റോഡ് നിറയെ കുഴികൾ; പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർക്ക് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ നോട്ടിസ്

Mail This Article
കാസർകോട്∙ കുണ്ടും കുഴിയുമായ കാസർകോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ ദുരിതത്തിന് ഉടൻ പരിഹാരം വേണമെന്ന ഹർജിയിൽ പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർക്ക് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി നോട്ടിസ് അയച്ചു. 15ന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അഡ്വ.എ.രാധാകൃഷ്ണൻ സമർപ്പിച്ച ഹർജിയിലാണ് നോട്ടിസ്. കാസർകോട് ചന്ദ്രഗിരി പാലം റോഡ് ജംക്‌ഷൻ മുതൽ കാഞ്ഞങ്ങാട് വരെ 339 കുഴി ഉണ്ടെന്ന് പരാതിയിൽ ബോധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മഴക്കാലത്തിനു ശേഷം റോഡിന്റെ സ്ഥിതി വളരെ പരിതാപകരമാണ്. കുഴികളിൽ വീണ് പരുക്കേറ്റവരുമേറെ. ഇന്ധന നഷ്ടം, വാഹനങ്ങൾക്ക് തകരാർ, ആരോഗ്യ നഷ്ടം തുടങ്ങിയവ ഉണ്ടാകുന്നത് തടയണമെന്ന് ഹർജിയിൽ അപേക്ഷിച്ചു.കാസർകോട് ട്രാഫിക് സർക്കിൾ, ചന്ദ്രഗിരി പാലം റോഡ്, ചന്ദ്രഗിരി പാലം, ചെമ്മനാട്, ചളിയംകോട്, മേൽപ്പറമ്പ്, കളനാട്, തൃക്കണ്ണാട്, ബേക്കൽ, ചാമുണ്ഡിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വാഹനങ്ങളെ വീഴ്ത്തുന്ന ചെറുതും വലുതുമായ കുഴികളാണുള്ളത്. ആവശ്യമായ ഫണ്ട് അനുവദിക്കാത്തതാണ് അറ്റകുറ്റപ്പണി ചെയ്യാൻ കഴിയാത്തതെന്ന് അധികൃതർ പറയുന്നു.