റോഡ് നവീകരണം: ശുദ്ധജല പൈപ്പിന് മുകളിൽ ഓവുചാൽ നിർമിച്ചെന്ന് ആക്ഷേപം

Mail This Article
നീലേശ്വരം ∙ റോഡ് നവീകരണത്തിനിടെ കുടിവെള്ളപൈപ്പിന് മുകളിൽ ഓവുചാൽ നിർമിച്ചതായി ആക്ഷേപം. ദേശീയപാത വികസനം, ശ്രീവത്സം-തളിയിലമ്പലം റിങ് റോഡ് എന്നിവയുടെ നിർമാണം പൂർത്തിയാവുമ്പോഴേക്ക് നീലേശ്വരത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ളം മുട്ടുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. നഗരത്തിലെ മെയിൻ ബസാർ- തെരു- പൊലീസ് സ്റ്റേഷൻ വഴി ദേശീയപാത മുറിച്ച് കടന്ന് എൻകെബിഎം സ്‌കൂളിന് അരികിലൂടെയാണ് നിലവിൽ ഓർച്ച, ആനച്ചാൽ, കോട്ടപ്പുറം എന്നിവിടങ്ങളിലേക്ക് വാട്ടർ അതോറിറ്റിയുടെ പ്രധാന കുടിവെള്ള വിതരണ പൈപ്പ് കടന്നുപോവുന്നത്.
നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ പലപ്പോഴായി പൈപ്പിന് കേടുപാടുകൾ വന്നിട്ടുണ്ട്. ഓവുചാൽ നിർമാണം പൂർത്തിയായ പല സ്ഥലങ്ങളിലും ഓവുചാലിന്റെ അടിയിലാണ് പൈപ്പ് ഉള്ളത്. ഭാവിയിൽ എന്തെങ്കിലും രീതിയിലുള്ള ചോർച്ചയോ മറ്റ് തടസ്സങ്ങളോ ഉണ്ടായാൽ പരിഹരിക്കാൻ ഇതുമൂലം ബുദ്ധിമുട്ടായിരിക്കും. റോഡ് നിർമാണം സംബന്ധിച്ച് അവസാന നിമിഷമാണ് അറിയിപ്പ് ലഭിച്ചത്. നിലവിൽ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട് എന്നും നഗരസഭാ ഉദ്യോഗസ്ഥരുമായി സംസാരിച്ച് റോഡ് ടാറിങ് പ്രവൃത്തിക്ക് മുൻപ് തന്നെ പൈപ്പ് മാറ്റി സ്ഥാപിക്കാനുള്ള നടപടി ഉണ്ടാവുമെന്നും ജല അതോറിറ്റി അധികൃതർ അറിയിച്ചു.