ദേശീയപാത വികസനം: ദുരിതം മാറാതെ നീലേശ്വരം മാർക്കറ്റ്

Mail This Article
നീലേശ്വരം ∙ ദേശീയപാത വികസനം മൂലം ദുരിതക്കയത്തിലായി നീലേശ്വരം മാർക്കറ്റ്. നിർമാണത്തിനിടെ രൂപപ്പെട്ട കുഴിയിൽ വീണ് പരുക്ക് പറ്റിയ തൈക്കടപ്പുറത്തെ ടി.പി.കാർത്യായനി ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. ഒരു മാസത്തെ വരുമാനം പോയി, കൂടാതെ ഇരുപതിനായിരം രൂപയ്ക്ക് മുകളിൽ ചികിത്സയ്ക്കും ചെലവായി.കൂട് വിട്ട് കൂട് മാറുന്ന കിളികളെപ്പോലെയാണ് ഞങ്ങളുടെ സ്ഥിതി എന്നാണ് 30 വർഷമായി മാർക്കറ്റിൽ മീൻ വിൽപന നടത്തുന്ന കാർത്യായനി പറയുന്നത്. ശൗചാലയ സൗകര്യമില്ല, പൊടി കൊണ്ടുണ്ടാവുന്ന അസുഖങ്ങൾ വേറെ. നൂറുകണക്കിന് ഭാരവാഹനങ്ങൾ ചീറിപ്പായുന്ന അപകടസാധ്യത കൂടിയ ദേശീയപാതയോരത്താണ് വിൽപന. കുറച്ച് അകലെ മാറി വേറെയും മീൻ വിൽപനക്കാർ ഇരിക്കുന്നുണ്ട്. മാർക്കറ്റിലെ ഓട്ടോക്കാരുടെയും സ്ഥിതി മറിച്ചല്ല. മൂന്ന് സ്ഥലങ്ങളിലായാണ് പാർക്ക് ചെയ്തിരിക്കുന്നത്. അതും ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കണം.മീൻ വിൽപനയ്ക്കായും ഓട്ടോ സ്റ്റാൻഡിനായും നിലവിലുള്ള സ്ഥലത്തിനടുത്ത് സ്ഥിരമായ സംവിധാനം ഒരുക്കണമെന്നതാണ് ഇവരുടെ ആവശ്യം.മാർക്കറ്റിലെ ദേശീയപാത നിർമാണ പ്രവൃത്തികൾ മേയ് മാസത്തോടെ പൂർത്തീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് കരാറുകാരായ മേഘ കൺസ്ട്രക്ഷൻ കമ്പനി അധികൃതർ അറിയിച്ചു.