വിഷുവിന് ‘ബല്ല റൈസ്’ വിപണിയിൽ എത്തിക്കാൻ കെഎസ്കെടിയു

Mail This Article
കാഞ്ഞങ്ങാട് ∙ ഇത്തവണയും വിഷുവിന് ബല്ല റൈസ് വിപണിയിൽ എത്തിക്കാൻ കെഎസ്കെടിയു ബല്ല വില്ലേജ് കമ്മിറ്റിയുടെ കീഴിലെ ബല്ല കൃഷികൂട്ടം ഒരുങ്ങുന്നു. കുറ്റിക്കാൽ ബല്ലാ വയലിലെ പത്തേക്കർ സ്ഥലത്ത് നടത്തിയ രണ്ടാംവിള നെൽക്കൃഷിയുടെ വിളവെടുപ്പ് നടന്നു. കർഷക തൊഴിലാളികൾ മുൻ ജവാന്മാർ, പൊലീസ് ഉദ്യോഗസ്ഥർ, സർക്കാർ ജീവനക്കാർ, ഐടി മേഖലയിൽ ജോലി ചെയ്യുന്നവർ, ഡ്രൈവർമാർ എന്നിങ്ങനെ വിവിധ മേഖലകളിൽ ജോലിചെയ്യുന്ന 23 പേരുടെ കൂട്ടായ്മയാണ് ബല്ല കൃഷിക്കൂട്ടം. മേലാങ്കോട്ട് സ്കൂൾ വിദ്യാർഥികൾ, ബല്ല ഈസ്റ്റ് ജിഎച്ച്എസ്എസിലെ എൻഎസ്എസ് വിദ്യാർഥികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കൃഷി വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭ, കൃഷിഭവൻ എന്നിവയുടെ പിന്തുണയോടെയാണ് ആതിര ഇനത്തിൽപ്പെട്ട വിത്ത് കൃഷി ചെയ്തത്.ബല്ല വയലിലെ തരിശായി കിടക്കുന്ന മുഴുവൻ പാടങ്ങളിലും കൃഷി യോഗ്യമാക്കണം എന്ന ലക്ഷ്യത്തെടെയാണ് കൂട്ടായ്മ രൂപീകരിച്ചത്.മുൻവർഷത്തെപ്പോലെ ഈ വർഷവും ബല്ലാ റൈസ് എന്ന പേരിൽ അരി വിപണിയിലെത്തിക്കും. കൊയ്ത്തുത്സവം കാഞ്ഞങ്ങാട് സബ് കലക്ടർ പ്രതീക് ജെയിൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ.വി.സുശീല അധ്യക്ഷത വഹിച്ചു.ജില്ലാ പ്രിൻസിപ്പൽ ഓഫിസർ പി.രാഖവേന്ദ്ര മുഖ്യാതിഥിയായി. ഡപ്യൂട്ടി ഡയറക്ടർ സ്മിത നന്ദിനി, നഗരസഭ കൗൺസിലർമാരായ കെ.ലത, എൻ.പി.ബാലകൃഷ്ണൻ, കെ.ഇന്ദിര, കൃഷി ഓഫിസർ കെ.മുരളീധരൻ, ഹരിത കേരള മിഷൻ കോഓർഡിനേറ്റർ ഇ.ബാലചന്ദ്രൻ, സേതു കുന്നുമ്മൽ, എൻ.ഗോപി, എൻ.മുരളി, കൃഷിക്കൂട്ടം പ്രസിഡന്റ് പി തമ്പാൻ, സെക്രട്ടറി എം.മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു.