അച്ചാറിൽ അനുവദനീയമായതിലും അധികം രാസവസ്തു; 25000 രൂപ പിഴചുമത്തി

Mail This Article
കാസർകോട് ∙ അച്ചാർ കേടാകാതിരിക്കാൻ അനുവദനീയമായതിൽ അധികം രാസവസ്തു (ബെൻസോയേറ്റ്) ചേർത്തതിന് കടയുടമയ്ക്കും ഉൽപാദകനും പിഴ. ഉൽപാദകരായ ഇടുക്കിയിലെ കെജിഇഇഎസ് ഫൈൻഡ് ഫുഡ്സ് ഉടമ കട്ടപ്പന കുര്യൻമല ഉഷസ്സിൽ സജ്നി സജൻ (58) 25000 രൂപയും കാസർകോട് ഫാത്തിമ ആർക്കേഡിലെ മെട്രോ റീട്ടെയ്‌ലേഴ്സ് ഉടമകളായ കോഴിക്കോട് പുതിയങ്ങാടി മാളിയേക്കൽ ഹൗസിൽ എം.നിമേഷ് (32), കണ്ണൂർ ചിറക്കൽ കാട്ടാമ്പള്ളി ഗ്രേസിൽ സി.എച്ച്.മുഷീർ എന്നിവർക്ക് 5000 രൂപയുമാണ് കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി പിഴ വിധിച്ചത്.
ഭക്ഷ്യസുരക്ഷാ ഓഫിസർ കെ.പി.മുസ്തഫ 2021 നവംബർ 26ന് നടത്തിയ പരിശോധനയിലാണ് കണ്ണിമാങ്ങാ അച്ചാറിൽ അനുവദനീയമായതിലും കൂടുതൽ രാസവസ്തു കണ്ടെത്തിയത്. രാസവസ്തു ചേർത്താൽ കുറഞ്ഞത് 2 വർഷത്തേക്ക് ഉൽപന്നങ്ങൾ കേടുകൂടാതെ നിൽക്കും. അളവിലും കൂടുതൽ സോഡിയം ബെൻസോയേറ്റ് ഉപയോഗിക്കുന്നത് അലർജി, ശ്രദ്ധക്കുറവ്, ചൊറിച്ചിൽ, വീക്കം തുടങ്ങിയവയ്ക്കു കാരണമാകാം.