കച്ചേരിക്കടവ് പാലം നിർമാണം തുടങ്ങി; പണി പൂർത്തിയായാൽ ഗതാഗത തടസ്സത്തിന് പരിഹാരം

Mail This Article
നീലേശ്വരം ∙ നീലേശ്വരത്തുകാരുടെ ചിരകാല അഭിലാഷമായ കച്ചേരിക്കടവ് പാലത്തിന്റെ നിർമാണം ആരംഭിച്ചു. 9 സ്പാനുകളിലായാണ് 181 മീറ്റർ നീളമുള്ള പാലത്തിന്റെ നിർമാണം. നീലേശ്വരം നഗരസഭാ കെട്ടിടത്തിനു മുന്നിൽ നിന്നാരംഭിച്ച് നെടുങ്കണ്ട കുമ്മായക്കമ്പനിയുടെ മുന്നിൽ അവസാനിക്കുന്ന പാലം യാഥാർഥ്യമായാൽ വാഹനങ്ങൾക്ക് മാർക്കറ്റ് ചുറ്റാതെ എളുപ്പത്തിൽ ചന്ത വഴി രാജാറോഡിലേക്ക് പ്രവേശിക്കാനാകും. വലിയ വാഹനങ്ങൾ കടന്ന് പോകുമ്പോൾ ചന്തയുടെ ഭാഗത്ത് സ്ഥിരമായി ഉണ്ടാകാറുള്ള ഗതാഗത തടസ്സത്തിനു കൂടി ഇതോടെ പരിഹാരമാകും.

പാലത്തിന്റെ നടുവിൽ ഉയരം കൂടിയ ഭാഗത്ത് 55 മീറ്റർ നീളത്തിലുള്ള സ്പാൻ ‘ബൗസ്ട്രിങ് ഗർഡർ’ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പണിയുന്നത്. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണിയുന്ന ജില്ലയിലെ ആദ്യത്തെ പാലമാണിത്. ഭാവിയിൽ ജലഗതാഗതത്തിന് സഹായകമാകുന്ന രീതിയിൽ വേണം നിർമാണം എന്ന ഇൻലാൻഡ് നാവിഗേഷൻ വകുപ്പിന്റെ നിർദേശാനുസരണം നാഷനൽ വാട്ടർലൈൻ സ്റ്റാൻഡേർഡ്-3 പ്രകാരമാണ് പ്രവൃത്തികൾ നടക്കുന്നത്. 20.4 കോടി ബജറ്റിൽ കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് കേരള റോഡ് ഫണ്ട് ബോർഡാണ് പാലം നിർമിക്കുന്നത്. 6 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.