പതിനായിരങ്ങൾ സാക്ഷി, രാമവില്യം കഴകം പെരുങ്കളിയാട്ടത്തിന് പൊലിമയേറിയ സമാപനം

Mail This Article
തൃക്കരിപ്പൂർ∙ നാടിന്നധിപയെന്നു പ്രകീർത്തിക്കപ്പെടുന്ന പടയ്ക്കെത്തിയ ഭഗവതിയുടെയും പിന്നാലെ ആര്യക്കര ഭഗവതിയുടെയും നാൽപത്തീരടി തിരുമുടികൾ ആകാശനീലിമയിലേക്കുയർന്നു. പതിനായിരങ്ങളെ സാക്ഷിയാക്കി തൃക്കരിപ്പൂർ രാമവില്യം കഴകം പെരുങ്കളിയാട്ടത്തിനു പൊലിമയേറിയ സമാപനം. പൈതങ്ങളെ കണ്ട് അനുഗ്രഹം ചൊരിയാനെത്തിയ ഭഗവതിമാരുടെ തിരുമുടികൾ വാനിലുയർന്നപ്പോൾ ശരണമന്ത്രങ്ങളുയർന്നു. പുരുഷാരം കൈകൂപ്പി.

തലേന്നാൾ രാത്രി മുതൽ കഴകത്തിലേക്ക് അണമുറിയാതെ ഒഴുക്കായിരുന്നു. രണ്ടര ദശാബ്ദം കഴിഞ്ഞെത്തിയ പെരുങ്കളിയാട്ടത്തിന്റെ സമാപനത്തിൽ രാവിലെ നിശ്ചയിച്ച മുഹൂർത്തിൽ മണക്കാട്ട് തറവാട്ടിൽനിന്നു വലിയ കലശം കഴകത്തിലെത്തിയതോടെ പടയ്ക്കെത്തിയ ഭഗവതി തിരുമുടിയേറ്റി. ഇതോടെ തിങ്ങിക്കൂടിയ ഭക്തജനങ്ങൾ ആരവത്തിലേക്കുയർന്നു. ഭീമാകാരമായ തിരുമുടിയിൽ ഭഗവതി നടനം ചെയ്തു. ഋതുമാംഗല്യത്തിനു മിന്നുമായി അരികിലെത്തുന്ന അന്തിത്തിരിയനു വാലായ്മയുണ്ടാകുമെന്നു പുരാവൃത്തം.
ഭഗവതിയുടെ മാംഗല്യം മുടങ്ങിയതിന്റെ സൂചകമായി മിന്ന്, തളികയിൽ തിരികെ വച്ചു. മംഗലക്കുഞ്ഞുങ്ങളും ചെറുകലശങ്ങളും ഒപ്പം വാല്യക്കാർ പൂർണ കലശവുമേന്തി വലംവച്ചു. പിന്നാലെ ആര്യക്കര ഭഗവതിയുടെ ഉൗഴമായി. നിശ്ചയപ്രകാരം നീൾമുടിയേറ്റിയ ആര്യക്കര ഭഗവതി കഴക പ്രദക്ഷിണം നടത്തി. നടനം കഴിഞ്ഞു ദേവിമാർ ഭക്തജനങ്ങൾക്ക് ദർശനവും അനുഗ്രഹവും പകർന്നു. അനുഗ്രഹത്തിന്റെ അരിച്ചാർത്തേറ്റ് കാണിക്കയിട്ട് ഭഗവതിമാരുടെ പ്രസാദം സ്വീകരിക്കാൻ അഭൂതപൂർവമായ തിരക്കനുഭവപ്പെട്ടു. നട്ടുച്ചയിൽ തുടങ്ങി രാത്രി വരെ നീണ്ടു ദർശനം.