കണ്ണീരിൽ മുങ്ങുമോ, വിഷുവും ഈസ്റ്ററും

Mail This Article
കാസർകോട് ∙ വേതനം കിട്ടാത്തതിനാൽ സർവേ വകുപ്പിന്റെ കീഴിൽ ഡിജിറ്റൽ സർവേയിൽ ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാരുടെ വിഷു, ഈസ്റ്റർ ആഘോഷങ്ങളിൽ കണ്ണീരിൽ വീഴുമോ? ജില്ലയിലെ കാസർകോട്, കുമ്പള, മഞ്ചേശ്വരം എന്നിവിടങ്ങളിലെ റീസർവേ സൂപ്രണ്ട് ഓഫിസിനു കീഴിലായി നൂറ്റിഅൻപതോളം ജീവനക്കാരാണു ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ വേതനം കിട്ടാതെ പ്രയാസത്തിലുള്ളത്. എല്ലാം മാസവും അഞ്ചിനുള്ളിൽ കിട്ടേണ്ട വേതനമാണു മുടങ്ങിയത്. ഫെബ്രുവരിയിലെ വേതനം നൽകാൻ ജില്ലയിലെ സർവേയർമാർക്ക് 10.77 ലക്ഷം രൂപ അടക്കം 26.57 ലക്ഷം രൂപ ലാൻഡ് റവന്യു കമ്മിഷണറുടെ കാര്യാലയത്തിൽ ഏപ്രിൽ 3ന് അനുവദിച്ച് ഉത്തരവായിരുന്നു.
എന്നാൽ ഇന്നലെ വൈകിട്ടുവരെ അക്കൗണ്ടുകളിലേക്കു പണം എത്തിയിട്ടില്ലെന്നു ജീവനക്കാർ പറഞ്ഞു. സാങ്കേതിക പ്രശ്നമാണു വേതനം വൈകാൻ കാരണമെന്നും 2 മാസത്തെ വേതനം 2 ദിവസത്തിനുള്ളിൽ കിട്ടുമെന്നും അധികൃതർ അറിയിച്ചു. സർവേയർമാർക്ക് 25000, ഹെൽപർക്ക് 18,000 രൂപ എന്നിങ്ങനെയാണു വേതനം. സർവേ നടത്തേണ്ട ഓരോ സ്ഥലങ്ങളിലേക്കുള്ള യാത്രക്കൂലി ഉൾപ്പെടെ ദിവസം മൂന്നൂറോളം രൂപ വരെ ചെലവാകുന്നവരുണ്ട്. ഈ തുക പോലും കടം വാങ്ങേണ്ട സ്ഥിതിയുണ്ടെന്നും ഇവർ പറയുന്നു.
ഡിജിറ്റൽ റീസർവേ പദ്ധതി
മുഴുവൻ ഭൂമിയും അളന്നു തിട്ടപ്പെടുത്തി സമഗ്ര ഭൂരേഖ തയാറാക്കാനുള്ളതാണ് ‘എന്റെ ഭൂമി’ ഡിജിറ്റൽ റീ സർവേ പദ്ധതി. സർവേയർമാർ, ഹെൽപർമാർ എന്നിങ്ങനെയാണു നിലവിൽ ഓരോ ക്യാംപിലുമുള്ളത്. ഇതിനുപുറമേ കരാർ അടിസ്ഥാനത്തിൽ വാഹനം ഓടുന്നതിനുള്ള 2 മാസത്തെ തുകയും നൽകാനുണ്ട്. ഐടിഐ, ബിടെക്, പോളിടെക്നിക് യോഗ്യതയുള്ളവരാണു സർവേയർമാർ.