ഉപ്പളയിലെ ലഹരിവേട്ട അഞ്ചു മാസം പിന്നിട്ടിട്ടും പിടിയിലായത് ഒരാൾ മാത്രം; മറ്റു പ്രതികൾ വിദേശത്തെന്ന് പൊലീസ്

Mail This Article
കാസർകോട് ∙ ഉപ്പളയിലെ വീട്ടിൽ നിന്നു ലക്ഷങ്ങൾ വിലമതിക്കുന്ന 3.407 കിലോഗ്രാം എംഡിഎംഎ ഉൾപ്പെടെ മാരക ലഹരി ഉൽപന്നങ്ങൾ പിടികൂടി 5 മാസത്തിലേറെയായെങ്കിലും പിടികൂടിയത് ഒരാളെ മാത്രം. കൂട്ടുപ്രതികൾ ഉണ്ടെന്നു അന്വേഷണത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇവർ വിദേശത്തായതിനാൽ ഇതുവരെ പിടികൂടാനായില്ല. പ്രധാന പ്രതി അറസ്റ്റിലായി 6 മാസം തികയാൻ ദിവസം ബാക്കിയിരിക്കെ കേസിന്റെ കുറ്റപത്രം കോടതിയിൽ നൽകാനൊരുങ്ങുകയാണ് പൊലീസ്.
കഴിഞ്ഞ സെപ്റ്റംബർ 20നാണ് ഉപ്പള മുളിഞ്ചെ പത്വാടി അൽ ഫ്ലാഗ മൻസിൽ അഷ്കർ അലിയുടെ (26) വീട്ടിൽ നിന്ന് 3.407 കിലോഗ്രാം എംഡിഎംഎയും 642.65 ഗ്രാം കഞ്ചാവും 96.65 ഗ്രാം കൊക്കെയ്ൻ, 30 ലഹരി ഗുളികകളും പൊലീസ് പിടികൂടിയത്. ഇതിൽ അറസ്റ്റിലായ അഷ്കർ അലി റിമാൻഡിലാണ്. ഇതുവരെ ജാമ്യം ലഭിച്ചിരുന്നില്ല. എൻഡിപിഎസ് കേസുകളിൽ അറസ്റ്റിലായാൽ 6 മാസത്തിനുള്ളിൽ കുറ്റപത്രം നൽകണം. അതിനാൽ ഈ മാസം 20ന് അകം കുറ്റപത്രം നൽകാനാണ് പൊലീസ് ശ്രമിക്കുന്നത്.
മഞ്ചേശ്വരം, പൈവളിഗെ, ഉപ്പള പ്രദേശങ്ങളിലുള്ളവരാണ് ഈ വലിയ ലഹരിക്കടത്ത് സംഘത്തിലെ കൂട്ടുപ്രതികളെന്നാണു പൊലീസ് നൽകുന്ന സൂചന. ഇവർ ഇതുവരെ നാട്ടിലെത്തിയില്ല. വിദേശരാജ്യങ്ങളിൽ നിന്നായിരുന്ന് ഇടപാടുകൾ നടത്തിയിരുന്നത്. പ്രതിയായ അഷ്കർ അലിക്കു ലഹരിമരുന്നും എത്തിക്കുകയും സാമ്പത്തിക ഇടപാടുകളും നടത്തിയിരുന്ന മുഖ്യകണ്ണി ഉപ്പള സ്വദേശിയാണെന്നു പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നേരത്തെ ലണ്ടനിലായിരുന്ന അഷ്കർ അലിയുടെ സുഹൃത്തുക്കൾ കൂടിയാണ് മറ്റു പ്രതികൾ.
അഷ്കർ അലി റിമാൻഡിലായതോടെ ലഹരിക്കടത്ത് സംഘം മറ്റു ഇരകളെ ഉപയോഗിച്ചാണ് കടത്തുന്നതെന്നു പൊലീസിനു സൂചന ലഭിച്ചിരുന്നു. അതിനാൽ ജില്ലയിലെ പല കടത്തു സംഘങ്ങളും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ജില്ലയ്ക്കും പുറത്തുമുള്ള ചെറുകിട സംഘങ്ങൾക്കു ലഹരിമരുന്നു ഏറെ എത്തിച്ചു നൽകിയിരുന്നത് ഉപ്പളയിൽ നിന്നായിരുന്നു. ഒക്ടോബർ 30നു മേൽപറമ്പ് പൊലീസ് കൈനോത്ത് നിന്നു 49.33 ഗ്രാം എംഡിഎംഎയുമായി കർണാടക മൂഡിഗരെ സ്വദേശിയും കൊപ്പൽ ബൈത്തുസ്സലാം വീട്ടിൽ അബ്ദുൽറഹ്മാനെ (രവി–28) അറസ്റ്റ് ചെയ്തിരുന്നു.
എംഡിഎംഎ ഉപയോഗിച്ച യുവതി പിടിയിൽ
മഞ്ചേശ്വരം ∙ മൈതാനത്തിലെ മരച്ചുവട്ടിൽ നിന്നു എംഡിഎംഎ ഉപയോഗിക്കുന്ന യുവതിയെ പൊലീസ് പിടികൂടി. മംഗളൂരു ഉള്ളാൾ കെസി റോഡിലെ ഇരുപത്തിയാറുകാരിയെയാണ് എസ്ഐ കെ.ആർ.ഉമേശിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. 10നു വൈകിട്ട് 5ന് കുഞ്ചത്തൂർ കണ്വതീർഥ സ്ഥലത്ത് നിന്നാണു യുവതിയെ പിടികൂടിയത്. പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘത്തെ കണ്ട് യുവതി പരിഭ്രമിച്ച് പോകാൻ ശ്രമിക്കുന്നതിനിടെ വനിത സിവിൽ പൊലീസ് ഓഫിസർ സോണിയ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കത്തിച്ച് വലിച്ചത് കണ്ടെത്തിയത്. ചില്ല് കഷണം ചൂടാക്കി അതിൽ എംഡിഎംഎ വച്ച നിലയിലായിരുന്നു. മഞ്ചേശ്വരത്ത് നിന്നാണു യുവതി എംഡിഎംഎ വാങ്ങിയതെന്നു പൊലീസിനു സൂചന ലഭിച്ചിരുന്നു. അറസ്റ്റ് ചെയ്തു യുവതിയെ ജാമ്യത്തിൽവിട്ടു.

