കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുൻപിൽ ‘മരക്കെണി’

Mail This Article
കാഞ്ഞങ്ങാട് ∙ മിനി സിവിൽ സ്റ്റേഷന് മുൻപിൽ നീക്കം ചെയ്യാതെ മരവും അവശിഷ്ടങ്ങളും. കഴിഞ്ഞ മഴക്കാലത്താണ് മരത്തിന്റെ ഒരുഭാഗം പൊട്ടി വീണത്. അപകട ഭീഷണിയെ തുടർന്നു പിന്നീട് മരം മുഴുവനായി മുറിക്കുകയായിരുന്നു. മരം മുറിച്ചു കഷ്ണമാക്കിയ ശേഷം അവിടെ തന്നെ ഉപേക്ഷിച്ചു.സിവിൽ സ്റ്റേഷനിലേക്ക് വരുന്നവർക്കും വാഹനങ്ങൾക്കും ഈ ‘മരക്കെണി’ ഇപ്പോൾ വിനയാകുന്നു. ദിവസവും ഒട്ടേറെ സമരങ്ങളും പ്രതിഷേധ പരിപാടികളും മിനി സിവിൽ സ്റ്റേഷന് മുൻപിൽ നടക്കാറുണ്ട്.മരം മുറിച്ചിട്ട ഭാഗങ്ങളിലാണ് പ്രതിഷേധങ്ങൾ കൂടുതലും നടന്നിരുന്നത്.
ഈ സ്ഥലം നഷ്ടമായതോടെ സമരം പലതും സിവിൽ സ്റ്റേഷനിലേക്കുള്ള വഴിയിലായി. വലിയ മരമായതിനാൽ വനം വകുപ്പ് വാല്യുവേഷൻ നടത്തിയിരുന്നു. മരം ലേലം ചെയ്തു നൽകാനുളള നടപടി റവന്യു വകുപ്പ് സ്വീകരിച്ചെങ്കിലും ലേലം ചെയ്തു നൽകിയിട്ടില്ല. അതുവരെ മരം മാറ്റിയിടാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് റവന്യു വകുപ്പ് നഗരസഭയെ സമീപിച്ചിരുന്നു. അനുയോജ്യമായ സ്ഥലം കണ്ടെത്തി റവന്യു വകുപ്പ് കണ്ടെത്തി നൽകിയാൽ മരം മാറ്റിയിടാനുള്ള സൗകര്യം നഗരസഭ ഒരുക്കുമെന്ന് നഗരസഭാധ്യക്ഷ കെ.വി.സുജാത പറഞ്ഞു.