ബെംഗളൂരുവിലെ ‘ചോർ ഇമ്രാൻ’ കേരളത്തിലേക്ക് കടന്നോ? കർണാടക പൊലീസിന്റെ ഹിറ്റ് ലിസ്റ്റിൽപ്പെട്ടയാൾ

Mail This Article
മുള്ളേരിയ ∙ എക്സൈസ് മൊബൈൽ സ്ക്വാഡ് പിന്തുടർന്നപ്പോൾ മുള്ളേരിയ ബെള്ളിഗെയിൽ അപകടത്തിൽപ്പെട്ട കാർ ഉപേക്ഷിച്ചു കടന്നുകളഞ്ഞതു ബെംഗളൂരു പൊലീസിനു തലവേദനയായ കുപ്രസിദ്ധ മോഷ്ടാവ് യാസിൻ ഖാനും(ചോർ ഇമ്രാൻ–37) കൂട്ടാളിയുമെന്നു സൂചന. ഉപേക്ഷിക്കപ്പെട്ട കാറിൽനിന്നു യാസിൻ ഖാന്റെ ആധാർ കാർഡ് കണ്ടെത്തിയതാണു സംശയത്തിനു കാരണം. യാസിന്റേത് ഉൾപ്പെടെ കർണാടക സ്വദേശികളായ 3 പേരുടെ ആധാർ കാർഡും ഒരാളുടെ ഡ്രൈവിങ് ലൈസൻസുമാണു കാറിൽനിന്നു കണ്ടെത്തിയത്. ഇതിൽ ഒരാൾ സ്ത്രീയാണ്. പക്ഷേ 2 പേർ മാത്രമേ കാറിലുണ്ടായിരുന്നുള്ളൂ. എക്സൈസ് പിന്തുടർന്ന കാർ റോഡിലെ ഡിവൈഡറിലിടിക്കുകയും മുൻവശത്തെ ടയർ പൊട്ടുകയും ചെയ്തതോടെ 2 പേരും ഇറങ്ങിയോടുകയായിരുന്നു.
കവർച്ചയ്ക്കുശേഷം മോഷണമുതലുകൾ വിൽക്കാൻ മുംബൈയിലെത്തുന്നതു യാസിന്റെ രീതിയാണ്. അതുവച്ചു നോക്കുമ്പോൾ കാറിലുണ്ടായിരുന്ന ഒരാൾ യാസിനായിരിക്കാമെന്നാണു കരുതുന്നത്. അതേസമയം, കേരളത്തിൽ ഇയാൾക്കെതിരെ കേസുകളില്ലെന്നാണു പ്രാഥമിക സൂചനകൾ. അതിനാൽ ആഴത്തിലുള്ള അന്വേഷണത്തിലേക്ക് ആദൂർ പൊലീസ് കടന്നിട്ടില്ല. വിവരങ്ങൾ കർണാടക പൊലീസിനെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 20നു ബെംഗളൂരു ജയപ്രകാശ് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട് കുത്തിത്തുറന്ന് ഒരു ലക്ഷത്തിലേറെ രൂപയും സ്വർണവും വെള്ളിയും ഉൾപ്പെടെയുള്ള ആഭരണങ്ങളും കവർന്നിരുന്നു. ഇവയാണോ ഈ കാറിൽനിന്നു ലഭിച്ചതെന്ന് അന്വേഷണത്തിൽ മാത്രമേ വ്യക്തമാവുകയുള്ളൂ. ഇതിനായി ബെംഗളൂരു പൊലീസ് ഉടൻ ആദൂരിലെത്തും.
1,01700 രൂപ, 140 ഗ്രാം സ്വർണം, 339 ഗ്രാം വെള്ളി എന്നിവയാണു കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ചിരുന്ന ബാഗിലുണ്ടായിരുന്നത്. പൂട്ടു തകർക്കാൻ ഉപയോഗിക്കുന്ന 2 ചുറ്റിക, പൊട്ടിച്ച ഒരു പൂട്ട്, ഡ്യൂപ്ലിക്കറ്റ് താക്കോൽക്കൂട്ടം, കട്ടർ, കത്തി എന്നിവയും 4 മൊബൈൽ ഫോണുകളും ലഭിച്ചിരുന്നു. കാറിന്റെ കർണാടക റജിസ്ട്രേഷൻ നമ്പർ വ്യാജമാണെന്നും മഹാരാഷ്ട്ര റജിസ്ട്രേഷൻ കാറാണ് ഇതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പിടിച്ചെടുത്ത സാധനങ്ങൾ പൊലീസ് കോടതിയിൽ ഹാജരാക്കി.
യാസിൻ ഖാൻ
ചോർ ഇമ്രാൻ, ഇമ്മു തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന യാസിൻ ഖാൻ മൈസൂരു രാജീവ് നഗർ സ്വദേശിയാണ്. ബെംഗളൂരു കെജി ഹള്ളിയിലാണു താമസം. ബെംഗളൂരുവിൽ മാത്രം ഇയാൾക്കെതിരെ വീട് കുത്തിത്തുറന്നു മോഷണം ഉൾപ്പെടെ 26 കേസുകളുണ്ട്. മുംബൈ, ഗോവ, ഹൈദരാബാദ്, സോളാപുർ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 80ലേറെ കേസുകൾ ഇയാൾക്കെതിരെയുള്ളതായി പൊലീസ് പറയുന്നു. 6 കേസുകളിൽ പൊലീസ് പിടികൂടിയെങ്കിലും ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച തുടരുന്ന ഇയാൾ കർണാടക പൊലീസിന്റെ ഹിറ്റ് ലിസ്റ്റിൽപ്പെട്ടയാളാണ്.
2005 മുതലാണു മോഷണ പരമ്പരകൾ തുടങ്ങുന്നത്. മോഷണമുതലുകൾ വിറ്റുകിട്ടിയ പണം ആർഭാട ജീവിതത്തിനാണ് ഉപയോഗിക്കുന്നത്. പൊലീസ് പരിശോധന കുറഞ്ഞ വഴി എന്ന നിലയിലായിരിക്കാം ചെർക്കള–ജാൽസൂർ റോഡ് മുംബൈയിലേക്കു പോകാൻ തിരഞ്ഞെടുത്തത്. വീടുകളുടെ പൂട്ട് തകർത്ത്, തനിച്ചു കവർച്ച നടത്തുന്നതാണു രീതി. യാസിനെതിരെ കേരളത്തിൽ കേസുകളുണ്ടോ എന്നും ഇയാൾക്കു കാസർകോട് ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കാർ ഓടിച്ചയാൾ എക്സൈസ് കൈ കാണിച്ചപ്പോൾ ‘എന്താ സാറേ’ എന്നു മലയാളത്തിൽ സംസാരിച്ചതാണ് ഇതിനു കാരണം.