കോട്ടിക്കുളം റെയിൽവേ മേൽപ്പാലത്തിന് ചുവപ്പുനാടക്കുരുക്ക്

Mail This Article
കോട്ടിക്കുളം ∙ കോട്ടിക്കുളം റെയിൽവേ സ്റ്റേഷനോടു ചേർന്ന് മേൽപാലം പണിയുടെ ടെൻഡർ നടപടി കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും സംസ്ഥാന സർക്കാരിന്റെ അംഗീകാരം കിട്ടാത്തതിനാൽ പണി വൈകുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ 3 മാസമായി ചുവപ്പു നാട കുരുക്കിൽപ്പെട്ടു കിടക്കുകയാണ് ഇതു സംബന്ധിച്ച ഫയൽ. ഇതോടെ കോട്ടിക്കുളത്തെ റെയിൽവേ ക്രോസിലെ കുരുക്ക് പരിഹാരം നീളുന്നു.റീ ടെൻഡർ നിരക്ക് എസ്റ്റിമേറ്റ് തുകയേക്കാൾ 10 ശതമാനത്തിൽ കൂടുതലായതിൽ മന്ത്രിസഭാ അംഗീകാരം ലഭ്യമാക്കേണ്ടതുണ്ട്.
ഇതിനാൽ ഡിസംബർ 4ന് കേരള റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷൻ സർക്കാരിന് കത്തു നൽകിയതാണ്.3 മാസത്തിലേറെ കഴിഞ്ഞിട്ടും നടപടിയില്ല. 14 കോടി എസ്റ്റിമേറ്റ് കണക്കാക്കിയ പദ്ധതിക്ക് 17.4 കോടിയാണ് ബിഡ് തുറന്നപ്പോൾ ലഭിച്ചത്. 14 കോടിയുടെ എസ്റ്റിമേറ്റ് തുകയേക്കാൾ 21.56 ശതമാനം കൂടുതൽ. ഈ ടെൻഡർ തുകയ്ക്ക് സർക്കാർ അംഗീകാരം തേടി കേരള റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷൻ നൽകിയ കത്തിലാണ് സർക്കാർ നടപടിയും തീരുമാനവും വൈകുന്നത്.
കോട്ടിക്കുളം റെയിൽവേ മേൽപാലം നാൾവഴി
∙ 2017ൽ 8 വർഷം മുൻപാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് കോട്ടിക്കുളം റെയിൽവേ മേൽപാലം പണിയാൻ സർക്കാർ ഭരണാനുമതി നൽകിയത്.നിർമാണ മേൽനോട്ടം റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷനെ ഏൽപ്പിച്ചു.
∙ 2017 ഫെബ്രുവരി 4 ലെ ഉത്തരവ് പ്രകാരം പുതുക്കിയ ഭരണാനുമതി നൽകി.
∙ 2017 മേയ് 16ന് കിഫ്ബി ഡിപിആർ അംഗീകരിച്ച് സ്ഥലം ഏറ്റെടുക്കലും പാലം പണിയും ഉൾപ്പെടെ 19.6 കോടി രൂപയ്ക്ക് സാമ്പത്തിക അനുമതിയും നൽകി. ആവശ്യമായ സ്ഥലം റെയിൽവേ നേരത്തെ ഏറ്റെടുത്തിരുന്നതിനാൽ പിന്നീട് പാലം പണിയുടെ ചെലവ് മാത്രമാണ് സർക്കാർ വഹിക്കേണ്ടിയിരുന്നത്. പാലം നിർമാണത്തിന് കണക്കാക്കിയ തുക 14 കോടിയാണ്.
∙ 2018 ഫെബ്രുവരി 16ന് മേൽപാലം നിർമിക്കാൻ റെയിൽവേയുടെ അനുമതി തേടിയെങ്കിലും അംഗീകാരം
കിട്ടിയില്ല.
∙ 2022 മാർച്ച് 28ന് മൂന്നും നാലും ലൈനുകൾ ഉൾപ്പെടുത്തി പാലത്തിന്റെ ഡ്രോയിങ് പരിഷ്കരിക്കാൻ റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷനോട് റെയിൽവേ ആവശ്യപ്പെട്ടു.
∙ 2023 ജനുവരി 13ന് പരിഷ്കരിച്ച ഡ്രോയിങിന് റെയിൽവേ അംഗീകാരം നൽകി.
∙ 2023 ഫെബ്രുവരിയിൽ മേൽപാലത്തിന്റെ നിർമാണം നടത്താൻ കോർപറേഷന് റെയിൽവേ അനുമതി നൽകി.
∙ 2023 നവംബർ 6 ന് സാങ്കേതികാനുമതി.
∙ 2024 ഫെബ്രുവരി 16 ന് പ്രവൃത്തി ടെൻഡർ ചെയ്തു.
∙ 2024 ഫെബ്രുവരി 27ന് പ്രധാനമന്ത്രി തറക്കല്ലിട്ടു.
∙ 2024 മാർച്ച് 29 ആയിരുന്നു ബിഡ് സമർപ്പിക്കാനുള്ള അവസാന തീയതി. അത് മേയ് 2 വരെ നീട്ടിയെങ്കിലും ഒന്നും ലഭിച്ചില്ല.
∙ 2024 ജൂൺ 27ന് റീ ടെൻഡർ ചെയ്തു. ഓഗസ്റ്റ് 17ന് ടെക്നിക്കൽ ബിഡ് തുറന്നപ്പോൾ ഒരു കൺസ്ട്രക്ഷൻ കമ്പനിയുടെ ക്വാട്ട് മാത്രമാണ് ലഭിച്ചത്. ക്വോട്ട് ചെയ്തത് 17.5 കോടി. 14 കോടിയുടെ എസ്റ്റിമേറ്റ് നിരക്കിനേക്കാൾ 22.26 ശതമാനം കൂടുതൽ. തുടർന്ന് നിരക്ക് കുറയ്ക്കാൻ കോർപറേഷൻ ആവശ്യപ്പെട്ടു.
∙ ഇത് 17.4 കോടിയായി കുറച്ചെങ്കിലും എസ്റ്റിമേറ്റ് തുകയിൽ 21.56 ശതമാനം കൂടുതൽ. ഈ ടെൻഡർ തുകയ്ക്ക് മന്ത്രി സഭാ അംഗീകാരം തേടി ഡിസംബർ 4ന് മുഖ്യമന്ത്രിക്ക് നൽകിയ കത്തിനുള്ള മറുപടിയാണ് ഇപ്പോൾ അനന്തമായി നീളുന്നത്.