എംഡിഎംഎയുമായി യുവാവ് പിടിയിൽ
കാസർകോട്∙ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മുളിയാർ ചൂരിമൂലയിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന മുഹമ്മദ് റഫീഖിനെ (35) 1.856 ഗ്രാം എംഡിഎംഎയുമായി പിടിയിലായി. ചൂരിമൂലയിൽ നിന്നാണു പ്രതിയെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അരുൺ ദാമോദരന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അസി:എക്സൈസ് ഇൻസ്പെക്ടർമാരായ വി.വി. സന്തോഷ് കുമാർ,കെ.എ.ജനാർദ്ദനൻ, പ്രിവന്റീവ് ഓഫിസർ ഇ.കെ.ബിജോയി, സിവിൽ എക്സൈസ് ഓഫിസർമാരായ ബി.എൻ. ദീപു, ചാൾസ് ജോസ്, ടി.വി.ഗീത എന്നിവരും സംഘത്തിലുണ്ടായിരുന്നു.
യുവാവ് കഞ്ചാവുമായി പിടിയിൽ
ബേക്കൽ∙ പള്ളിക്കര നിരോഷമ ഹൗസിൽ ബബീഷ് ബാലകൃഷ്ണനെ (32) 8 ഗ്രാം കഞ്ചാവുമായി ബേക്കൽ പൊലീസ് പിടികൂടി. ബേക്കൽ ജംക‍്ഷനിൽ വച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് പിടികൂടിയത്.

4.183 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ
കുമ്പള∙ സ്കൂട്ടറിൽ കടത്തുകയായിരുന്ന 4.183 കി.ഗ്രാം കഞ്ചാവുമായി ഒരാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. കുമ്പള ബംബ്രാണയിലെ എം.സുനിൽകുമാറിനെയാണ് (35) എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ ജെ.യു.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം രാത്രി 10.30ന് വാഹന പരിശോധനയ്ക്കിടെ മാവിനക്കട്ടയിൽ നിന്നു പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
സ്കൂട്ടറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. കുമ്പള, കാസർകോട് എന്നിവിടങ്ങളിലെ ചെറുകിട വിൽപന സംഘത്തിനു കൈമാറാനായി കൊണ്ടുപോകുകയായിരുന്നുവെന്നു സംശയിക്കുന്നതായി എക്സൈസ് സംഘം പറഞ്ഞു.അസി.എക്സൈസ് ഇൻസ്പെക്ടർ സി.കെ.വി.സുരേഷ്, പ്രിവന്റീവ് ഓഫിസർമാരായ കെ.പ്രശാന്ത്കുമാർ, എം.അജീഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ ടി.വി.അതുൽ, കെ.സതീശൻ, സജ്ന, സജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.