിലെ വിവിധ കൃഷിഭൂമിയിലേക്കുള്ള ജലലഭ്യതയും നിലച്ചിരുന്നു. ചെറുകിട ജലസേചന വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നുമാണ് വിസിബി നിർമാണത്തിന് ഫണ്ട് അനുവദിച്ചിട്ടുള്ളത്. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി ഉടൻ തുടങ്ങുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി എംഎൽഎ അറിയിച്ചു.